കൊച്ചി: അയല്‍വാസിയായ വീട്ടമ്മയെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച 75കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പളങ്ങി എസ്എന്‍ഡിപിക്ക് സമീപം വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അമേരിക്കന്‍ ജോസപ്പുകുട്ടി എന്ന് വിളിക്കുന്ന കോച്ചേരി ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്. ജോസഫിന്റെ വീടിനടുത്ത് താമസിക്കുന്ന മാളിയംവീട്ടില്‍ മാത്യുവിന്റെ ഭാര്യ മേഴ്സി(45)യെയാണ് പിസ്റ്റള്‍ ഉപയോഗിച്ച് വെടിവച്ചത്. വലത് കവിളില്‍ വെടിയേറ്റ മേഴ്സി എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രി മേഴ്സിയുടെ കുളിമുറിക്ക് സമീപം ഒളിച്ചുനിന്ന ജോസഫിനെ മേഴ്സിയുടെ ഭര്‍ത്താവ് മാത്യു ചോദ്യം ചെയ്തിരുന്നു. ഇത് കൂടാതെ പഞ്ചായത്ത് മെമ്പറിന്റെയടുത്തും ജോസഫിന്റെ അനിയനോടും പരാതി പറഞ്ഞിരുന്നു. ഇതില്‍ ക്ഷുഭിതനായ ജോസഫ് മേഴ്സിയെ വകവരുത്തുമെന്ന് പറഞ്ഞുവത്രെ. വെള്ളിയാഴ്ച രാവിലെ 6.45ഓടെ ജോലിക്ക് പോകുവാന്‍ പുറത്തിറങ്ങിയ മേഴ്സിയുടെ നേര്‍ക്ക് പിസ്റ്റളുമായി എത്തിയ പ്രതി ‘നീ പരാതി പറയും അല്ലേ’ എന്ന് ആക്രോശിച്ചുകൊണ്ട് നിറയൊഴിക്കുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ മേഴ്സിയുടെ ഭര്‍ത്താവ് ഇയാളെ തടയുകയായിരുന്നു. മാത്യുവും ജോസഫുമായി ഏറെനേരം മല്‍പ്പിടുത്തം നടന്നതായും സമീപവാസികള്‍ പറഞ്ഞു.
സംഭവത്തിനുശേഷം നിലത്ത് കിടന്ന മേഴ്സിയെ നാട്ടുകാരും പോലീസുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പള്ളുരുത്തി എസ്ഐ രാജേഷും സംഘവും ചേര്‍ന്ന് വെടിവക്കാന്‍ ഉപയോഗിച്ച തോക്ക് പ്രതിയുടെ വീട്ടില്‍നിന്നും കണ്ടെടുത്തു. കൃത്യം നടത്തിയതിനുശേഷം സ്വന്തം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് തന്നെ പിന്തുടരുന്നെന്ന സംശയത്താല്‍ എറണാകുളം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ അസുഖബാധിതനെന്ന വ്യാജേന ചികിത്സതേടിയെത്തി അഡ്മിറ്റാകാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പിന്തുടര്ന്നെത്തിയ പള്ളുരുത്തി സിഐ ഫ്രാന്‍സിസ് ഷെല്‍ബിയും സംഘവും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
ഏറെനാള്‍ അമേരിക്കയില്‍ ജോലി ചെയ്തിരുന്ന ജോസഫ് കുമ്പളങ്ങിയില്‍ അമേരിക്കന്‍ അച്ചായന് എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: