ഇസ്ലാമാബാദ്: മരുന്ന് കുംഭകോണത്തിന്റെ ഫലമായി പാക്കിസ്ഥാനില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വന്‍ ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയുടെ മകന്റെ നേതൃത്വത്തില്‍ മരുന്ന് വ്യാപാര മേഖലയില്‍ ഏഴ് ബില്യണ്‍ രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്.
സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസിനെത്തുടര്‍ന്ന് ആഫ്രിക്ക സന്ദര്‍ശനത്തിലായിരുന്ന മകനോട് യാത്ര വെട്ടിക്കുറച്ച് ഉടന്‍ രാജ്യത്തെത്തുവാന്‍ ഗിലാനി നിര്‍ദ്ദേശം നല്‍കിയിരുന്നു. ആന്റി നര്‍ക്കോട്ടിക്സ് ഫോഴ്സിന്റെ ഹര്‍ജിയില്‍ മൂസാ ഗിലാനി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കുഫ്നൂദ് ലഷാരി, ഡ്രഗ് കണ്ട്രോളര് അന്‍സര്‍ എന്നിവരുള്‍പ്പെടെ എട്ടുപേരുടെ പേരുകളാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
മെഡിക്കല്സ്റ്റോറുകളില്നിന്നും മറ്റുമായി പല ജീവന്‍രക്ഷാ മരുന്നുകളും കാണാതായിട്ടുണ്ടെന്നും അവ ഉയര്‍ന്ന വിലയ്ക്ക് വിറ്റഴിച്ചെന്നും നിയന്ത്രണം ഏര്‍പ്പെടുത്തിയ എഫിഡ്രൈന്‍ എന്ന വസ്തു മരുന്നുകളില്‍ നിയമവിരുദ്ധമായി ഉപയോഗിച്ചതായും ‘ഡോണ്‍’ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മരുന്നുകളുടെ ലഭ്യതക്കുറവ് സംബന്ധിച്ച് പാക്കിസ്ഥാന് ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറിംഗ് അസോസിയേഷന് ചെയര്മാന് ക്വാജ മൊഹമ്മദ് അസദാണ് വെളിപ്പെടുത്തിയത്.
ഇപ്പോഴത്തെ അവസ്ഥ തുടരുകയാണെങ്കില്‍ വരും ആഴ്ചകളില്‍ ഡയസ്പാം തുടങ്ങിയ മരുന്നുകളുടെ ലഭ്യതയില്‍ വന്‍ ക്ഷാം നേരിടേണ്ടതായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ 400ലധികം കമ്പനികള്‍ നിയന്ത്രണമേര്‍പ്പെടുത്തിയ കെമിക്കലുകള്‍ മരുന്ന് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന് അസോസിയേഷന് അറിയിച്ചു. അസംസ്കൃത വസ്തുക്കളുടെ ശേഖരം വളരെ കുറവായതിനാല്‍ കമ്പനികള്‍ക്ക് മരുന്ന് ഉല്‍പ്പാദനം നിര്‍ത്തലാക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് അസദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: