കൊച്ചി: ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്സി കേസില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം പുകയുന്നു. സുപ്രീംകോടതിയില്‍ ഇറ്റലിക്ക് അനുകൂലമായ നിലപാട് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരീന് റാവല്‍ സ്വീകരിച്ചത് കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കയാണ്.
എന്റിക്ക ലെക്സിയില്‍നിന്നുള്ള വെടിയേറ്റ് രണ്ട് മലയാളി മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട വേളയില്‍ കപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ ആയിരുന്നില്ലെന്ന റാവലിന്റെ വാദം വന്‍ വിവാദമായിരുന്നു.റാവലിന്റെ നിലപാടിന് പിന്നില്‍ കേരളത്തിലെ ചില ക്രൈസ്തവമന്ത്രിമാരും കേന്ദ്രവും നടത്തിയ ഗൂഢാലോചനയാണെന്ന് വാര്‍ത്ത വന്നതോടെയാണ് കക്ഷിരാഷ്ട്രീയഭേദമെന്യേ യുപിഎ സര്‍ക്കാരിനെതിരെ രോഷമുയരുന്നത്്. കപ്പല്‍ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ ആയിരുന്നതിനാല്‍ കേസ് കൈകാര്യം ചെയ്യാന്‍ ഇന്ത്യയിലെ കോടതികള്‍ക്ക് അധികാരമില്ലെന്ന ഇറ്റലിയുടെ നിലപാടിന് ബലം പകരുന്നതാണ് എഎസ്ജിയുടെ വാദമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്ത്യന്‍ നിയമപ്രകാരം കേസ് വിചാരണ ചെയ്യാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടെന്ന് കേരളസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെ സുപ്രീംകോടതിയിലുണ്ടായ അസാധാരണ നിലപാടുമാറ്റം പൊതുസമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍, ലത്തീന്‍ കത്തോലിക്കാസഭ, മത്സ്യത്തൊഴിലാളി യൂണിയനുകള്‍ തുടങ്ങിയവയെല്ലാം കേന്ദ്രത്തിെന്റ നിലപാടില്‍ ഞെട്ടലും ആശങ്കയും രേഖപ്പെടുത്തി. പ്രശ്നം കേന്ദ്രനേതാക്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരുന്നു.
സുപ്രീംകോടതിയില്‍ അവതരിപ്പിക്കപ്പെട്ട വാദങ്ങള്‍ ഹരീന് റാവലിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് ചൂണ്ടിക്കാട്ടി തടിതപ്പാന്‍ കേന്ദ്രം നടത്തിയ ശ്രമവും ഉദ്ദേശിച്ച ഫലം ഉണ്ടാക്കിയില്ല. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയമാണ് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച പ്രസ്താവനയിറക്കിയത്. രാജ്യത്തെയും ജനങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് കുറ്റപ്പെടുത്തി. സംസ്ഥാനസര്‍ക്കാര്‍ ഇരട്ടത്താപ്പ് നയം സ്വീകരിക്കുകയും കേന്ദ്രത്തിലെ സംഭവവികാസങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷയും യുപിഎ ചെയര്‍പേഴ്സണുമായ സോണിയാഗാന്ധിയാണെന്ന് വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പ്രസ്താവനകളില്‍ ആരോപിക്കുകയും ചെയ്തു.
സുപ്രീംകോടതിയില്‍ അഡീ. സോളിസിറ്റര്‍ ജനറല്‍ അവതരിപ്പിച്ച കാര്യങ്ങള്‍ ക്രൂരമാണെന്ന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ കുറ്റപ്പെടുത്തി. തങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തശേഷം ഇത്തരത്തില്‍ മലക്കംമറിയാന്‍ കേന്ദ്രത്തിന് എങ്ങനെ കഴിഞ്ഞുവെന്ന് ഈ കുടുംബങ്ങള്‍ ചോദിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ആശ്ചര്യജനകമാണെന്ന് ലത്തീന്‍ കത്തോലിക്കാ ആര്‍ച്ച്ബിഷപ്പ് സൊാസ്പാക്യം പറഞ്ഞു. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിച്ചുവെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും അദ്ദേഹം കൊല്ലത്ത് വാര്‍ത്താലേഖകരോട് പറഞ്ഞു.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ നടന്ന കൊലപാതകത്തില്‍ അന്താരാഷ്ട്ര നിയമം ബാധകമാണെന്ന നിലപാട് സ്വീകരിക്കാനിടയായ സാഹചര്യം യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളോട് വിശദീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് ആവശ്യപ്പെട്ടു. സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ തന്നെ എഎസ്ജിയുടെ സത്യവാങ്മൂലം കണ്ട് ഞെട്ടിയിരിക്കയാണ്. ഇന്ത്യയിലെ പൗരന്മാര് കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് ഇത്തരമൊരു നിലപാട് പ്രതീക്ഷിക്കുന്നില്ലെന്നും പന്ന്യന്‍ പറഞ്ഞു.കേന്ദ്രത്തിന്റെ അറിവില്ലാതെയാണ് എഎസ്ജി ഇത്തരമൊരു വിവാദ നിലപാട് സുപ്രീംകോടതിയില്‍ സ്വീകരിച്ചതെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: