കൊച്ചി: മലയാള നാടക വേദിക്ക് നല്കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച്, കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അതി വിശിഷ്ട പുരസ്കാരമായ എസ്.എല്‍.പുരം സദാനന്ദന് നാടക പുരസ്കാര സമര്‍പ്പണം നാളെ അങ്കമാലിയില്‍ നടക്കും. വര്‍ഷങ്ങളായി നാടകവേദിയില്‍ നിറഞ്ഞുനില്ക്കുന്ന എം.എസ്.വാര്യര്‍ക്കാണ് ഈ വര്‍ഷത്തെ പുരസ്ക്കാരം.
നാളെ ഉച്ചയ്ക്ക് 2 മണിക്ക് സിഎസ്എ ഓഡിറ്റോറിയത്തില്‍ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന നാടക സെമിനാറോടുകൂടി പരിപാടികള്‍ ആരംഭിക്കും. അക്കാദമി വൈസ് ചെയര്മാന് ടി.എം.അബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ പ്രൊഫ.എം.തോമസ് മാത്യു സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു. നാടകം കൃതിയും അരങ്ങും എന്ന വിഷയത്തില്‍ നാടക പ്രതിഭകളായ സേവ്യര്‍ പുല്‍പ്പാട്ട്, മരട് ജോസഫ്, നെല്‍സണ്‍ ഫെര്‍ണാണ്ടസ്, രമേഷ് വര്‍മ, ഇ.കെ.പുതുശ്ശേരി, ചെറുന്നിയൂര്‍ ജയപ്രസാദ് എന്നിവര്‍ സംസാരിക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന പുരസ്ക്കാര സമര്‍പ്പണ സമ്മേളനം, അഡ്വ.ജോസ് തെറ്റയില്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ കെ.പി.ധനപാലന് എംപി ഉദ്ഘാടനം ചെയ്യും. അക്കാദമി സെക്രട്ടറി ഡോ.പി.വി.കൃഷ്ണന് നായര്‍ സ്വാഗതഭാഷണം നടത്തും. ജൂറി കമ്മറ്റി അംഗവും ലളിത കലാ അക്കാദമി സെക്രട്ടറിയുമായ ശ്രീമൂലനരഗം മോഹന്‍ പുരസ്ക്കാരജേതാവ് എം.എസ്.വാര്യരെ സദസ്സിന് പരിചയപ്പെടുത്തും.
അക്കാദമി ചെയര്മാന് സൂര്യകൃഷ്ണമൂര്‍ത്തി പ്രശസ്തിപത്രസമര്‍പ്പണവും സാംസ്ക്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് എസ്എല്‍പുരം സദാനന്ദന് നാടകപുരസ്ക്കാരസമര്പ്പണവും നടത്തും. തുടര്‍ന്ന് 5 മണിക്ക് പ്രശസ്ത ഗായകന് തോപ്പില്‍ ആന്റോയും സംഘവും അവതരിപ്പിക്കുന്ന നാടക ഗാനമേളയോടെ അക്കാദമിയുടെ പുരസ്ക്കാര സമര്പ്പണപരിപാടികള്ക്ക് തിരശ്ശീല വീഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: