കൊച്ചി: കൊച്ചി നഗരസഭയിലെ രാമേശ്വരം കോളനിയില്‍ താമസിക്കുന്ന ചക്ലിയര്‍ വിഭാഗത്തിലെ 38 കുടുംബങ്ങള്‍ക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൊച്ചി താലൂക്ക് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഡൊമനിക് പ്രസന്റേഷന് എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് അധ്യക്ഷത വഹിച്ചു.
പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ ചക്ലിയരുടെ നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തത് മൂലം സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതികളും ആനുകൂല്യങ്ങളും ലഭിക്കാതെ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ ഈ വിഭാഗത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ശുപാര്‍ശ സമര്‍പ്പിച്ചത്. അതിനുശേഷം കിര്‍ടാഡ്സ് പ്രത്യേക അന്വേഷണം നടത്തി തയാറാക്കിയ പട്ടികയിലുളളവര്ക്കാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. കോയമ്പത്തൂര്‍ ജില്ലയില്‍ നിന്നും അമ്പതുകള്‍ക്ക് മുമ്പ് കൊച്ചി മുനിസിപ്പാലിറ്റിയില്‍ സ്കാവഞ്ചര്‍ ജോലിക്കായി വന്ന് കുടിയേറിയവരാണ് രാമേശ്വരം കോളനിയിലെ ചക്ലിയര്‍. എന്നാല്‍ ഇതു സംബന്ധിച്ച ആധികാരിക രേഖകളൊന്നും ഇവരുടെ പക്കലുണ്ടായിരുന്നില്ല. 1950ന് മുമ്പ് കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് മാത്രമേ സംസ്ഥാനത്തു നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുള്ളൂ എന്ന വ്യവസ്ഥയാണ് രാമേശ്വരം കോളനിയിലെ ചക്ലിയരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തുന്നതിന് താമസമുണ്ടായത്.
മൊത്തം 78 കുടുംബങ്ങളാണ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നത്. അതില്‍ 38 കുടുംബങ്ങള്‍ക്ക് എല്ലാ തെളിവുകളും സമര്‍പ്പിച്ച സാഹചര്യത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ബാക്കിയുളള കുടുംബങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇവര്‍ക്ക് ലഭിക്കേണ്ട എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും തുടര്‍ന്നും ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ആര്‍ഡിഒ കെ.എന്‍. രാജി, തഹസില്‍ദാര്‍ ഇ.വി.ബേബിച്ചന്, അഡീഷണല്‍ തഹസില്‍ദാര്‍ ആര്.സുകു, കൗണ്‍സിലര്‍മാരായ ഷിജിറോയ്, ആന്റണി കുരീത്തറ, ചക്ലിയന്‍ മഹാസഭ സെക്രട്ടറി കെ.വേണു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: