സ്മൃതിനാശവും കൃതഘ്നതയും മൂല്യത്തകര്‍ച്ചയുമൊക്കെ പകര്‍ച്ചവ്യാധിപോലെ പെരുകുന്ന വര്‍ത്തമാന രാഷ്ട്രീയത്തില്‍ പ്രകടമായ വ്യതിരിക്തയാണ് ബിജെപി ലക്ഷ്യമാക്കിയിട്ടുള്ളത്. ആര്‍എസ്എസ് കക്ഷിരാഷ്ട്രീയത്തിനതീതമായ ദേശീയ പ്രസ്ഥാനമാണെങ്കിലും രാഷ്ട്രീയരംഗത്ത് മൂല്യങ്ങളുടെ കാവല്ക്കാരെ സജ്ജരാക്കി സംശുദ്ധത നിലനിര്‍ത്താന്‍ എക്കാലത്തും പാടുപെട്ടിട്ടുള്ള ചരിത്രമാണതിനുള്ളത്. ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയ സംസ്കൃതി ബലിഷ്ഠമാക്കുന്നതില് സ്തുത്യര്‍ഹമായ പങ്കാണ് ആര്‍എസ്എസ് വഹിക്കുന്നത്. രാഷ്ട്രീയം തന്റെ വഴിയും ജീവനുമെന്ന് കരുതുന്ന പാലക്കാട്ടെ ശിവരാജന്റെ കര്‍മ്മപദ്ധതിയുടെ അടിവേരുകള്‍ ആഴ്ന്നിറങ്ങിയിട്ടുള്ളത് ആര്‍എസ്എസ് ഉദ്ഘോഷിക്കുന്ന ഉറവവറ്റാത്ത കര്മ്മചൈതന്യത്തിലാണ്. ആര്‍എസ്എസ് കാര്യപദ്ധതിയുടെ ഉരുക്കുമൂശയിലൂടെ വാര്‍ത്തെടുത്ത സമര്‍പ്പണബോധമുള്ള ഒരു നല്ല പൊതുപ്രവര്ത്തകന് എന്ന ബഹുമതിയാണ് മേറ്റ്ന്തു വിശേഷണത്തേക്കാളും ശിവരാജന് യോജിക്കുക.
ജനസേവനത്തിന്റെ പാതയില്‍ തുടര്‍ച്ചയായി കാല്‍നൂറ്റാണ്ടുകാലം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയും ജനപ്രിയ നേതാവുമായിരിക്കാന് കേരളത്തില്‍ ഒരു ബിജെപി പ്രവര്ത്തകന് അപൂര്‍വ്വ അവസരം ലഭിച്ചിട്ടുള്ളത് ശിവരാജനാണെന്ന് തോന്നുന്നു. അക്കാദമിക്ക് യോഗ്യതയോ, ഗഹനവിചാരത്തിലൂന്നിയ പാണ്ഡിത്യമോ അല്ല ഒരു ജനനായകനെ വാര്‍ത്തെടുക്കുന്നതെന്നും മറിച്ച് അനുഭവജ്ഞാനത്തിലൂന്നിയ പ്രായോഗിക സമീപനമാണ് വിജയത്തിന്റെ മര്‍മ്മമെന്നും ശിവരാജന് തെളിയിച്ചിരിക്കുന്നു.
ജനസംഘത്തിന്റെ സ്ഥാനീയ സമിതി അദ്ധ്യക്ഷസ്ഥാനം മുതല്‍ ജനതാപാര്‍ട്ടി, യുവജനത, ഭാരതീയ ജനതാപാര്‍ട്ടി എന്നീ പ്രസ്ഥാനങ്ങളുടെ മണ്ഡല-ജില്ലാ-സംസ്ഥാന ചുമതലകള്‍വരെ ഏറ്റെടുത്തു വിജയിപ്പിച്ച നീണ്ട ചരിത്രത്തിനുടമയാണദ്ദേഹം. മലപ്പുറം ജില്ലാ വിരുദ്ധ സമരത്തിന്റെ തീച്ചൂളയില്‍ ചാടി നിയമലംഘനം നടത്തി കോടതിയിലെത്തിയപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെന്ന നിലയില്‍ അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.
അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തില്‍ കാരാഗൃഹത്തിലടയ്ക്കപ്പെട്ട ശിവരാജന്റെ ജീവിതം പോരാട്ടങ്ങളാല്‍ ചൈതന്യധന്യമാണ്. ജനങ്ങളോടുള്ള പ്രതിബദ്ധതയും സ്നേഹത്തിന്റെ നിലയ്ക്കാത്ത പ്രവാഹവും അദ്ദേഹത്തിന്റെ സവിശേഷതയാണ്.
പൊതു പ്രവര്‍ത്തകര്‍ക്കു പാടില്ലാത്ത ഏഴു തിന്മകളെക്കുറിച്ച് ഏറെ വാചാലനായ ക്രാന്തദര്‍ശിയായിരുന്നു ഗാന്ധിജി. തത്വബോധമില്ലാത്ത രാഷ്ട്രീയമാണ് ഏറ്റവും മോശപ്പെട്ട തിന്മയായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഗാന്ധിജിയുടെ ഈ അളവുകോല്‍ ഇന്നുപയോഗിച്ചാല് പെട്ടെന്ന് അപ്രത്യക്ഷമാകാന്‍ വിധിക്കപ്പെടാവുന്ന കക്ഷി കോണ്‍ഗ്രസ് പാര്‍ട്ടിയായിരിക്കും. ആശയത്തെ ഉപേക്ഷിച്ച് ആമാശയത്തിനു പിറകേ പോകുന്ന കോണ്‍ഗ്രസ് ശൈലിയാണ് രാഷ്ട്രീയരംഗം നേരിടുന്ന ഇന്നത്തെ ഏറ്റവും ഗുരുതരമായ പ്രശ്നം. ഏതു പ്രതികൂല സാഹചര്യത്തിലും നാവും നട്ടെല്ലും പണയപ്പെടുത്താതെ അടിസ്ഥാനതത്വത്തില്‍ ഊന്നിനിന്നുകൊണ്ട് പൊതുസമൂഹത്തിന്റെ വിശ്വാസമാര്ജ്ജിക്കാനാവുന്നു എന്നത് ശിവരാജന്റെ മികവാണ്.
2005ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കേരളത്തിലെ ബിജെപിക്ക് ചരിത്ര മുന്നേറ്റമുണ്ടാക്കിയ ഒന്നായിരുന്നു. ഒരു മുനിസിപ്പാലിറ്റിയില്‍ ഒന്നാമത്തെ കക്ഷിയായി ഒറ്റയ്ക്ക് കുറെക്കാലം ഭരിക്കാന്‍ കഴിഞ്ഞതും എട്ട് പഞ്ചായത്തുകളില്‍ ഒറ്റയ്ക്കും 11 എണ്ണത്തില്‍ കൂട്ടുകക്ഷിയായും ഭരിക്കാന്‍ കഴിഞ്ഞതും ഇന്നും നിലനില്‍ക്കുന്ന സര്‍വ്വകാല റിക്കാര്‍ഡാണ്. ഒമ്പത് മാസക്കാലം പാലക്കാട് നഗരസഭ ബിജെപി ഭരിക്കാനിടയായതിനു പിന്നില്‍ അന്നത്തെ ജില്ലാ പ്രസിഡന്റായിരുന്ന ശിവരാജന്റെ നേതൃത്വപരമായ കഴിവ് സുപ്രധാനഘടകമായിരുന്നു എന്ന സത്യം അന്നത്തെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന ഈ ലേഖകന്‍ ഉറപ്പിച്ച് ഉറക്കെ പറയാന്‍ കഴിയും. മുനിസിപ്പല്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ രജതജൂബിലി ആഘോഷിക്കുന്ന ശിവരാജന്റെ പോരാട്ടവീര്യവും സമര്പ്പണശൈലിയും കര്‍മ്മകുശലതയും പുതിയ തലമുറയിലെ പൊതു പ്രവര്‍ത്തകര്‍ക്ക് സാധനാപാഠമാകേണ്ട പലതും വിളംബരം ചെയ്യുന്നു.
പി എസ് എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: