മലപ്പുറം ജില്ലയില്‍ മഞ്ചേരി പട്ടണാതിര്ത്തിക്കുള്ളിലാണ് സഹസ്രാബ്ദത്തോളം പഴക്കമുള്ള അരുകിഴായ ശിവക്ഷേത്രം. തെക്കേ മലബാറിലെ പ്രസിദ്ധ ശിവക്ഷേത്രങ്ങളില്‍ ഒന്നുമാണിത്. ക്ഷേത്രത്തിനു മുന്നില്‍ വാഹനമെത്തും. മഞ്ചേരി പട്ടണത്തില്‍ നിന്നും വായ്പ്പാറപടിയിലൂടെയും ക്ഷേത്രത്തിലെത്താം. വിസ്തൃതമായ ക്ഷേത്രപരിസരം-മഹോത്സവങ്ങള്‍ പലതുകൊണ്ടാടിയ ഒരു കാലഘട്ടത്തിന്റെ മധുര സ്മരണകളുണര്‍ത്തുന്ന മലപ്പുറത്തിന്റെ സിരാകേന്ദ്രമായ മഞ്ചേരി. ഇവിടെ മനോഹരമായ വട്ടശ്രീകോവിലില്‍ മഹാദേവന് കുടികൊള്ളുന്നു. ഒരു ഋഷീശ്വരന് തപസ്സുചെയ്ത് പ്രതൃക്ഷപ്പെട്ട ഉമാ മഹേശ്വര രൂപത്തിലാണെന്ന് സങ്കല്പം. ശ്രീകോവിലിനു മുന്നിലെ മണ്ഡപത്തില്‍ ഋഷഭവുമുണ്ട്. തൊട്ടു വലതുഭാഗത്തായി ഉണ്ണി ഗണപതിയും നാലമ്പലത്തിനു പുറത്ത് തെക്കുഭാഗത്ത് ഭഗവതിയുമുണ്ട്. ഭഗവതി വനദുര്‍ഗ്ഗ സങ്കല്പത്തിലാണ് പടിഞ്ഞാറുഭാഗത്ത് ധര്‍മ്മശാസ്താവും ഗുരുവായൂരപ്പനും ഇടതുഭാഗത്ത് നാഗരാജ പ്രതിഷ്ഠകളുമുണ്ട്. കിഴക്കോട്ട് ദര്‍ശനം. മൂന്നുനേരമാണ് പൂജ. ധാര പ്രധാന വഴിപാടാണ്. രോഗശാന്തിക്കും ദീര്‍ഘായുസ്സിനും മൃത്യൂഞ്ജയഹോമവും സന്താനസൗഭാഗ്യത്തിന് ഉമാമഹേശ്വരപൂജയും സര്വ്വെശ്വര്യസിദ്ധിക്കായി ഉദയാസ്തമന പൂജയും വിശേഷ വഴിപാടുകളാണ്. ധനുമാസത്തില്‍ മൂപ്പെട്ട് വെള്ളിയാഴ്ച ആയിരത്തിയെട്ട് നാളീകേരങ്ങള്‍ കൊണ്ടുള്ള അഷ്ടദ്രവ്യ ഗണപതിഹോമം നടത്തിവരുന്നു. മകരമാസത്തിലെ ആയില്യത്തിന് സര്‍പ്പബലിയും നടക്കാറുണ്ട്.
കുംഭമാസത്തിലാണ് ക്ഷേത്രത്തിലെ ഉത്സവം. ശിവരാത്രിയോടുകൂടി ഏഴുദിവസത്തെ വിവിധ പൂജകളോടെ ശുദ്ധി നടക്കും. കൊടിയേറ്റത്തോടെ അഷ്ടദിക്കിലും ധ്വജസ്ഥാപനമുണ്ട്. ഉത്സവദിവസങ്ങളിലെ പറവെയ്പ് വിശേഷമാണ്. നെല്ല്, അരി, മലര് എന്നിവകൊണ്ടുള്ള പറവെയ്പ് ക്ഷേത്രസന്നിധിയിലാണ്. ഉത്സവകാലത്തെ പൂജകളില്‍ ഭക്തര്‍ക്കു വഴിപാടായി നടത്താന്‍ പ്രത്യേക അര്‍ച്ചനകളും ഒരുക്കിയിരിക്കുന്നു. വിദ്യാഭിവൃദ്ധിക്കും ബുദ്ധിവികാസത്തിനും സല്‍സ്വഭാവത്തിനും സാരസ്വതമന്ത്രവും പുത്രപൗത്രാദി സല്സന്താനഭിവൃദ്ധിക്ക് പുരുഷസൂക്തവും അഷ്ട ഐശ്വര്യത്തിനായി ഭാഗ്യസൂക്തവും യഥാക്രമം ഉച്ചപൂജയ്ക്കും അത്താഴപൂജയ്ക്കും നടത്തുവാനുള്ള സൗകര്യവുമുണ്ട്. നാലാം ദിവസത്തെ ഉത്സവബലി പ്രധാനമാണ്. ശിവരാത്രി ദിവസം ഉച്ചയ്ക്കുശേഷം കാഴ്ച ശിവേലി ക്ഷേത്രാങ്കണത്തില്‍ നിന്നും പുറപ്പെട്ട് നഗരപ്രദക്ഷിണം ചെയ്ത് അരുകിഴായ ക്ഷേത്രത്തില്‍ സമാപിക്കും. ഈ നഗര പ്രദക്ഷിണത്തിന് മാറ്റു വര്‍ദ്ധിപ്പിച്ചുകൊണ്ട് നാദസ്വരവും പഞ്ചവാദ്യവും പൂക്കാവടിയും ശിങ്കാരിമേളവും അകമ്പടിയയുണ്ടാവും. അതുപോലെ ഉത്സവകാലത്ത് ഇവിടെ നടക്കുന്ന ഒറ്റക്കോല് പഞ്ചാരിമേളം പ്രസിദ്ധമാണ്. അതിന്റെ ആസ്വാദ്യലഹരി നുകരാന്‍ അകലങ്ങളില്നിന്നുപോലും ധാരാളം ആളുകള്‍ എത്തിച്ചേരും. ഏഴാംദിവസം വൈകിട്ട് ഏഴുമണിയോടെ ആറാട്ടിന് എഴുന്നെള്ളും. ക്ഷേത്രകുളത്തിലെ ആറാട്ട് കടവില്‍ കേളി കഴിഞ്ഞാല്‍ എട്ടരയോടെ തിരിച്ചെഴുന്നെള്ളും. ചുറ്റുവിളക്കിന്റെ ദീപപ്രഭയില്‍ പാണ്ടിമേളത്തോടൂകൂടി ശിവേലി നടക്കും. കൊടിയിറങ്ങിക്കഴിഞ്ഞാല്‍ കലാശ്ശാഭിഷേകവും അത്താഴപൂജയുമാണ്. അതോടെ ഉത്സവത്തിന് സമാപനമാകും.
പെരിനാട് സദാനന്ദന് പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: