കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചു. ഇതൊടൊപ്പം എയര്‍കാര്‍ഗോ കോംപ്ലക്സ് വഴിയുള്ള ചരക്ക് നീക്കത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നേ മുക്കാല്‍ ലക്ഷത്തിലേറെ യാത്രക്കാരാണ് ഇത്തവണ സിയാലിലൂടെ അധികമായി യാത്ര ചെയ്തത്. ഈ വര്‍ഷം ആകെ 4.72 ദശലക്ഷത്തിലേറെ യാത്രക്കാര്‍ ഇതുവഴി കടന്നു പോയി. ഏകദേശം ഒമ്പത് ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. ആഭ്യന്തര വ്യോമയാന മേഖല ഏറെ പ്രതിസന്ധി നേരിട്ട ഇക്കാലയാളവിലും യാത്രക്കാരുടെ എണ്ണത്തിലും വിമാനസര്‍വ്വീസുകളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായി എന്നത് ശ്രദ്ധേയമാണ്.
അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ഏകദേശം പത്ത് ശതമാനവും ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ എട്ട് ശതമാനം വര്ദ്ധനവുമാണുണ്ടായത്. 2010-2011 കാലയളവില്‍ 43.45 ലക്ഷം യാത്രക്കാരാണ് ആഭ്യന്തര- അന്താരാഷ്ട്ര ടെര്‍മിനലുകളിലൂടെ യാത്ര ചെയ്തത്. അതേ സമയം 2011 ഏപ്രില്‍ മുതല്‍ 2012 മാര്‍ച്ച് വരെ സിയാലിലൂടെ 47.23 ലക്ഷം യാത്രികര്‍ വന്നു പോയി. 2.59 ദശലക്ഷം അന്താരാഷ്ട്ര യാത്രക്കാരും 2.13 ദശലക്ഷം ആഭ്യന്തരയാത്രക്കാരുമാണ് ഇതുവഴി കടന്നു പോയത്. സിയാലിലൂടെയുള്ള ചരക്ക് നീക്കത്തിലും വര്‍ദ്ധനവുണ്ടായി. 42,462 മെട്രിക്ക് ടണ്‍ കാര്‍ഗോയാണ് ഇവിടെ കൈകാര്യം ചെയ്തത്. അന്താരാഷ്ട്ര കാര്‍ഗോയില്‍ 26,182 മെട്രിക് ടണ്‍ ചരക്ക് കയറ്റുമതി ചെയ്തപ്പോള്‍ കാര്‍ഗോ ഇറക്കുമതി 9358 മെട്രിക്ക് ടണ്‍ ആയിരുന്നു. ആഭ്യന്തര വിഭാഗത്തില്‍ 6922 മെട്രിക് ടണ്‍ ചരക്ക് നീക്കവും ഉണ്ടായി. അന്യസംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ കുടുതല്‍ ചരക്ക് നീക്കത്തില്‍ മാന്ദ്യം അനുഭവപ്പെട്ടപ്പോഴും ഇവിടത്തെകാര്ഗോ നീക്കത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എയര്‍ കാര്‍ഗോ സാക്ഷ്യപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്ലാന്റ് ക്വാറന്റൈന് ഡിപ്പാര്‍ട്ട്മെന്റ് സിയാലില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയതോടെ സമീപ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ ചരക്ക് നീക്കം സിയാല്‍ കാര്‍ഗോ വഴിയുണ്ടാകുവാന് സാദ്ധ്യത ഏറെയാണ്.
കൂടാതെ നിരവധി ചാര്‍ട്ടര്‍ വിമാനങ്ങളും നോണ്‍ ഷെഡ്യൂള്‍ഡ് ഫ്ലൈറ്റുകളും സിയാലില്‍ വന്നു പോയി. ഇന്റര്‍ നാഷണല്‍ സെക്ടറില്‍ 53 ഫ്ലൈറ്റുകളാണ് വന്നത്. ഇതില്‍ ഏറെയും ടൂറിസ്റ്റ് ചാര്‍ട്ടര്‍ വിമാനങ്ങളായിരുന്നു. ആഭ്യന്തര സെക്ടറില്‍ ടൂറിസ്റ്റ് ചാര്‍ട്ടര്‍ വിമാനങ്ങളുള്‍പ്പെടെ 152 ഫ്ലൈറ്റുകളെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: