കൊച്ചി: ജില്ലയില്‍ കുടിവെളള ടാങ്കര്‍ ഉടമകള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടാങ്കര്‍ ലോറികളുടെ സമരം പിന്‍വലിച്ചു. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീതിന്റെ അധ്യക്ഷതയില്‍ കുടിവെളള വിതരണ ടാങ്കറുകളുടെ ഉടമകളുമായി നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്.
കുടിവെളള ക്ഷാമമനുഭവിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്രധാന സമയങ്ങളൊഴികെ ബാക്കിയുളള മുഴുവന്‍ സമയവും ടാങ്കറുകള്‍ക്ക് കുടിവെളളം വിതരണം ചെയ്യാനും ചര്‍ച്ചയില്‍ തീരുമാനമായി. പകല്‍ സമയം രാവിലെ എട്ട് മുതല്‍ 10 വരെയും വൈകിട്ട് നാലു മുതല്‍ ആറ് വരെയും തിരക്കുളള സമയമായതിനാല്‍ ഈ സമയങ്ങളില്‍ കൂടിവെളളവിതരണത്തിന് നിയന്ത്രണമുണ്ടാകും. എന്നാല്‍ പോലീസ്-ആര്.ടി.ഒ-റവന്യൂ ആരോഗ്യ വകുപ്പധികൃതരുടെ സംയുക്ത പരിശോധന കാര്യക്ഷമമായി തുടരുമെന്നും കളക്ടര്‍ വ്യക്തമാക്കി.
നിലവില്‍ 26 സ്വകാര്യ സ്രോതസുകളില്‍ നിന്ന് കുടിവെളളം ശേഖരിക്കുന്നതിനാണ് അനുമതിയുളളത്. ഇതിന് പുറമെ ജലഅതോറിറ്റിയുടെ കീഴിലുളള ആലുവ, തമ്മനം, പറവൂര്‍ എന്നീ സ്രോതസുകളില്‍ നിന്ന് 24 മണിക്കൂറും ചൂണ്ടി, പെരുമാനൂര്‍, മുപ്പത്തടം എന്നീ സ്രോതസുകളില്‍ നിന്ന് പകല്‍ സമയങ്ങളിലും വെളളം നല്‍കും. ഇവിടങ്ങളില്‍ 1000 ലിറ്ററിന് 30 രൂപയാണ് ജല അതോറിറ്റി ഈടാക്കുക. ജലവിഭവ വകുപ്പ് വിതരണം ചെയ്യുന്ന ആറ് സ്രോതസുകളില്‍ നിന്ന് വെളളമെടുക്കുന്നതിന് മുന്‍കൂറായി പണമടച്ച് പ്രത്യേക പാസ് കൈപ്പറ്റാമെന്നും കളക്ടര്‍ പറഞ്ഞു. ഈ ജലസ്രോതസുകള്‍ക്ക് പുറമെ കൂടുതല്‍ ജലസ്രോതസുകള്‍ പരിശോധിച്ച് കുടിവെള്ളമെടുക്കുന്നതിന് അനുമതി നല്‍കും .
അംഗീകൃത ജലസ്രോതസുകള്‍ എല്ലാ ആഴ്ചയിലും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കളക്ടര്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിതരണത്തിനെത്തിക്കുന്ന കുടിവെളളം മലിനമാണെന്ന് തെളിഞ്ഞാല്‍ ജലസ്രോതസിന്റെ ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും. അംഗീകാരമുളള ജലസ്രോതസുകള്‍ക്ക് പുറമെ അനധികൃതമായി വെളളമെടുക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള ശക്തമായ നടപടി സ്വകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്കി.
പെരിയാറില്‍ നിന്ന് വെളളമെടുക്കുന്നത് നിലവില്‍ നിരോധിച്ചിട്ടുണ്ട്. കുടിവെളള ടാങ്കറുകള്‍ ഉപയോഗിച്ച് നിര്‍മാണ മേഖലയിലേക്ക് വെളളമെത്തിക്കുന്നത് ശിക്ഷാര്‍ഹമാണ്. നിര്‍മാണ മേഖലയില്‍ വെള്ളമെത്തിക്കുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക പെയിന്റിംഗ് ചെയ്യണം. കൂടാതെ ജില്ലാ ഭരണകൂടം ഇറക്കിയ സര്‍ക്കുലര്‍ എല്ലാ വാഹനങ്ങളിലും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിന് പുറമെ സമയുള്പ്പെടെ ഏതു ജലസ്രോതസില്‍ നിന്നാണ് കുടിവെളളം ശേഖരിച്ചിരിക്കുന്നതെന്ന് വാഹനങ്ങളില്‍ പ്രസിദ്ധപ്പെടുത്തണം.
ജലജന്യ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാതിരിക്കാനുളള എല്ലാ നടപടികളും ഭരണകൂടം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മഞ്ഞപ്പിത്ത കേസുകള്‍ കുറവാണെങ്കിലും ആവശ്യമായ എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. പശ്ചിമ കൊച്ചിയുള്‍പ്പെടെയുളള പ്രദേശങ്ങളില്‍ പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ജലഅതോറിറ്റി വിതരണം ചെയ്യുന്ന പൈപ്പുകള്‍ മുറിച്ചുമാറ്റി അനധികൃതമായി വെളളമെടുക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ വെളളമെടുക്കുമ്പോള് കാനകളില്‍ നിന്നുളള വെളളം കയറാന്‍ കാരണമാകും. ഇതു തടയുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കി.
യോഗത്തില്‍ അസി.പോലീസ് കമ്മീഷണര്‍ ടി.ഗോപാലകൃഷ്ണപിളള, ആര്‍ടിഒ ടി.ജെ.തോമസ്, ജില്ലാ റൂറല്‍ ഹെല്‍ത്ത് ഓഫീസര്‍ പി.എന്‍.ശ്രീനിവാസന്, ജലഅതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ വിനയ.ജി, ജലവിതരണ അസോസിയേഷന് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: