ഭുവനേശ്വര്‍: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയ ബി.ജെ.ഡി എം.എല്‍.എ ജിന ഹികാകയെ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇദ്ദേഹത്തെ മോചിപ്പിച്ചത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ പ്രജാ കോടതി മുന്‍പാകെ മാവോയിസ്റ്റുകള്‍ ഹാജരാക്കിയിരുന്നു. ഇവരുടെ തീരുമാനപ്രകാരമാണു മോചനം.
മാര്‍ച്ച് 24 നു കോരാപുട് ജില്ലയില്‍ നിന്നുമാണ് ജിനയെ ആന്ധ്ര ഒഡീശ ബോര്‍ഡര്‍ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റി ഒഫ് സി.പി.ഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്നു നിരവധി തവണ മാവോയിസ്റ്റുകള്‍ അന്ത്യശാസനം നല്കി.
29 മാവോയിസ്റ്റുകളെ മോചിപ്പിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതില്‍ 13 പേരെ വിട്ടയയ്ക്കാന് സര്‍ക്കാര്‍ തയാറായി. അന്ത്യശാസനം ബുധനാഴ്ച അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ ജിനയെ ഉച്ചയ്ക്ക് പ്രജാ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: