തിരുവനന്തപുരം: കേരളത്തിലെ പട്ടികജാതി-വര്‍ഗ സഹോദരങ്ങളുടെ വേദന ഏറ്റെടുക്കാന്‍ ഹൈന്ദവ സമൂഹം തയ്യാറാകണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്. ഒരു ഹിന്ദു മതം മാറിയാല്‍ ഒരു സഹോദരനെ നഷ്ടപ്പെട്ടു എന്ന വേദനയും പട്ടികജാതിക്കാരന് മര്‍ദനമേറ്റാല്‍ അത് സ്വന്തം സഹോദരനാണ് ഉണ്ടായതെന്ന ദുഃഖവും ഉളവാക്കുന്ന സാമൂഹ്യാവബോധത്തിലേക്ക് ഹൈന്ദവ സമൂഹം മാറണം. എല്ലാ ഹിന്ദുക്കളുടെയും സ്വത്വം, പാരമ്പര്യം, സംസ്കാരം എന്നിവ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. കെപിഎംഎസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച ഹിന്ദുനവോത്ഥാനവും പിന്നാക്ക പട്ടികവിഭാഗങ്ങളും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതിയേ തീരൂ. ഹിന്ദുക്കള്‍ സംഘടിക്കുന്നതു കൊണ്ട് മറ്റ് മതവിഭാഗങ്ങള്‍ വിറളി പിടിക്കേണ്ട ആവശ്യമില്ല. മുസ്ലീങ്ങളെയോ ക്രിസ്ത്യാനികളെയോ ആക്രമിക്കാനല്ല ഹൈന്ദവര്‍ സംഘടിക്കുന്നത്. പട്ടികജാതി പിന്നാക്ക വിഭാഗങ്ങള്‍ മുഖ്യധാരയിലേക്ക് കടന്നു വന്ന് അന്തസ്സോടെ ജീവിക്കുന്നതിനാണ്. മതന്യൂനപക്ഷങ്ങള്‍ക്ക് അധികാരത്തിന്റെ പിന്‍ബലവും വിദേശപണവുമുണ്ട്. കഴിഞ്ഞ വര്‍ഷം കേരളത്തിലേക്കു വന്ന വിദേശപണം 8000 കോടിയാണ്. ഈ പണം എങ്ങോട്ടു പോകുന്നു എന്ന് അന്വേഷിക്കുന്നില്ല. ഇതു കൊണ്ട് സമാന്തരസമ്പദ് വ്യവസ്ഥയാണ് കെട്ടിപ്പടുക്കുന്നത്. ഈ പണത്തിലൂടെ മെഡിക്കല്‍-ഇഞ്ചിനീയറിംഗ് കോളേജുകള്‍ തുടങ്ങുമ്പോള്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ ആദ്യത്തെ വ്യവസ്ഥ സംവരണം പാടില്ലായെന്നാണ്. ഇതിലൂടെ പിന്നാക്ക വിഭാഗങ്ങളെ മുഴുവന്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തു നിന്നും അകറ്റുകയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ പത്തു വര്‍ഷം കഴിഞ്ഞാല്‍ ഡോക്ടര്‍മാരും ഇഞ്ചിനീയര്മാരുമായി പുറത്തിറങ്ങുന്നവര്‍ മുഴുവന്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളുമായിരിക്കും. അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘടിത വോട്ടു കിട്ടുന്നതു കൊണ്ടാണ് പട്ടികജാതി വിഭാഗങ്ങളുടെ അവകാശം ധ്വംസിക്കുന്നത്. നമ്മുടെ ശത്രുക്കള്‍ ആരാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസം, വ്യവസായം, ഭൂമി എന്നീ മേഖലകള്‍ ന്യൂനപക്ഷം കയ്യടക്കുകയാണ്. സംഘടിത മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ ഒരു സാംസ്കാരിക നായകനും തയ്യാറാകുന്നില്ല. തിരുവനന്തപുരത്തെ ഒരു സ്കൂളില്‍ ഹിന്ദുകുട്ടിയുടെ കയ്യില്‍ ജിഹാദ് എന്ന് കാമ്പസു കൊണ്ട് വരച്ചിട്ട് ഒരു നടപടിയും എടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ബാലരാമപുരത്ത് ഒരു ഹിന്ദു പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടി മാരകമായി പരിക്കേല്‍പ്പിച്ചിട്ടും സംഭവം അന്വേഷിക്കാന്‍ ഒരു എംഎല്‍എ പോലും തയ്യാറായിട്ടില്ല. അഞ്ചു വര്‍ഷം മുമ്പ് കരുനാഗപ്പള്ളിയില്‍ നിന്നും പോയ ബോട്ടില്‍ കപ്പലിടിച്ച് പരിക്കേറ്റ അഞ്ച് ഹിന്ദു സഹോദരങ്ങള്‍ക്ക് ഒരു രൂപ പോലും സഹായം കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പാലക്കാട് കഴിഞ്ഞ ദിവസം ഗണപതി ക്ഷേത്രത്തില്‍ ബോംബെറിഞ്ഞിട്ട് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞിട്ടില്ല. പട്ടിണി, മരണം, ബോംബേറ് ഇതിലൊക്കെ മതവിവേചനം കാണിക്കുന്ന ഭരണകൂടമാണ് കേരളത്തിലുള്ളത്. അദ്ദേഹം പറഞ്ഞു.
ഹിന്ദുനവോത്ഥാനത്തിന്റെ അര്‍ഥം മനുഷ്യത്വം എന്നാണ്. കേരളത്തില്‍ മനുഷ്യത്വം തിരികെ കൊണ്ടു വരണം. പട്ടികജാതി വിഭാഗങ്ങളില്‍ നിന്ന് മതം മാറിപ്പോയി എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കുന്നവര്‍ക്ക് വീണ്ടും സംവരണം വേണമെന്നു പറയുന്നത് മനുഷ്യത്വമില്ലായ്മയാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യനെ വേര്‍തിരിച്ച് മതവിവേചനം കാട്ടുന്നത് അനുവദിച്ചു കൂടാ. കെപിഎംഎസ് ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അടിയന്തരമായി പരിഹരിക്കണം. കെപിഎംഎസ് എന്ന സംഘടന വലിയ വടവൃക്ഷമാണ്. വൃക്ഷം എത്ര പടര്‍ന്നു പന്തലിച്ചാലും അതിന്റെ തായ്വേര് ഹൈന്ദവം ധര്‍മം മാത്രമാണ്. എന്തു ത്യാഗം സഹിച്ചും ധര്‍മാധിഷ്ഠിതമായ ഈ പ്രസ്ഥാനം നിലനിര്‍ത്താന്‍ ഹിന്ദുക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് ടി.വി.ബാബു അധ്യക്ഷനായിരുന്നു. സംഘടനാ സെക്രട്ടറി തുറവൂര്‍ സുരേഷ് വിഷയാവതരണം നടത്തി. സി.പി.സുഗതന്, മോഹന്‍ ത്രിവേണി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എന്‍.കെ.നീലകണ്ഠന് മാസ്റ്റര്‍ സ്വാഗതവും സെക്രട്ടേറിയറ്റംഗം എം.കെ.ശശിധരന് നന്ദിയും പറഞ്ഞു. സൂര്യദേവ് സംവിധാനം ചെയ്ത മഹാത്മാ അയ്യന്‍കാളി എന്ന ചലച്ചിത്രത്തിന്റെ പ്രിവ്യൂ പ്രദര്‍ശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: