കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രി ഒ.പി. കെട്ടിടത്തിന്റെ ഒന്നാം നിലയുടെയും പുതിയ കാന്റീനിന്റെയും നിര്‍മാണം മെയ് 30-നകം പൂര്‍ത്തീകരിച്ച് കൈമാറിയിരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് നിര്‍ദേശിച്ചു. ഓരോ ആഴ്ചയും നിര്‍മാണ പുരോഗതി വിലയിരുത്തി നിര്‍മാണം നിശ്ചിത സമയത്തിനകം തീര്ക്കുമെന്നുറപ്പാക്കാന് പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
രണ്ടു കോടി രൂപയുടെ അസറ്റ്മെയിന്റനന്സ് ഫണ്ടുപയോഗിച്ചുളള പ്രവ്യത്തികള്‍ ആശുപത്രിയില്‍ നടന്നു വരികയാണ്. കാന്‍സര്‍ രോഗികള്‍ക്കായി 42 ലക്ഷം രൂപയുടെ മരുന്നുകള്‍ ഇതിനകം വാങ്ങിയിട്ടുണ്ട്. ഒരു വര്‍ഷത്തേക്കുളള മരുന്ന് സൗജന്യമായി നല്‍കാമെന്ന് സംസ്ഥാന മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് അറിയിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ജുനൈദ് റഹ്മാന് പറഞ്ഞു. ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം മെയ് അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കും. 11 മെഷീനുകളായിരിക്കും ആദ്യഘട്ടത്തിലുണ്ടാകുക. നിലവിലുളള ഡോര്‍മിറ്ററി ഡയാലിസിസ് കേന്ദ്രമായി മാറ്റാനാണ് നടപടി.
ആശുപത്രി വികസന സമിതിക്കു സ്വന്തമായി വരുമാനമുണ്ടാക്കുന്നതിനായി ആശുപത്രിയില്‍ പേവാര്‍ഡ് നിര്‍മിക്കുന്നതിന് യോഗം തീരുമാനിച്ചു. നിര്‍മാണത്തിനായി ജില്ലാ കളക്ടറുടെ ഇന്നൊവേറ്റീവ് പ്രോജക്ട് ഫണ്ട് ഉപയോഗപ്പെടുത്തും. ആശുപത്രിയിലെ നൂറോളം വരുന്ന കരാര്‍ ജീവനക്കാര്‍ക്ക് മിനിമം വേതനം നല്‍കുന്നതിന് നടപടിയെടുക്കണമെന്ന് എംഎല്‍എ മാരായ ഡൊമിനിക് പ്രസന്റേഷന്, ലൂഡി ലൂയിസ് എന്നിവര്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിലുണ്ടാകാവുന്ന സാമ്പത്തിക ബാധ്യത പഠിച്ചു റിപ്പോര്‍ട്ടു നല്കാന് യോഗം ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സുധാകരന്, ആരോഗ്യകേരളം ജില്ലാ പ്രേഗ്രാം മാനേജര്‍ ഡോ.കെ.വി.ബീന, ആശുപത്രി വികസന സമിതി അംഗങ്ങളായ കുമ്പളം രവി, എം.പി. രാധാകൃഷ്ണന് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: