മനുഷ്യരാശിയുടെ സമത്വസുന്ദരഭാവിയെപ്പറ്റി കമ്യൂണിസ്റ്റുകാരോളം വാചാലമാവുന്ന മറ്റൊരു പാര്‍ട്ടിയുമില്ല. പ്രവൃത്തിയില്‍ അവര്‍ നേരെമറിച്ചാണെന്നതാണ് അനുഭവം. എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്ന സിപിഎം സംഘടനാചട്ടക്കൂട് എതിരാളികളുടെ വിമര്‍ശനത്തിനും വിസ്മയത്തിനും മിക്കപ്പോഴും പാത്രീഭവിക്കാറുണ്ട്. പക്ഷേ ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ ഉപ്പ് വെച്ച കലംപോലെ അത് ദ്രവിച്ചില്ലാതായിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട് വെച്ച് നടന്ന സിപിഎം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഗതിവിഗതികള്‍ വിശകലനം ചെയ്യുമ്പോള്‍ സമ്മേളനം തികഞ്ഞ പരാജയത്തെയാണ് വിളിച്ചോതുന്നത്. തകരുന്ന കമ്യൂണിസവും വളരുന്ന ഹിന്ദുത്വവുമാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലത്തെ ദേശീയ രാഷ്ട്രീയം വരച്ചുകാട്ടിയിട്ടുള്ളത്.
കമ്യൂണിസത്തിന്റെ ഭാവിയെ സംബന്ധിച്ചും പിന്നിട്ട വഴിത്താരയിലെ ദയനീയ പരാജയത്തിന്റെ കാരണങ്ങളെകുറിച്ചും സിപിഎമ്മിന്റെ കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ല. മാനവരാശിയുടെ മുന്നില്‍ ഒരു ഭാഗത്തെ കാല്ക്കീഴില് കൊണ്ടുവരാന്‍ സാധിച്ച പ്രത്യയശാസ്ത്രം എന്ന നിലയില്‍ ലോകഭാഷകളിലെ നിഘണ്ടുകളില്‍ കമ്യൂണിസം എന്നും നിലനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ജനങ്ങള്‍ക്കിടയിലെ സ്വാധീനം നോക്കിയാല്‍ ഇന്ത്യ ഉള്‍പ്പെടെ ലോകമൊട്ടാകെ കമ്യൂണിസം തകര്‍ന്ന പ്രത്യയശാസ്ത്രമാണിപ്പോള്. വൈരുദ്ധ്യാത്മക ഭൗതികവാദം, തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം, സ്വകാര്യസ്വത്തിന്റെ ഉന്മൂലനം തുടങ്ങിയ കമ്യൂണിസ്റ്റ് അടിക്കല്ലുകള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞു. ഇവയൊന്നും ജനക്ഷേമത്തിന് ഗുണകരമല്ലെന്ന അനുഭവമാണ് അതുപേക്ഷിക്കാന്‍ അനുഭവസ്ഥരെ നിര്‍ബന്ധിതരാക്കിയത്. ഏഴ് പതിറ്റാണ്ടിലധികം ഉരുക്കുമുഷ്ടിയും അടിച്ചമര്‍ത്തലുംകൊണ്ട് നിലനിര്‍ത്തിപ്പോന്ന സോവിയറ്റ് ഭരണത്തിന്റെയും പാര്‍ട്ടിയുടെയും പരാജയകാരണം സിപിഎം-സിപിഐ കക്ഷികള്‍ ഇപ്പോഴും തുറന്നു പറഞ്ഞിട്ടില്ല. പാര്‍ട്ടി കോണ്‍ഗ്രസ്സുകളില്‍ ഇതുസംബന്ധിച്ച് വ്യക്തമായ ദിശാബോധം പകര്ന്നുനല്കാനുതകുന്ന ചര്‍ച്ചകളുമുണ്ടായിട്ടില്ല.
ജൂത-ക്രിസ്തീയ സംസ്കൃതിയിലെ ചാര്‍വാകനാണ് കാറല്‍മാര്‍ക്സ് എന്ന് പറഞ്ഞത് ഒ.വി. വിജയനായിരുന്നു. മാര്‍ക്സിസത്തിന് ഒരു യൂറോപ്യന്‍ സ്വഭാവമുള്ളത് അതിന്റെ ദോഷഫലമായും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വര്‍ഗ്ഗസമരം തേടിയിറങ്ങിയവര്‍ ഇവിടെ വര്‍ഗ്ഗാധിഷ്ഠിത സ്വത്വത്തില്‍ അഭയം തേടേണ്ട ഗതികേടില്‍ എത്തിയിരിക്കുന്നു. ജാതിമത-വര്‍ഗ്ഗീയപ്രീണനം മുഖമുദ്രയാക്കി മാറ്റിയതില്‍ ഇന്നും കുണ്ഠിതപ്പെടാത്തവരാണ് ഇടത്-വലത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. എന്തുകൊണ്ട് കമ്യൂണിസം ഇന്ത്യയില്‍ തകര്‍ന്നുതരിപ്പണമായി എന്ന ചോദ്യം ഉയര്‍ത്താനോ സ്വയം വിമര്‍ശനം വഴി അതിന് ഉത്തരം കണ്ടെത്താനോ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയ്യാറല്ല. ഭാരതത്തിന്റെ ദേശീയതയ്ക്കു നേരെ മുഖംതിരിക്കുകയും ദേശീയ പ്രശ്നങ്ങളില്‍ അഞ്ചാംപത്തിക്കാരാവുകയും ചെയ്തതാണ് കമ്യൂണിസത്തിന്റെ ഒരു പ്രധാന പരാജയകാരണം.
പാട്നയിലും കോഴിക്കോട്ടും ചേര്‍ന്ന ഇടതു-വലതു കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസുകള്‍ കമ്യൂണിസം ഒരിക്കലും തകരില്ല എന്ന മുനയൊടിഞ്ഞ മുദ്രാവാക്യം വീണ്ടും വായ്ത്താരിയാക്കി പിരിയുകയാണുണ്ടായത്. കാലത്തിന്റെ ചുവരെഴുത്ത് ഉള്‍ക്കൊണ്ട് പ്രത്യയശാസ്ത്രപരമായ ഉള്ളടക്കം പൊളിച്ചെഴുതി കാലത്തിനൊപ്പം അണിചേരാന്‍ തയ്യാറാവാത്തിടത്തോളംകാലം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പിടിച്ചുനില്ക്കാന് ആവില്ലെന്നുറപ്പാണ്. മാര്‍ക്സിസം, ലെനിനിസം എന്ന ഭൗതികവാദപരമായ പ്രത്യയശാസ്ത്രം, കാലാനുസൃതമാക്കാന്‍ കമ്യൂണിസ്റ്റ് കക്ഷികള്‍ തയ്യാറല്ല. എന്നാല്‍ ആത്മീയതയെ ഇന്ധനമാക്കാന്‍ അവര്‍ ഒരിക്കലും പിശുക്കുകാട്ടുന്നുമില്ല. കമ്യൂണിസത്തിന്റെ ലേബലില്‍ എന്തുമാകാം എന്ന ധാര്‍ഷ്ട്യ നിലപാട് ലോകമെമ്പാടും കമ്യൂണിസം സ്വീകരിച്ചുവന്നിട്ടുണ്ട്. ഭൗതികതയും ആത്മീയതയും വിലയിരുത്തപ്പെടേണ്ടിവരുമ്പോള് അവ്യക്തതയും പരസ്പരവിരുദ്ധതയുമാണ് ഇന്ത്യയിലുള്‍പ്പെടെ കമ്യൂണിസ്റ്റ്കാര് സ്വീകരിച്ചിട്ടുള്ളത്. ഇന്നത്തെ കമ്യൂണിസ്റ്റ് പ്രതിസന്ധിക്ക് ഇതും കാരണമാണ്.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പശ്ചാത്തലത്തില്‍ കമ്യൂണിസ്റ്റ് കാഴ്ചപ്പാട് വിലയിരുത്തുമ്പോള്‍ സാധാരണ പൗരന് കാണാനാവുന്നത് തികഞ്ഞ അവ്യക്തതയും ആശയക്കുഴപ്പവുമാണ്. പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് സംബന്ധിച്ച് സിപിഎം പ്രസിദ്ധീകരിച്ച പാര്‍ട്ടി രേഖകളില്‍ ക്രഡന്‍ഷ്യല്‍ കമ്മിറ്റി റിപ്പോര്‍ട്ടും ബഹുജന മുന്നണി-അംഗത്വ വിശകലന റിപ്പോര്‍ട്ടും വിശദമായി നല്‍കിയിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങളെക്കുറിച്ചും പാര്‍ട്ടി പ്രതിനിധികളെക്കുറിച്ചുമുള്ള സൂക്ഷ്മ പഠനത്തിലും ഇപ്പോള്‍ ജാതിമത കണക്കുകള്‍ ഉള്‍പ്പെടുന്നതായി അറിയുന്നു. പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് നിഷ്ക്കര്ഷിച്ചിരുന്നു. മലപ്പുറം ചുവപ്പിക്കാനും ബിഷപ്ഫൗസുകളില് പോയി കൈമുത്താനുമൊക്കെ സിപിഎം നേതാക്കള്‍ തയ്യാറായത് ഇത്തരം പഠനങ്ങളുടെ പരിണിതഫലമായിട്ടാണ്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വേണ്ടത്ര മുന്നേറാന്‍ കഴിഞ്ഞില്ലെന്ന പാര്‍ട്ടികോണ്‍ഗ്രസിന്റെ കുമ്പസാരം ജാതിമതാധിഷ്ഠിത വിലയിരുത്തലിന്റെ ഫലമാണ്. എങ്കില്‍ എന്തുകൊണ്ട് സിപിഎം നേതൃനിരയില്‍ ദളിത്-മുസ്ലീം വിഭാഗങ്ങള്‍ക്ക് ഇപ്പോഴും പ്രാതിനിധ്യം നല്‍കിയിട്ടില്ല എന്നത് ഒരു വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
സിപിഎം ജാതിമത ചിന്തകള്‍ക്ക് അതീതമായി നിലകൊള്ളുന്നു എന്ന അവരുടെ അവകാശവാദം തെറ്റാണെന്ന് കാണാന്‍ 19-20 പാര്‍ട്ടികോണ്‍ഗ്രസുകളുടെ രേഖകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതിയാകും. അംഗത്വബലവും സ്വാധീനവും ജാതിമതാടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ സിപിഎം തങ്ങളുടെ 15 അംഗ പൊളിറ്റ്ബ്യൂറോയില്‍ ഒമ്പത് പേര് ബ്രാഹ്മണ മുന്നോക്ക സമുദായക്കാരും മൂന്ന്പേര്‍ സവര്‍ണ്ണ കായസ്ഥന്മാരും ഒരാള്‍ ക്രിസ്ത്യാനിയും രണ്ട്പേര് പിന്നോക്ക ഹിന്ദുക്കളുമാണെന്ന് തെളിയുന്നു. ഇന്ത്യന്‍ ഭരണഘടനപോലും ഹിന്ദു-ദളിത് വിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ പ്രത്യേകം സംവിധാനങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബി.ജെ.പി. അതിന്റെ തുടക്കം മുതല്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ പ്രാതിനിധ്യമില്ലാതെ ഒരു പാര്‍ട്ടിക്കമ്മിറ്റിയും പാടില്ലെന്ന് നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്.
എന്നാല്‍ പിന്നോക്ക ദളിത് വിഭാഗങ്ങളെ പരമാവധി ഇന്ധനമാക്കി ഉപയോഗിക്കുന്ന സിപിഎം അവരെ നേതൃനിരയിലേക്ക് കൊണ്ടുവരാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധിയിലാണ്. സ്വാതന്ത്ര്യം കിട്ടി ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷവും ദളിതനും മുസ്ലീമിനും അപ്രാപ്യമായി സിപിഎം പൊളിറ്റ്ബ്യൂറോ നിലകൊള്ളുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അരനൂറ്റാണ്ടുകാലം രണ്ടാമത്തെ കക്ഷിയോ മൂന്നാമത്തെകക്ഷിയോ ആയി നിലകൊണ്ട സിപിഎം കേവലം 16 എംപിമാരില്‍ ചുരുങ്ങി ഏഴാമത്തെ കക്ഷിയായി ഇപ്പോള്‍ മാറിയതിന് സ്മൃതിനാശം ബാധിച്ച നേതൃത്വത്തിന്റെ പരാജയമാണ് കാരണം. 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചപ്പോഴും പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്ത പ്രതിജ്ഞകള്‍ അവര്‍ പരിശോധിക്കുകയുണ്ടായിട്ടില്ല.
2008ല്‍ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിജ്ഞയെടുത്ത തെറ്റുതിരുത്തല്‍ ക്യാമ്പയിന് തെറ്റായ പ്രവണതകളും ശീലങ്ങളും വളരുന്നതിനെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ചിരുന്നതാണല്ലോ. അഴിമതി പാടില്ലെന്നും ദുഷിച്ച വ്യക്തികളില്‍ നിന്നും മോശപ്പെട്ട സ്വഭാവക്കാരില്‍ നിന്നും പണം സ്വീകരിക്കരുതെന്നും പാര്‍ട്ടി അംഗങ്ങള്‍ വ്യക്തിപരമായും പരിപാടിതലത്തിലും ആഢംബരങ്ങള്‍ ഉപേക്ഷിച്ച് ലളിതമായ ജീവിതശൈലി പിന്തുടരണമെന്നും മതപരമായ ആചാരങ്ങള്‍ സംഘടിപ്പിക്കുകയോ വ്യക്തിപരമായി മതാചാരങ്ങള്‍ അനുവര്‍ത്തിക്കുകയോ ചെയ്യരുതെന്നും നിശ്ചയിച്ചതാണല്ലോ തെറ്റുതിരുത്തല്‍ ക്യാമ്പയിനിന്റെ മര്‍മ്മം. എന്നാല്‍ കേരളത്തിലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ തെറ്റുതിരുത്തല്‍ ക്യാമ്പയിന് അതെഴുതിയ കടലാസിന്റെ വിലപോലും ഉണ്ടായിട്ടില്ല എന്നതല്ലേ വസ്തുത. മതപ്രീണനത്തിനും മതസ്ഥാപനങ്ങളില്‍ അധികാരം കയ്യാളാനും ആസ്വദിക്കാനും സിപിഎമ്മിനോളം ആസക്തി കാട്ടുന്ന മറ്റേതു പാര്‍ട്ടിയാണ് കേരളത്തിലുള്ളത്? ജാതി-മത രാഷ്ട്രീയത്തെ പട്ടുടുപ്പിക്കുന്നതില് സിപിഎം മുന്പന്തിയിലല്ലേയുള്ളത്? കോഴിക്കോട് സമ്മേളന സ്വാഗതസംഘരൂപീകരണത്തില്‍ നേരിട്ട് പ്രഖ്യാപിച്ച വന്‍തുകകള്‍ സംഭാവന നല്‍കിയത് കോഴിക്കോട്ടെ ഏറ്റവും വലിയ സമ്പന്നരല്ലേ? സമ്മേളനത്തിന്റെ പേരിലുള്ള ആര്‍ഭാടങ്ങളും കൊഴുപ്പും കോയമ്പത്തൂര്‍ പ്രമേയത്തിന്റെ അടിത്തറ തകര്‍ക്കുന്നതായിരുന്നു.
ജനാധിപത്യത്തില്‍ എതിരാളി ശത്രുവല്ല, മറിച്ച് എതിര്‍ക്കപ്പെടേണ്ട മാന്യനാണ് എന്ന സങ്കല്‍പ്പം ബിജെപി ഉള്‍ക്കൊള്ളുന്ന അടിസ്ഥാന തത്വമാണ്. ബിജെപി ഇന്ത്യയില്‍ അധികാരമേറ്റെടുത്ത ദിവസം അതിന്റെ ഉന്നതനായ അമരക്കാരന് അന്നത്തെ ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി പാര്‍ട്ടിയുടെ ദല്‍ഹിയിലെ ആഹ്ലാദപരിപാടിയില്പോലും പങ്കെടുക്കാതെ രാഷ്ട്രീയ എതിരാളിയായ ഇഎംഎസിന്റെ അന്ത്യോപചാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ തിരുവനന്തപുരത്ത് പറന്നെത്തിയത് ഈ കാഴ്ചപ്പാടുകൊണ്ടാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ തങ്ങള്‍ക്ക് ശത്രുക്കളില്ല എതിരാളികളേയുള്ളൂ എന്ന നിലപാട് സിപിഎം സ്വീകരിക്കുമോ? കേരളത്തില്‍ നടന്നുവരുന്ന രാഷ്ട്രീയ നരഹത്യയില്‍ 90 ശതമാനത്തിലും സിപിഎം വാദിയോ പ്രതിയോ ആണ്. കേരളത്തില്‍ സിപിഎം പാര്‍ട്ടിക്കാരുടെ കൊലക്കത്തിക്കിരയായി ബലിദാനികളാകേണ്ടിവന്നവരുടെ പട്ടികയില്‍ ഏറ്റവും കൂടുതലുള്ളത് ആര്‍എസ്എസ്-ബിജെപി പ്രവര്ത്തകന്മാരാണ്. ജനാധിപത്യ വ്യവസ്ഥയില്‍ സ്റ്റാലിനിസ്റ്റ് സമീപനം ആപത്കരമാണ്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ എന്തുകൊണ്ട് സിപിഎം വിമുഖത കാട്ടുന്നു?
പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകരിച്ച രക്തസാക്ഷി പ്രമേയം ഒരാവര്‍ത്തി വായിച്ചാല്‍ മൊത്തം മൂന്ന് വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരില്‍ 90 ശതമാനവും സിപിഎം ഒന്നാമതായി ജനസ്വാധീനം നേടിയ സംസ്ഥാനങ്ങളിലാണെന്ന് കാണാവുന്നതാണ്. മൂന്ന് വര്‍ഷത്തിനിടയില്‍ ഒട്ടാകെ രക്തസാക്ഷികളായ 244 സിപിഎമ്മുകാരില്‍ 203 പേരും കേരളം, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. അവശേഷിക്കുന്നവര്‍ ആന്ധ്രാപ്രദേശ്, ബീഹാര്‍, ജമ്മുകാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭീകരരുടെയും ഭൂഉടമകളുടെയും ഗുണ്ടകളുടെയും കൈകളാല്‍ കൊല്ലപ്പെട്ടവരാണ്. ഭാരതീയ ജനതാപാര്‍ട്ടി ഒന്നാമത്തെ കക്ഷിയായോ രണ്ടാമത്തെ കക്ഷിയായോ നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്തും സിപിഎമ്മില്പ്പെട്ടവര്ക്കോ എതിര്കക്ഷികളില്പ്പെട്ടവര്ക്കോ സംഘപരിവാറില്‍ നിന്നും എന്തെങ്കിലും ആക്രമത്തിന് ഇരകളാകേണ്ടിവന്നിട്ടില്ല. കേരളത്തില്‍ ജനസംഘം പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് തന്നെ രഷ്ട്രീയ സംഘട്ടനങ്ങളുടെയും കൊലകളുടെയും ക്രമസമാധാന തകര്‍ച്ചയുടെയും പേരില്‍ 1957ല്‍ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ട നാടാണ് കേരളം. സിപിഎം മനസ്സുവെച്ചാല്‍ കേരളത്തിലെ രാഷ്ട്രീയസംഘട്ടനങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അവസാനിപ്പിക്കാന്‍ സാധിക്കും. ഇക്കാര്യം നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും എന്തുകൊണ്ട് സിപിഎം ചര്‍ച്ച ചെയ്യുന്നില്ല. സിപിഎം അതിന്റെ സ്റ്റാലിനിസ്റ്റ് ശൈലി ഉപേക്ഷിക്കുകയും പാര്‍ട്ടി ഭരണഘടനയേക്കാള്‍ ഇന്ത്യന്‍ ഭരണഘടനക്ക് പ്രാമുഖ്യം നല്‍കുകയും ചെയ്താല്‍ കേരളത്തിലെ അക്രമരാഷ്ട്രീയം അവാസാനിക്കുമെന്നകാര്യം ഉറപ്പാണ്.
പി. എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: