കൊട്ടാരക്കര: യോഗയും സൂര്യനമസ്കാരവും വര്‍ഗീയമാണെന്ന കണ്ടെത്തല്‍ ഇസ്ലാം ക്രൈസ്തവ മതവിഭാഗങ്ങളെ അപമാനിക്കലാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍. പാഠ്യപദ്ധതിയില്‍ നിന്ന് ഇവ രണ്ടും ഒഴിവാക്കണമെന്നാണ് എന്‍സിഇആര്‍ടി വിദഗ്ധരുടെ നിര്‍ദേശം. ഇത് മുസ്ലീങ്ങളും ക്രൈസ്തവരും വര്‍ഗീയവാദികളാണെന്നു വരുത്തി തീര്‍ക്കാനേ ഉപകരിക്കൂ. അതിനാല്‍ ഇത്തരം കുബുദ്ധികളുടെ പ്രചാരണത്തിനെതിരെ ഇസ്ലാം-ക്രൈസ്തവ സമൂഹം രംഗത്തു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ സ്വാമിവിവേകാനന്ദ സ്മൃതിപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മറവില്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ നാലാം ദളമെന്ന നിലയിലാണ് മിഷണറി സംഘം ഇന്ത്യയിലെത്തിയത്. അവര്‍ നാടു നന്നാക്കാനാണ് വന്നതെന്ന നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കുകയാണ് ചിലര്‍ ചെയ്യുന്നത്. ഭാരതത്തില്‍ നിലനിന്നിരുന്ന വിജ്ഞാനശാലകള് തകര്‍ത്ത് പള്ളി മതം പ്രചരിപ്പിക്കാനാണ് മിഷണറിസംഘം എത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ തുടര്‍ച്ചയായി രാജ്യത്ത് അരക്ഷിതാവസ്ഥയും ആത്മവിശ്വാസമില്ലായ്മയും നടമാടിയ കാലഘട്ടത്തിലാണ് സ്വാമി വിവേകാനന്ദന്റെ ജനനം. ഹിന്ദുമതത്തെ സംരക്ഷിക്കുകയും അതുവഴി രാജ്യത്തെ രക്ഷിക്കുകയുമാണ് സ്വാമിജി ചെയ്തത്. നിരന്തരമായ പ്രാര്‍ഥനയുടെ ഫലമായുണ്ടായ ആദ്യ സന്താനമാണ് അദ്ദേഹം. ആര്യനെന്നത് വംശവാചിയായ ശബ്ദമല്ല മറിച്ച് ഗുണവാചിയാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രൈസ്തവ മതമാണ് വിശ്വമതമെന്ന് സ്ഥാപിക്കാനുള്ള ദുരുദ്ദേശ്യത്തിന്റെ അടിവേരറുക്കുകയാണ് സ്വാമി വിവേകാനന്ദന് ചെയ്തത്. എല്ലാ ക്ഷേത്രസദസ്സുകളിലും വിവേകാനന്ദസ്വാമികളുടെ ദര്‍ശനങ്ങളും ജീവിതവും ചര്‍ച്ച ചെയ്യണം. ഹിന്ദുത്വത്തിന്റെ വിശാലദര്‍ശനത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വം സനാതനമാണെന്നും അതിനെ രക്ഷിക്കാന്‍ ആരുടെയും ശ്രമം വേണ്ടെന്നും വാദിക്കുന്ന ചില മതേതരന്മാരുണ്ട്. ഹിന്ദുത്വത്തില്‍ ജീവിക്കുന്ന സമൂഹം നിലനില്‍ക്കുകയാണ് അത് സനാതനമാകാനുള്ള കാരണം. ഭാരതം രക്ഷപ്പെടണമെങ്കില്‍ ഹിന്ദുത്വം രക്ഷിക്കണം. ഹിന്ദുത്വത്തില്‍ അഭിമാനിക്കുന്ന ജനതയെ സൃഷ്ടിക്കുകയാണ് സ്വാമി വിവേകാനന്ദന് ചെയ്തതെന്ന് ജെ. നന്ദകുമാര്‍ പറഞ്ഞു. ഹിന്ദുവിന്റെ ഈശ്വരന് ആകാശമേലാപ്പിലെ സിംഹാസനത്തില്‍ ചമ്മട്ടിയുമായിരിക്കുന്ന ഏകാധിപതിയല്ല. തന്റെ മതം മാത്രം ശരിയെന്ന ശഠിക്കുന്ന കിണറ്റിലെ തവളയല്ല ഹിന്ദു. ഈശ്വരനെ അറിയുകയും പൂര്‍ണത പ്രാപിക്കുകയുമാണ് ഹിന്ദുവിന്റെ പ്രാര്‍ഥനയുടെ ലക്ഷ്യം. സ്വര്‍ഗസ്ഥനായ പിതാവിനോളം ഉയരാനുള്ള നിരന്തര പ്രയത്നമാണതെന്ന് ചിക്കാഗോയിലെ പ്രസംഗത്തില്‍ വിവേകാനന്ദന് പറഞ്ഞു. എന്തു പറഞ്ഞാലും തലകുനിച്ച് സ്വീകരിക്കുന്നതല്ല ഹിന്ദുവിന്റെ രീതി. നിരന്തരമായ ചോദ്യം ചെയ്യലാണത്. ഹിന്ദുത്വം അന്തിമ ഫലമല്ല, നിരന്തര പ്രക്രിയയാണെന്ന് നന്ദകുമാര്‍ പറഞ്ഞു.
പാവങ്ങളെക്കുറിച്ചുള്ള ചിന്തയായിരുന്നു അദ്ദേഹത്തിനെപ്പോഴും. രാജ്യത്താസകലമുള്ള യുവാക്കളെ ഉണര്‍ത്തുകയും ആത്മവിശ്വാസം പകരുകയും ചെയ്ത സ്വാമിജി പിന്നാക്കം നില്‍ക്കുന്നവരെ ഒപ്പമുയര്ത്താന് ആഹ്വാനം ചെയ്തു. മിഷണറി സംഘത്തിന്റെ കടന്നാക്രമണത്തില്‍ ചിതറിപ്പോയ സമൂഹമാണത്. നിലനില്ക്കാന് വേണ്ടി മാത്രം പിന്നാക്കമായിപ്പോയവരാണവര്. മതം മാറിയാല്‍ അവര്‍ക്കും ഉയരാമായിരുന്നു. എന്നാല്‍ ഹിന്ദുത്വത്തിന്റെ അടിത്തറയില്‍ ഉറച്ചുനിന്ന അവര്‍ക്കു വേണ്ടിയാണ് അംബേദ്ക്കറും അല്ലാസി കൃഷ്ണസ്വാമി അയ്യങ്കാറും ചേര്‍ന്ന് ഭരണഘടനയില്‍ സംവരണം എഴുതിച്ചേര്‍ത്തത്. ആ സംവരണം മതം മാറിയവര്‍ക്ക് വീതം വയ്ക്കാനാവില്ലെന്നതാണ് ആര്‍എസ്എസിന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.
ജന്മഭൂമി പുറത്തിറക്കിയ ശ്രീവിനായകം വിശേഷാല്‍ പതിപ്പിന്റെ പ്രകാശനം ജെ.നന്ദകുമാര്‍ നിര്‍വഹിച്ചു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റും ആര്‍എസ്എസ് പുനലൂര്‍ ജില്ലാ സംഘചാലകുമായ ആര്. ദിവാകരന് വിശേഷാല്‍ പതിപ്പ് ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: