അയ്യായിരം കിലോമീറ്റര്‍ പ്രഹരപരിധിയുള്ള, ഒന്നര ടണ്‍ ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള അഗ്നി-5 എന്ന ഭൂഖണ്ഡാന്തര മിസെയില്‍ വിക്ഷേപണത്തിന്റെ വിജയം ഇന്ത്യയെ രാജ്യാന്തര ബാലിസ്റ്റിക് ക്ലബില്‍ അംഗമാക്കുക മാത്രമല്ല ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ചിരകാലാഭിലാഷമായ യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള യോഗ്യതയും ഇത് പ്രദാനം ചെയ്തിരിക്കുകയാണ്. ഇതോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസെയില്‍ സ്വന്തമായുള്ള അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന് എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യയും എലൈറ്റ് ക്ലബില്‍ നേടിയിരിക്കുന്നു. അഭിമാനിക്കാന്‍ മാത്രമല്ല, പ്രതിരോധിക്കാനുള്ള ശേഷിയും കൂടിയാണ് അഗ്നി-5 വഴി ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്. അയല്‍രാജ്യമെങ്കിലും ശത്രുതാ മനോഭാവമുള്ള പാക്കിസ്ഥാനെ നേരിടാന്‍ അഗ്നി-3 ന് കഴിയുമായിരുന്നെങ്കിലും ഇന്ത്യക്ക് എന്നും ഭീഷണി ഉയര്‍ത്തുന്ന ചൈനയിലെ ബെയ്ജിംഗിനെ അഗ്നി-അഞ്ച് പ്രഹരപരിധിയില്‍ കൊണ്ടുവന്നത് ആഹ്ലാദവും സംതൃപ്തിയും നല്‍കുന്നതാണ്. ഇന്ത്യ ഇപ്പോള്‍തന്നെ ലോകത്തില്‍ സൈനികക്കരുത്തില് നാലാമതാണ്. ബ്രിട്ടന് പോലും ഇന്ത്യക്ക് പുറകിലാണ്. ഒഡീഷയിലെ വീലര്‍ ദ്വീപില്‍നിന്നും അഗ്നിച്ചിറകിലേറിയ ഈ ഭൂഖണ്ഡാന്തര മിസെയിലിന്റെ 80 ശതമാനം ഉപകരണങ്ങളും തദ്ദേശീയമായി നിര്‍മിക്കപ്പെട്ടതാണെന്ന വസ്തുതയും നമുക്ക് അഭിമാനം പകരുന്നതാണ്.
അഗ്നി അഞ്ചിന്റെ വിജയത്തില്‍ ചൈനയെപ്പോലെതന്നെ പാക്കിസ്ഥാനും ക്ഷുഭിതരാണ്. ലോകത്തിലെ ഏറ്റവും വലിയ ആണവ സാമ്പത്തികശക്തിയാകാന്‍ അശ്രാന്തപരിശ്രമം നടത്തുന്ന ചൈനക്ക് ഏഷ്യയിലുള്ള ഏക എതിരാളിയാണ് ഇന്ത്യ. ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം രണ്ട് കൊല്ലത്തിനുള്ളില്‍ 100 ബില്യണ്‍ കവിഞ്ഞെങ്കിലും രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കങ്ങള്‍ രൂക്ഷമാണ്. കാശ്മീര്‍ എന്നും വിവാദ വിഷയമായി ഉയര്‍ത്തുന്ന, ചൈനയുടെ അടിയാളരായ പാക്കിസ്ഥാനും ഇന്ത്യയുടെ ഉയരുന്ന മിസൈയില്‍ ശക്തി ആശങ്കക്ക് വക നല്‍കുന്നുണ്ട്. ചൈനയുടെ ഡെങ്ങ് ഫെങ്ങ്യിന്റെ പ്രഹരശേഷി 11500 കിലോമീറ്റര്‍ ആണെന്ന് ആ രാജ്യം വീമ്പിളക്കുന്നു. പക്ഷെ അഗ്നി അഞ്ചിന് ശേഷം കൂടുതല്‍ ആത്മവിശ്വാസത്തോടെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഈ രംഗത്ത് മുന്നേറുമെന്നുറപ്പാണ്. ചൈനയെയും പാക്കിസ്ഥാനെയും പോലുള്ള എതിരാളികള്‍ ഉള്ളപ്പോള്‍ ആഭ്യന്തര തലത്തിലും അതിര്‍ത്തി മേഖലകളിലും ഏത് തരത്തിലുള്ള ഭീഷണി നേരിടാനും ഇന്ത്യ സുശക്തമാണെന്ന ഒരു മുന്നറിയിപ്പുംകൂടിയാണ് അഗ്നി അഞ്ച്. അഗ്നി അഞ്ചിന്റെ വിജയകരമായ വിക്ഷേപണത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പ്രതിപക്ഷമായ ബിജെപിയും പ്രതിരോധമന്ത്രി എ.കെ. ആന്റണിയും ഇന്ത്യന്‍ ശാസ്ത്രസമൂഹവും ആഹ്ലാദത്തിലാണ്. ഇന്ത്യ ആണവായുധത്തിന്റെ കാര്യത്തില്‍ ‘ആദ്യം ഉപയോഗിക്കില്ല’ എന്ന തത്വത്തോട് പ്രതിബദ്ധത പുലര്‍ത്തുന്ന രാജ്യമാണ് എന്നത് ഇന്ത്യയുടെ ആണവ പ്രഹരശേഷിയോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ ഓര്‍ക്കേണ്ടതാണ്.
ഇന്ത്യയുടെ ആണവ നിര്‍വ്യാപന ശ്രമങ്ങള്‍ക്ക് ലോക അംഗീകാരം ലഭിച്ചിട്ടുണ്ട്. ചൈനക്ക് 100-200 ആണവായുധങ്ങളും 66 ഭൂഖണ്ഡാന്തര മിസെയിലുകളും ഉണ്ട്. ഇന്ത്യയുടേത് 50-60 ആണ്. അഗ്നി-5 ഇന്ത്യയുടെ ആദ്യത്തെ ഭൂഖണ്ഡാന്തര മിസെയിലാണ്. പക്ഷെ ഇതിന് അനേകം ആണവായുധങ്ങള്‍ ഘടിപ്പിക്കാനുള്ള ശേഷി നല്‍കാവുന്നതാണ്. പാക്കിസ്ഥാനാകട്ടെ ഷാഹിന്‍-1, ഷാഹിന്‍-2 മുതലായ മിസെയിലുകള്‍ ഇപ്പോള്‍തന്നെയുണ്ട്. അഗ്നി അഞ്ചിന്റെ പ്രായോഗികത ഉറപ്പുവരുത്തിയശേഷം ഇത് ഇന്ത്യന്‍ സേനയുടെ ആയുധപ്പുരയുടെ ഭാഗമാക്കും. സമാധാനത്തിന്റെ പാത പിന്തുടരുന്ന ഇന്ത്യ പക്ഷെ കീഴടങ്ങലിനില്ല എന്ന സന്ദേശം കൂടി അഗ്നി-5 നല്കുന്നു. എലൈറ്റ് രാജ്യങ്ങളടെ പട്ടികയില്‍ ഇന്ത്യയെ കൊണ്ടുചെന്നെത്തിച്ച അഗ്നി അഞ്ചിന്റെ മുഖ്യശില്പികളായ ഇന്ത്യന്‍ ശാസ്ത്രജ്ഞരില്‍ ആലപ്പുഴക്കാരിയായ ടെസ്സി തോമസ് ഉണ്ടെന്ന വസ്തുത കേരളീയര്‍ക്ക് അഭിമാനമാകുന്നു. ടെസ്സി തോമസ് രണ്ട് പതിറ്റാണ്ടായി ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞയാണ്. അഗ്നി മിസെയില്‍ പദ്ധതിയുടെ പ്രോജക്ട് മേധാവിയും ടെസ്സി തോമസ് ആണ്. അന്താരാഷ്ട്ര സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തുന്ന, ഇന്ത്യയുടെ നയതന്ത്രബന്ധങ്ങളിലും സുരക്ഷാ പങ്കാളിത്തത്തിലും ഉറച്ച വിശ്വാസമുള്ള അമേരിക്ക അഗ്നി-5 ന്റെ വിക്ഷേപണ വിജയത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രസ്താവിച്ചുകഴിഞ്ഞു. ഇന്ത്യയുടെ ഭൂഖണ്ഡാന്തര വിജയം ഒരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: