2011ലെ ജനസംഖ്യാപഠനം വേണ്ടവിധത്തില്‍ കേരളീയ സമൂഹം ചര്‍ച്ച ചെയ്തിട്ടില്ല എന്നതാണ് സത്യം. വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത് ജനസംഖ്യാ ആനുപാതികമായിട്ടാവണമെന്നതാണ് ശാസ്ത്രീയം. എല്ലാ വകുപ്പുകളുടെ വികസന അജണ്ടയും തീരുമാനിക്കേണ്ടത് ജനസംഖ്യാ അടിസ്ഥാനത്തിലാണ്. ആരോഗ്യം,വിദ്യാഭ്യാസം, ഗതാഗതം, സാമൂഹ്യക്ഷേമം, റവന്യൂ, കൃഷി, വ്യവസായം നഗരവികസനം, ആഭ്യന്തരം, വ്യവസായം, തൊഴില്‍, ശിശു-വനിതാക്ഷേമം തുടങ്ങിയ ഒട്ടുമിക്കവകുപ്പുകളിലും ജനസംഖ്യ തന്നെയാണ് അടിസ്ഥാന ഘടകം. ജനസംഖ്യയെ അടിസ്ഥാനപ്പെടുത്താതെ നടത്തുന്ന വികസന ആസൂത്രണമാണ്ഇന്നത്തെ വികസനം വികലമാക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വെറും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്ന സങ്കേതങ്ങളും അത് വീതിച്ചെടുക്കുവാനുള്ള അഴിമതി രംഗങ്ങളുമായി തരംതാഴ്ന്നതിന്റെ ഒരു കാരണം വികസനകാര്യത്തിലുള്ള അശാസ്ത്രീയ സമീപനങ്ങളാണ്. അടിസ്ഥാന പഠനങ്ങള്‍ പല വിഷയങ്ങളിലും നടക്കുന്നില്ല. നടക്കുന്ന പഠനങ്ങളോ കാര്യമായി ബജറ്റ് തയ്യാറാക്കുന്നതിലും വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും കണക്കിലെടുക്കാറില്ല താനും. സംസ്ഥാനത്തെ വകുപ്പുകളില്‍ മിക്കവാറും തന്നിഷ്ടപ്രകാരമുള്ള ഭരണമാണ് നടക്കുന്നത്. ഓരോ വകുപ്പും ഓരോ ദിശയിലേക്കാണ് വികസിക്കുന്നത്. കൃത്യമായ ദിശാബോധം ഭരണത്തിന് ഉണ്ടാകണമെങ്കില്‍ കൃത്യമായ കണക്കുകള്‍ വേണം. പ്രത്യേകിച്ചും ജനസംഖ്യയെ സംബന്ധിച്ച ശാസ്ത്രീയ അടിസ്ഥാന വിവരങ്ങള്‍.
ലോകത്ത് 2012 മാര്‍ച്ച് 12 കഴിഞ്ഞപ്പോള്‍ ലോക ജനസംഖ്യ ഏഴ് ശതകോടി കവിഞ്ഞു. 2012 ല്‍ ഭാരതത്തില്‍ 1.22 ശതകോടി ജനങ്ങളുണ്ട്. അതില്‍ 628.8 ദശലക്ഷം ആളുകളാണ് ഉണ്ടായിരുന്നത്. പുരുഷന്മാരും 591.4 സ്ത്രീകളുമുണ്ട്. അതായത് 1000 ആണുങ്ങള്‍ക്ക് 940 പെണ്ണുങ്ങള് എന്നതാണ് സ്ത്രീപുരുഷ അനുപാതം. ഇന്ത്യയില്‍ ജനസംഖ്യയുടെ അമ്പതു ശതമാനത്തിലധികം 25 വയസ്സില്‍ താഴെയുള്ളവരാണ്. ഒരു മിനിറ്റില്‍ 51 കുട്ടികള്‍ ജനിക്കുന്നുണ്ട്. ഭാരതം സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ 350 ദശലക്ഷം ആളുകളാണ് ഉണ്ടായിരുന്നത്. 2001 ല്‍ അത് 1.02 ശതകോടിയാകുകയും 2011 ല്‍ 1.21 ശതകോടിയിലെത്തുകയും 2012 ല്‍ 1.22 ശതകോടിയാകുകയും ചെയ്തിരിക്കുന്നു. നമ്മുടെ ജനസംഖ്യയുടെ 65 ശതമാനത്തിലധികം 35 വയസ്സില്‍ താഴെയുള്ളവരായതിനാല്‍ ശരിക്കും ആസൂത്രണം ചെയ്താല്‍ സാമ്പത്തികമായി ലോകത്തില്‍ ഒന്നാമനാവാന്‍ ഇന്ത്യക്ക് യാതൊരു പ്രശ്നവുമില്ല. കാരണം ജോലി ചെയ്യുവാന്‍ കെല്‍പ്പുള്ളവരാണ് ജനസംഖ്യയിലെ ഭൂരിഭാഗവും എന്നതുതന്നെ. 6.38 ലക്ഷം ഗ്രാമങ്ങളും 5480 പട്ടണങ്ങളും നമുക്കുണ്ട്. 1000 കുട്ടികള്‍ ജനിക്കുമ്പോള്‍ 30 കുട്ടികള്‍ വീതം മരിക്കുന്നുണ്ട്. എന്നിരുന്നാലും 2020 ആകുമ്പോള്‍ ഇന്ത്യയില്‍ 1.4 ശതകോടി ജനങ്ങള്‍ ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ 30 സംസ്ഥാനങ്ങളില്‍ യഥാക്രമം ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ ജനസംഖ്യയുള്ളത് എന്നാണ് 2011 ലെ ജനസംഖ്യാ പഠനം രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ചതുരശ്ര കിലോമീറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അതായത് 1102 ആളുകള്‍ താമസിക്കുന്നത് ബീഹാറിലാണ്. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ബീഹാറികളുടെ കുടിയേറ്റത്തിന്റെ കാരണവും മറ്റൊന്നല്ല. 1952 ല്‍ ഇന്ത്യയില്‍ കുടുംബാസൂത്രണം നടപ്പാക്കി വരുന്നുണ്ടെങ്കിലും ജനസംഖ്യാ വര്‍ധനവിന് വലിയ കുറവൊന്നുമില്ല. ഭാരതത്തിലെ ദാരിദ്ര്യവും വിദ്യാഭ്യാസകുറവും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയും ശിശുമരണനിരക്ക് കുറവും ബംഗ്ലാദേശില്‍നിന്നും നേപ്പാളില്‍നിന്നുമുള്ള കുടിയേറ്റവും നമ്മുടെ ഉയര്‍ന്ന ജനസംഖ്യാ നിരക്കിന് കാരണമായതായി പറയുന്നു. ജനസംഖ്യാ വര്‍ധനവിന്റെ തോതനുസരിച്ച് 2020 ല്‍ ഇന്ത്യ ലോകത്ത് ജനസംഖ്യയില്‍ ഒന്നാമതായിരിക്കും. എന്നാല്‍ ശരിയായ ആസൂത്രണവും വ്യവസായ വല്ക്കരണവും ദിശാബോധവും വികസനകാര്യത്തില്‍ നമുക്ക് ഉണ്ടാകുകയും അഴിമതി എല്ലാ രംഗങ്ങളില്‍നിന്നും തുടച്ചുമാറ്റാനും തൊഴിലില്ലായ്മ കുറക്കാനും കഴിഞ്ഞാല്‍ ഇന്ത്യ വികസിത രാജ്യമായി മാറുവാന്‍ ഒട്ടും കാലതാമസം വേണ്ടിവരില്ല. ഇതിനെല്ലാം അഴിമതിരഹിത ഭരണം നമുക്കുണ്ടാവണം.
ഇന്ത്യയുടെ ജനസംഖ്യാ കണക്കില്‍നിന്നും 2011 ലെ കേരളത്തിലെ ജനസംഖ്യാ കണക്കുകള്‍ വളരെ വിഭിന്നമാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ സ്വയംപര്യാപ്തതയിലെത്തിക്കുവാന് വളരെ എളുപ്പമാണ്. അതിന് അഴിമതിരഹിത, മതേതര സമീപനവും ശാസ്ത്രീയ വികസന കാഴ്ചപ്പാടും അത്യന്താപേക്ഷിതമാണ്. ഇതിന് സംസ്ഥാനത്തിന് വേണം എന്നുവെച്ചാല്‍ കഴിയും. ഭരണത്തിന് ദിശാബോധവും സ്വജനപക്ഷപാതരഹിത സമീപനവും കൂടിയേ തീരൂ. ബജറ്റിലെ പണം വീതം വെച്ച് എടുക്കുന്ന ഇന്നത്തെ രീതി മാറണം. വികസനത്തിന് മാറ്റിവയ്ക്കുന്ന തുകയുടെ 90 ശതമാനമെങ്കിലും അത്തരം പ്രവര്‍ത്തനത്തിന് ലഭിക്കണം. ഇതെല്ലാം ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനുമാകണം. അതുകൊണ്ട് കേരളീയ ഭരണം 2011 ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുവാനും ആകണം. അതുകൊണ്ട് കേരളീയ ഭരണം 2011 ലെ ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിയാകണം. 2011 ലെ ജനസംഖ്യ കണക്കെടുപ്പനുസരിച്ച് കേരളത്തില്‍ 33387677 ആളുകളുണ്ട്. അതില്‍ 1.60 കോടി ആണുങ്ങളും. 1.74 കോടി സ്ത്രീകളുമാണ്. സംസ്ഥാനത്തിന് ഇന്ത്യയുടെ ഭൂവിസ്തീര്‍ണ്ണത്തിന്റെ ഒരുശതമാനം മാത്രമാണുള്ളത്. എന്നാല്‍ രാജ്യത്തിന്റെ ജനസംഖ്യയുടെ മൂന്നു ശതമാനമുണ്ട് കേരളത്തില്‍. ഒരു ചതുരശ്ര കിലോമീറ്ററില്‍ 859 ആളുകള്‍ ഇവിടെ ജീവിക്കുന്നുണ്ട്. ഇത് ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണ്. അതുകൊണ്ടുതന്നെ ജനസാന്ദ്രതയുടെ കാര്യത്തില്‍ കേരളം രാജ്യത്ത് ഏറെ മുന്നിലാണ്. സ്ത്രീ-പുരുഷ അനുപാതം 1000 പുരുഷന്മാര്ക്ക് 1084 സ്ത്രീകള്‍ എന്ന കണക്കിലാണ്. സംസ്ഥാനത്തെ 14 ജില്ലകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മലപ്പുറത്താണ്. മലപ്പുറത്ത് മാത്രം 4110956 ആളുകളുണ്ട്. ജനസംഖ്യയില്‍ രണ്ടാം സ്ഥാനം തിരുവനന്തപുരത്തിനും മൂന്നാം സ്ഥാനം എറണാകുളത്തിനുമാണ്. വനമേഖലയായ വയനാട് ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനത്തെ ജില്ലയാണ്. ഒരു ചതുരശ്ര കിലോമീറ്ററില്‍ 1509 ആളുകളുള്ള തിരുവനന്തപുരം ജില്ലയാണ് ജനസാന്ദ്രതയുടെ കാര്യത്തില്‍ ഏറെ മുന്നില്‍.
സംസ്ഥാനത്തെ 32.3 ശതമാനം ആളുകള്‍ മാത്രമാണ് എന്തെങ്കിലും ജോലി ചെയ്ത് സമ്പാദിക്കുന്നത്. സംസ്ഥാനത്ത് കൂടുതല്‍ ആളുകള്‍ കൃഷിയെ ആശ്രയിച്ച് കഴിയുന്നവരാണ്. സംസ്ഥാനത്തെ ആളുകള്‍ മലയാളം സംസാരിക്കുന്നവരാണ് എങ്കിലും മറ്റു ഭാഷകളും അനായാസം കൈകാര്യം ചെയ്യുവാന്‍ കഴിവുള്ളവരാണ്. 2011 ലെ കണക്കനുസരിച്ച് 2280000 മലയാളികള്‍ വിദേശത്തോ മറ്റു സംസ്ഥാനങ്ങളിലോ താമസിക്കുന്നവരാണ്. അതില്‍ കൂടുതല്‍ പേര് മുസ്ലീമുകളും (45 ശതമാനം) 37.5 ശതമാനം ഹിന്ദുക്കളും 17.5 ശതമാനം ക്രിസ്ത്യാനികളും ഉണ്ട്. കേരളത്തില്‍ 10 ലക്ഷം പേര് അന്യസംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. അത് സംസ്ഥാന ജനസംഖ്യയുടെ മൂന്നു ശതമാനത്തോളമാണ്. ബംഗ്ലാദേശ്, പശ്ചിമബംഗാള്‍, തമിഴ്നാട്, ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും നേപ്പാളില്നിന്നുള്ളവരുമാണിവരില് ഭൂരിപക്ഷവും. പെരുമ്പാവൂരില്‍ വൈകുന്നേരങ്ങളില്‍ മലയാളം കേള്‍ക്കുന്നതിലധികം ബംഗാളിയാണത്രെ കേള്‍ക്കുന്നത് എന്നാണ് ആളുകള്‍ തമാശയ്ക്കാണെങ്കിലും പറയുന്നത്. അതുകൊണ്ടുതന്നെ കുടിയേറ്റ തൊഴിലാളികള്‍ കൂടുതല്‍ വന്നിറങ്ങുന്നിടങ്ങളില് കേരളീയ സംസ്ക്കാരത്തിനും കോട്ടം തട്ടുന്നുണ്ട്. സംസ്ഥാനത്ത് കുട്ടികളില്‍ പല പുതിയ ശീലങ്ങളും ഇതുവഴി കടന്നുകൂടുന്നതായി വിലയിരുത്തപ്പെടുന്നുണ്ട്. കേരളത്തിലെ 85 ശതമാനം സ്ത്രീകളും വിദ്യാസമ്പന്നരാണ്. അതുകൊണ്ട് ശിശുമരണ നിരക്കും കുറഞ്ഞു. ജനനനിരക്കും കുറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ത്രീകളുടെ സ്റ്റാറ്റസ് കേരളത്തില്‍ വളരെ കൂടുതലാണ്.
ഭക്ഷണം, വസ്ത്രം, തൊഴില്‍, വിദ്യാഭ്യാസം, താമസം, ആരോഗ്യം എന്നീ രംഗങ്ങളാണ് ഏറ്റവും കൂടുതല്‍ ജനസംഖ്യയുമായി ബന്ധപ്പെട്ടിരിക്കുന്നത്. കേരളം കാര്‍ഷിക സംസ്ഥാനമായിരുന്നുവെങ്കിലും ഇന്നത് ഉപഭോഗ സംസ്ഥാനമാണ്. കൃഷിഭൂമികള്‍ നികത്തി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് കൊഴുക്കുകയാണ്. നിയമപരമായും നയപരമായും കൃഷി ഭൂമികള്‍ രൂപാന്തരം വരുത്തുന്നതും നികത്തുന്നതും മണ്ണെടുത്ത് ചുട്ട് ഇഷ്ടികയാക്കുന്നതും തടയേണ്ട സര്‍ക്കാര്‍ പലപ്പോഴും മൗനം പാലിക്കുകയോ കൃഷിഭൂമി നഷ്ടപ്പെടുത്തുന്നതിന് ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് വലിയ ആപത്താണ് ക്ഷണിച്ചുവരുത്തുക. സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. മറ്റു സംസ്ഥാനങ്ങളെ കൂടുതലായി ഭക്ഷണത്തിന് ആശ്രയിക്കുന്നത് ഒരു കാലത്ത് വലിയ ദുരന്തങ്ങളാണ് ക്ഷണിച്ചുവരുത്തുക. ഉള്ള കൃഷിഭൂമി നിലനിര്‍ത്തുകയും കൃഷി പ്രോത്സാഹിപ്പിക്കുകയും വിളവിന് വില ലഭ്യമാക്കുകയും നൂതന മാര്‍ഗങ്ങള്‍ കാര്‍ഷിക മേഖലയില്‍ എത്തിക്കുകയും ചെയ്താല്‍ മാത്രമേ വര്‍ധിച്ചുവരുന്ന ജനസംഖ്യയെ തീറ്റിപോറ്റാനാകൂ. അതിനാല്‍ നമ്മുടെ വാര്‍ഷിക ആസൂത്രണത്തിലും ബജറ്റിലും വികസനനയത്തിലും കൃഷിയേയും കര്‍ഷകരേയും സംരക്ഷിക്കുന്ന സമീപനമാണ് വേണ്ടത്. അത് കടലാസ്സിലൊതുങ്ങുന്ന വികസനമാകാതെ പ്രയോഗത്തില്‍ വരുത്തുവാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണം. ഒരാള്‍ക്ക് ഒരുവര്‍ഷം 25 മീറ്റര്‍ തുണി (പ്രതിശീര്‍ഷം)യെങ്കിലും ആവശ്യമുള്ളപ്പോള്‍ 14 മീറ്റര്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അതുകൊണ്ട് ജനസംഖ്യാ വര്‍ധനവും വസ്ത്രത്തിന്റെ കാര്യത്തില്‍ വന്‍കുറവ് നേരിടുന്ന അവസ്ഥയുണ്ടാക്കും. ഇത് കണക്കിലെടുത്ത് വസ്ത്രവ്യാപാര രംഗത്ത് സര്‍ക്കാര്‍ മുതല്‍മുടക്കണം. അത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശ്വാസവും വസ്ത്രവ്യാപാര രംഗത്തെ അമിത കൊള്ളയെ നിയന്ത്രിക്കുവാനും കാരണമാകും.
ജനസംഖ്യാനുപാതികമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പലപ്പോഴും സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. 1970 കളിലും മറ്റും ചെയ്തതുപോലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇനിയും പുനഃസൃഷ്ടിക്കപ്പെടണം. തൊഴിലെടുക്കുന്നവരുടെ പങ്കാളിത്വത്തോടെയായിരിക്കണം എല്ലാ തൊഴില്‍ സംരംഭങ്ങളും നടപ്പിലാക്കാന്‍ എന്നുമാത്രം. വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാര്‍ മുതല്‍മുടക്ക് ഒരിക്കലും സംസ്ഥാനത്തിന്റെ വികസനത്തില്‍ നഷ്ടക്കച്ചവടമാകില്ല. ഒരു സംസ്ഥാനത്തിന്റെ വളര്‍ച്ചയും വികസനവും വിദ്യാസമ്പന്നരായ ജനങ്ങളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. എല്ലാവര്ക്കും താമസസൗകര്യം എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. ജനസംഖ്യാ വളര്‍ച്ച കണക്കിലെടുത്ത് വീട് നിര്‍മാണ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിക്കേണ്ടതുണ്ട്. അതിനായി വിദേശ സഹായങ്ങളും തേടുന്നതില്‍ തെറ്റില്ല. സന്നദ്ധ സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ സര്‍ക്കാരിനെ സഹായിക്കാനാകും. 2016 ല്‍ സംസ്ഥാനത്ത് വീടില്ലാത്തവര്‍ ഉണ്ടാകുവാന്‍ പാടില്ല. ആരോഗ്യമുള്ള ജനങ്ങളാണ് ഏതൊരു രാജ്യത്തിന്റെയും പ്രധാന നേട്ടം. ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്കിയാല് തന്നെ ആരോഗ്യ പ്രശ്നത്തെ ഒരളവുവരെ നേരിടാനാകും. 2011 ലെ ജനസംഖ്യാ വിവരങ്ങള്‍ സംസ്ഥാനത്തിന്റെ വികസനം ആസൂത്രണം ചെയ്യുമ്പോള്‍ കണക്കിലെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സുസ്ഥിര വികസനത്തിനും ജനനന്മയ്ക്കും ഇത് കൂടിയേ തീരൂ.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: