കോഴിക്കോട്: അഞ്ചാം മന്ത്രി വിവാദത്തില്‍ മുസ്ലീം ലീഗിന് മറുപടിയുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ആത്മാഭിമാനം പണയപ്പെടുത്തി മുന്നണിയെ നയിക്കാന്‍ കോണ്‍ഗ്രസിന് ബുദ്ധിമുട്ടുണ്ടെന്ന് പാര്‍ട്ടി വക്താവ് എം.എം ഹസന് വ്യക്തമാക്കി.
മുസ്ലീം ലീഗ് നേതൃത്വത്തിന്റെ പരസ്യപ്രസ്താവന അതിരു കടന്നുവെന്നും സര്‍ക്കാരും മുന്നണിയും മുന്നോട്ട് പോകേണ്ടതിനെക്കുറിച്ച് എല്ലാവരും ചിന്തിക്കണമെന്നും എം.എം ഹസന് പറഞ്ഞു. മുസ്ലീംലീഗ് വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന അഭിപ്രായം കോണ്‍ഗ്രസിനില്ല. എന്നാല്‍ മുന്നണിയിലെ ഘടകകക്ഷികള്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിട്ടുവീഴ്ച ചെയ്യുന്നത് കോണ്‍ഗ്രസാണെന്നും ഹസന് പറഞ്ഞു.
ആട്ടുംതുപ്പും സഹിച്ച് യു.ഡി.എഫില്‍ തുടരില്ലെന്ന കെ.പി.എ. മജീദിന്റെ പ്രസ്താവന അതിരുകടന്നു. ലീഗിലെ മറ്റു നേതാക്കള്‍ ഇടപെട്ടു നിയന്ത്രിക്കേണ്ടതായിരുന്നു. ഇത്തരം പ്രസ്താവന മുന്നണിയുടെ മുന്നോട്ടു പോക്കിനു ഗുണകരമാവില്ല. ഇത്തരം നേതാക്കളെ നിയന്ത്രിക്കാന്‍ ലീഗ് നേതൃത്വം അടിയന്തരമായി ഇടപെടണം.
ലീഗിന്റെ അഞ്ചാം മന്ത്രി സംബന്ധിച്ച് കെ.പി.സി.സി യോഗത്തില്‍ വിയോജിപ്പുകള്‍ ഉണ്ടായിരുന്നു. മന്ത്രിസഭയിലെ സാമുദായിക സന്തുലനം തകര്‍ക്കുമെന്നതായിരുന്നു ഈ വിയോജിപ്പിന്റെ കാരണം. എന്നാല്‍ ലീഗിന് അഞ്ചാം മന്ത്രിയെ നല്കിയതു സംബന്ധിച്ച് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു വിമര്‍ശനവും ഉയര്‍ന്നിട്ടില്ല.
അഞ്ചാം മന്ത്രി പ്രശ്നത്തില്‍ പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന് ഹൈക്കമാന്‍ഡും കെ.പി.സി.സിയും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണെന്നും ഹസന് ചൂണ്ടിക്കാട്ടി. എന്നാല്‍ ലീഗ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്താന്‍ ചിലരെ അഴിച്ചുവിടുന്നു. ഇതു മുന്നണി ബന്ധത്തെ ബാധിക്കും.
മുന്നണി നിലനില്ക്കണമെന്നും സര്‍ക്കാര്‍ അപകടം കൂടാതെ മുന്നോട്ട് പോകണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. യൂത്ത് ലീഗുകാര്‍ നടത്തിയ പ്രകടനങ്ങളും അതില്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും മുന്നണിയുടെ നിലനില്‍പ്പിന് ഹാനികരമായിട്ടുള്ളതായിരുന്നു. മന്ത്രി ആര്യാടന് മുഹമ്മദിനെ മോശമായി ചിത്രീകരിച്ച് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത് ശരിയായില്ലെന്നും ഹസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: