പരപ്പ: പൊള്ളുന്ന വേനലിന് ശമനമേകി പെയ്ത ഇടിയോടും കാറ്റോടും കൂടിയ വാന്‍ മഴയില്‍ മലയോരത്ത് വ്യാപകമായ നാശനഷ്ടം. കനത്ത മഴയില്‍ നേരത്തെ തകര്‍ന്നുകിടന്നിരുന്ന റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാലിച്ചാമരം പരപ്പ റോഡ് മഴവെള്ള സംഭരണിയായി മാറിയത് കൂടാതെ ഒടയംചാല്‍ ചെറുപുഴ റോഡില്‍ ഇടത്തോട് പാലം, മാങ്ങോട് പാലം, ഭീമനടി പാലം എന്നിവിടങ്ങളില്‍ വെള്ളം കയറി. വൈദ്യുതി പോസ്റ്റുകള്‍ കടപുഴകി വീണതിനാല്‍ താറുമാറായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കും. മഴയോടനുബന്ധിച്ചുണ്ടായ വാന്‍ കാറ്റില്‍ ആയിരക്കണക്കിന് റബ്ബര്‍, കശുമാവ്, വാഴ, വൃക്ഷങ്ങള്‍ എന്നിവ കടപുഴകി വീണു. റോഡിലേക്കു വൃക്ഷങ്ങള്‍ വീണു പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. പരപ്പ ഹരിജന്‍ കോളനിയിലെ നാലുവീടുകള്‍ ഭാഗികമായും ചെമ്പന്‍ എന്നയാളുടെ വീട് പൂര്‍ണ്ണമായും തകര്‍ന്നു. നാശനഷ്ടങ്ങള്‍ വലിയതോതിലുണ്ടെങ്കിലും ചുട്ടുപൊള്ളുന്ന വേനലില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി അപ്രതീക്ഷിതമായി പെയ്തിറങ്ങിയ വേനല്‍മഴ. അട്ടേങ്ങാനത്ത് വണ്ണാര്‍ക്കോല്‍ തമ്പാന്‍ നായരുടെ ഉടമസ്ഥതയിലുള്ള സ്കോര്‍പ്പിയൊ വണ്ടിക്ക് മുകളിലാണ് റോഡരികില്‍ നിന്ന് മരം പൊട്ടി വീണത.് വാഹനത്തിണ്റ്റെ കാബിന്‍ പൂര്‍ണ്ണമായി തകര്‍ന്നു. വാഹനം ഓടിച്ചിരുന്ന തമ്പാന്‍ നായരുടെ മകന്‍ തുഷാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവിടെ ഗതാഗതം പൂര്‍ണ്ണമായി ഒരുമണിക്കൂറോളം നിലച്ചു. കനത്തമഴയില്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയതിനാല്‍ മരം മുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. പലരുടെയും വീടുകള്‍ക്കും കേട്പാട് സംഭവിച്ചു. കാറ്റില്‍ കോടോം മേഖലയിലെ നിരവധിപേരുടെ കുലച്ചവാഴകള്‍ നിലംപൊത്തി. റബര്‍മരങ്ങള്‍ പൊട്ടിവീണും കവുങ്ങുകള്‍ തലഒടിഞ്ഞും ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: