ലോകത്തിന്റെ മാറ്റത്തിനും പുരോഗതിക്കും ശാസ്ത്ര സാങ്കേതിക വളര്‍ച്ചക്കുമനുസരിച്ച് നമ്മുടെ ദേശീയ ജീവിതത്തിന്റെ സാംസ്കാരിക-ധാര്‍മിക അന്തര്‍ധാരകളെ പുനര്‍ വ്യാഖ്യാനം ചെയ്ത്, കാലാനുസൃതമായി നവീകരിക്കുകയും അത് ജീവിതത്തിന്റെസമ്പൂര്ണ വളര്‍ച്ചക്ക്, ജീവിതകര്മങ്ങളില് പ്രായോഗികമാക്കുകയും ചെയ്യുക എന്നതാണ് രാജ്യസ്നേഹികളുടെയും ധാര്മികാചാര്യന്മാരുടെയും ധര്‍മമെന്ന് ചില മഹാന്മാര് ചിന്തിച്ചു. ഏകാധിപത്യം, അടിച്ചമര്‍ത്തല്‍, ജാതിവിവേചനം, ദുരാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍ എന്നിവ നശിക്കണമെങ്കില്‍ ഇന്ത്യയുടെ ആത്മീയ സോപാനമായ അദ്വൈത തത്വശാസ്ത്രത്തിന് കഴിയുമെന്ന് നമ്മുടെ ആധുനിക മഹര്‍ഷിമാര്‍ മനസിലാക്കുകയുണ്ടായി. രാമകൃഷ്ണപരമഹംസരും വിവേകാനന്ദസ്വാമികളും ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുദേവനും ഈ സത്യം മനസിലാക്കിയ മഹാത്മാക്കളായിരുന്നു.
ഇന്ത്യയുടെ ആത്മാവിനെ തട്ടിയുണര്‍ത്തി, ഇന്ത്യന്‍ ദേശീയതയെയും ഇന്ത്യന്‍ സാംസ്കാരിക ജീവിതത്തെയും പുനരുജജ്ജീവിപ്പിക്കുന്നതില് സ്വാമി വിവേകാനന്ദനും ശ്രീ ചട്ടമ്പിസ്വാമികളും ഏറെ മുന്നിലായിരുന്നു. വിദേശസംസ്കാരത്തിന്റെ കടന്നുകയറ്റത്തില്‍ നമ്മുടെ കേരളീയ സംസ്കാരവും ജീവിതരീതിയും വിനാശം നേരിട്ട സന്ദര്‍ഭത്തില്‍, അവയെ പുനരുദ്ധരിക്കുന്നതിന് ദൈവീകമായി അവതരിച്ച മഹര്‍ഷിയായിരുന്നു ശ്രീ ചട്ടമ്പിസ്വാമികള്‍. കേരള നവോത്ഥാനത്തില്പങ്കാളികളായ ജനങ്ങളാണ് പിന്നീട് സ്വാതന്ത്ര്യസമരത്തിലും ദേശീയ പ്രസ്ഥാനത്തിലും രാഷ്ട്രീയ പാര്‍ട്ടികളിലും നേതൃത്വം വഹിച്ചത് എന്നത് മേല്‍പ്പറഞ്ഞ കാര്യത്തെ സാധൂകരിക്കുന്നതാണ്.
ഇന്ത്യന്‍ ആധ്യാത്മികതയുടെ ഉത്തമാംശം യോഗവും ജ്ഞാനവുമാണെന്ന് തന്റെ അനുഭവത്തിലൂടെ തെളിയിച്ച മഹര്‍ഷിയാണ് ചട്ടമ്പിസ്വാമികള്‍. ജീവന് ബ്രഹ്മമാണ്. ബ്രഹ്മം എല്ലാറ്റിനും എല്ലാ ജീവനും അടിസ്ഥാനമായ ഏക സദ്വസ്തുവാണെന്നും സ്വാമി ഉദ്ഘോഷിച്ചു. ജാതി-മത വിവേചനവും ദുരാചാരങ്ങളും ശീലിച്ചുവന്ന ജനതക്ക് ഏവരും ഒരാത്മാവാണെന്നും എല്ലാ ജീവനും അതേ ആത്മാവാണെന്നും വെളിപ്പെടുത്തിയതിലൂടെ മനുഷ്യന്റെ സ്നേഹ സമത്വ ജീവിതത്തിനുള്ള പാത കാട്ടിക്കൊടുക്കുകയായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരും ആലംബഹീനരുമായ അവര്ണജനകോടികള്ക്ക് മോചനത്തിനുള്ള വഴി കാട്ടിക്കൊടുക്കുകയായിരുന്നു സ്വാമികള്‍. ഒപ്പം, ആധ്യാത്മികതയും മതവും വിദ്യാഭ്യാസവും സ്വതന്ത്ര ജീവിതവും അവര്‍ണര്‍ക്ക് നിഷേധിച്ച പുരോഹിത, ഫ്യൂഡല്‍, ഏകാധിപത്യ ശക്തികള്‍ക്ക് അദ്വൈതത്തിന്റെ ഏകത്വ-സമത്വ ദര്‍ശനങ്ങള്‍ കാട്ടിക്കൊടുത്ത് അവരെ തിരുത്തുകകൂടിയായിരുന്നു സ്വാമികള്‍. വേദം പഠിക്കുന്നത് പാപമാണെന്ന് വിശ്വസിച്ചവരും ക്ഷേത്രത്തില്‍ പോയാല്‍ ദൈവത്തിന് തീണ്ടല് വന്ന് അശുദ്ധമാകുമെന്ന് കരുതിയവരും, യോഗവും ധ്യാനവും ചെയ്താല്‍ ദൈവവും ദൈവത്തിന്റെ സ്വന്തമാളുകളായ പുരോഹിതന്മാരും കളങ്കപ്പെടുമെന്നും കരുതി, അടിമത്തത്തിലും അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും കഴിഞ്ഞുകൂടിയ അവര്‍ണജാതികളും സ്ത്രീകളും സത്യം മനസിലാക്കി മുന്നേറാന്‍ തയ്യാറായത് സ്വാമികളുടെ ബോധവല്ക്കരണംകൊണ്ടായിരുന്നു.
ചട്ടമ്പിസ്വാമികളുടെ നാട്ടുക്കൂട്ടങ്ങള്‍, ഗൃഹസദസ്സുകള്‍, പ്രഭാഷണങ്ങള്‍, ഗവേഷണപരമായ ഗ്രന്ഥങ്ങള്‍ എന്നിവ മുഴുവനും സത്യത്തിന്റെയും നവീന ആശയങ്ങളുടെയും സമാഹാരമായിരുന്നു. വേദം (ജ്ഞാനത്തിന് പറഞ്ഞിരുന്ന പദം) പഠിക്കാനും മതാനുഷ്ഠാനങ്ങള്‍ നടത്താനും ഏത് മനുഷ്യനും അധികാരമുണ്ടെന്ന് സ്വാമികള്‍ സ്ഥാപിച്ചു. വിദ്യാഭ്യാസാവകാശത്തിന്റെ പ്രഖ്യാപനമാണ് കേരള നവോത്ഥാനത്തിന്റെ ആണിക്കല്ലായത്. വേദാധികാര നിരൂപണം, ക്രിസ്തുമതസാരം, ശ്രീചക്രപൂജാകല്പം, മോക്ഷപ്രദീഖണ്ഡനം, അദ്വൈതചിന്താ പദ്ധതി, ബ്രഹ്മതത്വ നിര്ഭാസം, ഒഴിവിലൊടുക്കം തര്‍ജമ, അദ്വൈത പഞ്ജരം, സര്‍വമത സാമരസം തുടങ്ങിയ കൃതികള്‍ മേല്‍ ആവശ്യത്തിന് വേണ്ടി ചട്ടമ്പിസ്വാമികള്‍ രചിച്ചതാണ്. ഒന്നിച്ച് പഠിക്കാനും ഒന്നിച്ച് പ്രാര്‍ത്ഥിക്കാനും പൂജിക്കാനും ഒന്നിച്ച് ഭക്ഷണം കഴിക്കാനുമുള്ള അവകാശബോധവും അദ്വൈത ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജനതയില്‍ സംക്രമിപ്പിക്കാനും സ്വാമികള്‍ക്ക് കഴിഞ്ഞു.
സര്‍വമത സാമരസവും എല്ലാ മതങ്ങളുടെയും തത്വശാസ്ത്രം വിശദീകരിക്കുന്നത്, പ്രധാന കാര്യങ്ങളില്‍ അവ തമ്മില്‍ യോജിക്കുമെന്നും വെളിപ്പെടുത്തുന്ന മതസൗഹാര്‍ദ്ദത്തിന്റെ മഹാസത്യമാണ്. വിളംബരം ചെയ്തത് ശരീര തത്വസംഗ്രഹം, ചിദാകാശലയം, നിജാന്ദ വിലാസം, പത്മപുരാണാഭിപ്രായം, സമൂഹത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള സ്ഥാനം, പ്രണവവും സംഖ്യാശാസ്ത്രവും തുടങ്ങിയ മതപരവും ആത്മീയവുമായ നിഗൂഢരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന കൃതികളും സ്വാമികള്‍ സംഭാവന ചെയ്തിട്ടുണ്ട്. പ്രപഞ്ചത്തിന്റെ ഊര്ജതാളക്രമവും ജീവതാളവും തമ്മിലുള്ള ബന്ധത്തിന് ഒരു സംഖ്യാപരമായ പരിമാണം നിര്‍ണയിക്കുന്ന, ആധുനിക ഊര്ജശാസ്ത്രത്തെപ്പോലും അമ്പരിപ്പിക്കുന്ന ഒരു ശാസ്ത്രഗ്രന്ഥമാണ് പ്രണവവും സംഖ്യാശാസ്ത്രവും എന്ന കൃതി. ദ്രവ്യത്തിന് കാരണമായ ഊര്‍ജം പരിണാമവും ചലനവുമുള്ളതാകയാല്, അത് പ്രപഞ്ചത്തിന് കാരണമായ സത് ആവുകയില്ലെന്നും, ഊര്‍ജത്തിനും നിദാനമായ ഒന്നുണ്ടെന്നും അത് ബ്രഹ്മമാണെന്നും സ്വാമികള്‍ ആധുനിക ശാസ്ത്രത്തിന്റെ സ്ഥിരദ്രവ്യ-ഊര്‍ജ തത്വങ്ങളെ നിരാകരിച്ചുകൊണ്ട് അദ്വൈത ചിന്താ പദ്ധതിയില്‍ സ്ഥാപിക്കുന്നു. ഉപാണവകണങ്ങളും പരിണാമമുള്ളതും പലതുകൂടിച്ചേര്ന്ന് വലുതാവുന്നതുമാകയാല് പ്രപഞ്ചത്തിന് കാരണമായ ആത്യന്തിക മൗലിക കണമാകയില്ലെന്നും പ്രസ്തുത കൃതിയില്‍ ചട്ടമ്പിസ്വാമികള്‍ സ്ഥാപിച്ചിട്ടുണ്ട്.
വിചിന്തനത്തിന്റെ മഹത്വമാണ് സ്വാമികള്‍ ഉയര്‍ത്തിക്കാട്ടിയത്. യുക്തിചിന്തയില്‍ പരിശോധിച്ച ശേഷം മാത്രമേ ജീവിതത്തില്‍ ഏത് കാര്യവും തീരുമാനിക്കാനും വിശ്വസിക്കാനും അനുഷ്ഠിക്കാനും തയ്യാറകാവൂ എന്ന് അദ്ദേഹം അനുശാസിക്കുന്നു. ഇത്തരമുള്ള ഉയര്‍ന്ന ചിന്തയും യുക്തിബോധവും കൊണ്ട് പരിശോധിച്ചശേഷമാണ് ഹിന്ദുമതത്തിലെ മൂല്യങ്ങളെയും അനാചാരത്തെയും സ്വാമികള്‍ തിരുത്തിയത്.
വിദ്യാഭ്യാസം ഏവരുടേയും ജന്മാവകാശമാണെന്നും ആഹാരം കഴിക്കരുതെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാത്തുപോലെ, വിദ്യ നിഷേധിച്ചാല്‍ അംഗീകരിക്കേണ്ടതില്ലെന്നുമുള്ള വിപ്ലവ സന്ദേശം ഇന്നും പ്രസക്തമാണ്. ലോകത്തെ നിരക്ഷര കോടികളുടെ അവകാശ പ്രഖ്യാപനമാണത്. മനുഷ്യന് ഭൗതിക ശരീരവും ജീവാത്മാവും ചേര്‍ന്നതാണ്. ആഹാരം ശരീര നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. അതുപോലെ ആത്മീയ വളര്‍ച്ചക്ക് വിദ്യകള്‍, വിശേഷിച്ച് ദൈവീകമായ ജ്ഞാനം ആവശ്യമാണ്. ജീവാത്മാവിന് പരമാത്മാവായിത്തീരാന് ദൈവീക ജ്ഞാനം കൂടിയേ കഴിയൂ. അത് അബ്രാഹ്മണര്‍ക്കും സ്ത്രീകള്‍ക്കും നിഷേധിക്കുന്നത് ആഹാരനിഷേധത്തേക്കാള് അപലപനീയമാണ്. വേദം മനുഷ്യമനസ്സിനെ ശുദ്ധിയാക്കുന്ന ജ്ഞാനമാണ്. അത് അറിവിന്റെ വെളിച്ചവും അഗ്നിയുമാണ്. അത് മനസ്സിനെ പവിത്രീകരിക്കുന്നതാണ്. വേദം പഠിച്ചാല്‍ മനസ്സിനെ അത് മലിനീകരിക്കുകയില്ല. വേദത്തിന് മാലിന്യമില്ല എന്നാണ് സ്വാമികള്‍ ഉപദേശിച്ചത്. വേദവും പൂജകളും പഠിച്ചവര്‍ക്ക് ക്ഷേത്രത്തില്‍ പൂജയും പ്രതിഷ്ഠയുമാകാമെന്നും ചട്ടമ്പിസ്വാമികള്‍ പ്രഖ്യാപിച്ചു. 1942 ലെ സെന്‍സസ് റിപ്പോര്‍ട്ടില്‍ ഇത് സ്വാമികളുടെ ഒരു പ്രധാന സംഭാവനയായി രേഖപ്പെടുത്തിയിരിക്കുന്നു.
ജീവജാലങ്ങളോടും പ്രകൃതിയോടും ഉള്ള ഒരു സാര്‍വലൗകിക സ്നേഹത്തിന്റെ മതമാണ് ചട്ടമ്പിസ്വാമികള്‍ എന്ന പ്രവാചകന്റേത്. സര്‍വ ജീവജാലങ്ങളേയും സ്നേഹിച്ചും കൂട്ടുകാരാക്കിയും അവരെ ലാളിച്ചും അന്നമൂട്ടിയും സംവദിച്ചും കഴിഞ്ഞുകൂടിയ ഒരു അഹിംസാമൂര്ത്തിയായിരുന്നു സ്വാമികള്‍. മനുഷ്യസ്നേഹം മുഖമുദ്രയാക്കിയ പ്രവാചകരെക്കാള്‍ എത്രയോ മുകളിലാണ് സകല ജീവജാലങ്ങളോടും സ്നേഹവും കാരുണ്യവും കാട്ടിയ ദിവ്യതയും മഹത്വവും.
സ്വാമികള്‍ സംസ്കൃതത്തിലും തമിഴിലും വിദ്വാനായിരുന്നു. വൈദിക-ദ്രാവിഡ സംസ്കാരങ്ങളെ സമന്വയിപ്പിച്ച് ഒരു പൊതു രീതിയാക്കുന്നതിന് സ്വാമികള്‍ ശ്രമിച്ചു. ശിഥിലീകരണത്തിന് പകരം സാംസ്കാരികോദ്ഗ്രഥനമാണ് സ്വാമികള്‍ ലക്ഷീകരിച്ചത്. വൈദിക ദൈവങ്ങളെയും ദ്രാവിഡ ദേവതകളെയും ഒന്നുപോലെ ആരാധിക്കുന്ന രീതിയെ കേരളീയരില്‍ പ്രോത്സാഹിപ്പിച്ചു. സന്യാസത്തിന് വേദാന്ത-സിദ്ധാന്ത പദ്ധതികള്‍ യോജിപ്പിച്ച് തീര്‍ത്ഥപാദ സമ്പ്രദായം കൊണ്ടുവന്നു. ഗൃഹസ്ഥനും സ്ത്രീകള്‍ക്കും ആ പദ്ധതിയില്‍ സ്ഥാനം നല്കി. പ്രതിമാപൂജയില്‍നിന്ന് യോഗ-ജ്ഞാന മാര്‍ഗത്തിലൂടെ അദ്വൈത സിദ്ധിയിലേക്ക് ഉയരാനായിരുന്നു തീര്‍ത്ഥപാദ സമ്പ്രദായം വിഭാവനം ചെയ്തത്.
അഹിംസാചരണം മോക്ഷത്തിലേക്ക് നയിക്കുന്ന ഒരു വഴിയായി സ്വാമികള്‍ സിദ്ധാന്തിച്ചു. ആദ്യം സസ്യഭുക്കായി അഹിംസയില്‍ പ്രവേശിക്കുക; പിന്നീട് ഉണങ്ങിയ ഇല ഭക്ഷിക്കുക, അതിന് ശേഷം അതും ഉപേക്ഷിച്ച് യോഗവായുവില് ഊര്‍ജം തേടി ജീവിക്കുക. ഇതാണ് മഹര്‍ഷിമാരുടെ അഹിംസാവ്രതം. സാധാരണക്കാര്‍ മാസം ഒഴിവാക്കി സസ്യഭക്ഷണമെങ്കിലും സ്വീകരിക്കാന്‍ സ്വാമി നിര്‍ദ്ദേശിക്കുന്നു. ഹിംസ രണ്ട് തരത്തില്‍ പാപമാണ്. ഒന്ന് ജീവിതഗതി തടയല്‍, രണ്ട് വേദനിപ്പിക്കല്, മാംസാഹാരം മനുഷ്യന്റെ മനസ്സിനെ മൃഗീയമാക്കുകയും ശരീരത്തില്‍ മാലിന്യം സൃഷ്ടിച്ച് കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാക്കുകയും ചെയ്യുന്നതാണ്. കാന്‍സര്‍ രോഗം വര്‍ധിച്ചുവരുന്ന ഇക്കാലത്ത് സ്വാമികളുടെ ഉപദേശത്തിന് പ്രത്യേക പ്രസക്തിയുണ്ട്.
ശ്രീനാരായണഗുരുദേവന്‍ ചരമശ്ലോകത്തില്‍ അനുശാസിച്ചതുപോലെ ചട്ടമ്പിക്വാമികള്, സര്വജ്ഞനായിരുന്നു. സര്‍വകലാവല്ലഭനായിരുന്നു. സദ്ഗുരുവും മഹാപ്രഭുവുമായിരുന്നു. ശുകമാര്ഗത്തിലൂടെ ബ്രഹ്മലീനനായ മഹര്‍ഷിവര്യനായിരുന്നു. വിവേകാനന്ദസ്വാമി പറഞ്ഞതുപോലെ എടുത്തുപറയേണ്ട മഹര്‍ഷിയായിരുന്നു. ചിന്മയാനന്ദസ്വാമി അനുസ്മരിച്ചതുപോലെ യോഗികളുടെയെല്ലാം മഹായോഗിയായിരുന്നു. മഹാത്മാഗാന്ധി പറഞ്ഞപോലെ സ്വാമികളുടെ സമാധിയില്‍ പോലും ശാന്തി അനുഭൂതമായിരുന്നു. വള്ളത്തോള്‍ പാടിയതുപോലെ അറിവിന്റെ പാരാവാരമായിരുന്നു. ശ്രീനാരായണന് വ്യക്തമാക്കിയതുപോലെ വ്യാസനും ശങ്കരനും ചേര്‍ന്നതായിരുന്നു. ഉള്ളൂരിന്റെ അഭിപ്രായത്തില്‍ പ്രത്യഗ്രശങ്കരനായിരുന്നു. ജീവിതത്തിന്റെ സര്‍വമേഖലകളിലും വ്യാപരിച്ചുകൊണ്ട് എല്ലാ രംഗത്തിനും തനതായ വിലപ്പെട്ട സംഭാവനകള്‍ നല്കി നവകേരള സൃഷ്ടിക്ക് സമഗ്രമായ സംഭാവനകള്‍ നല്കി അനുഗ്രഹിച്ച ഒരു ഈശ്വരപുരുഷന്‍, സ്വാമികളല്ലാതെ ലോകചരിത്രത്തില്‍ അധികമാരും കാണുകയില്ല.
ശാസ്താംകോട്ട രാമചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: