ഇന്ത്യയിലെ ആദ്യത്തെ മുഴുനീള ഫീച്ചര്‍ സിനിമ ‘രാജാഹരിശ്ചന്ദ്ര’ നൂറാം വയസ്സിലേക്ക് കടക്കുന്നു. 1913 ഏപ്രില്‍ മാസത്തിലാണ് മുംബൈയിലെ കോര്‍ണേഷന്‍ തീയറ്ററില്‍ ‘രാജാഹരിശ്ചന്ദ്ര’ പ്രദര്‍ശിപ്പിക്കപ്പെട്ടത്. നൂറാം വയസ്സിലേക്ക് ഇന്ത്യയിലെ ആദ്യ ഫീച്ചര്‍ സിനിമ കടക്കുമ്പോള്‍ ഈ കാലയളവിനുള്ളില്‍ ഇന്ത്യന്‍ സിനിമയിലുണ്ടായ മാറ്റം ഏറെ വലുതാണെന്ന് സമ്മതിക്കുമ്പോഴും ആദ്യ മുഴുനീള ചലച്ചിത്രത്തിന്റെ നിര്‍മ്മാണത്തിനു പിന്നില്‍ ദണ്ഡിരാജ്ഗോവിന്ദ് ഫാല്‍ക്കെ എന്ന ദാദാസാഹിബ് ഫാല്‍ക്കെ അനുഭവിച്ച വേദനകളും സമര്‍പ്പിച്ച ജീവിതവും അതിലും വലുതാണെന്ന് സമ്മതിക്കാതിരിക്കാന്‍ കഴിയില്ല.
ഇന്ത്യന്‍ സിനിമയുടെ പിതാവായാണ് മറാത്തക്കാരനായ ദണ്ഡിരാജ്ഗോവിന്ദ് ഫാല്‍ക്കെ അറിയപ്പെടുന്നത്. തെരുവില്‍ ജാലവിദ്യ കാട്ടി ജനങ്ങളെ രസിപ്പിച്ചിരുന്ന മാജിക്കുകാരനില് നിന്ന് ഇന്ത്യന്‍ സിനിമയുടെ പിതാവെന്ന പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ ഉയര്‍ച്ചയ്ക്കു പിന്നില്‍ സിനിമയ്ക്കായി മാത്രം ജീവിച്ച ജീവിതമുണ്ട്. മാജിക്കുകാരന് പിന്നീട് സ്റ്റേജില്‍ അദ്ഭുതങ്ങള്‍ കാട്ടി വിസ്മിപ്പിക്കുന്ന നാടകക്കാരനായി. ഫാല്‍ക്കെയുടെ ആ ശ്രമം ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ന് കാണുന്ന തരത്തില്‍ സാങ്കേതികമായി വികസിച്ച രീതിയില്‍ ഇന്ത്യയില്‍ സിനിമ വളരാന്‍ കാലങ്ങളെടുത്തേനെ.
ലോകത്ത് സിനിമ കണ്ടുപിടിച്ച നാളുകളില്‍ തന്നെ ഇന്ത്യയിലും സിനിമാ പ്രദര്‍ശനം ആരംഭിച്ചെങ്കിലും ഒരു കലാരൂപമെന്ന നിലയില്‍ സിനിമ ഇന്ത്യയില്‍ വികസിത രൂപം പ്രാപിക്കാന്‍ 1913ല്‍ ‘രാജാഹരിശ്ചന്ദ്ര’ വെള്ളിത്തിരയിലെത്തേണ്ടി വന്നു. തെരുവില്‍ ജാലവിദ്യകാട്ടി ജനങ്ങളെ രസിപ്പിച്ചിരുന്ന ദണ്ഡിരാജ്ഗോവിന്ദ് ഫാല്‍ക്കെ ‘ക്രിസ്തുവിന്റെ ജീവചരിത്ര’മെന്ന സിനിമ കാണാനിടയായതാണ് ഇന്ത്യന്‍ സിനിമയുടെ ഗതിമാറ്റിമറിച്ചതെന്ന് പറയാം. പ്രകാശത്തിനൊപ്പം വെള്ളിത്തിരയില്‍ പതിയുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയുമൊക്കെ രൂപങ്ങള്‍ മറ്റാരെയും പോലെ ഫാല്‍ക്കെയെയും വിസ്മയിപ്പിച്ചു. ക്രിസ്തുവിന്റെ ജീവിതകഥപോലെ, ശ്രീകൃഷ്ണ ചരിതവും സിനിമയാക്കാമെന്ന് ഫാല്‍ക്കെ തീരുമാനിച്ചു. തെരുവിലെ ജാലവിദ്യ അവസാനിപ്പിച്ച് അദ്ദേഹം അതിനായുള്ള ശ്രമങ്ങളാരംഭിച്ചു. എന്നാല്‍ സിനിമയാക്കാന്‍ കഴിഞ്ഞത് രാജാഹരിശ്ചന്ദ്രയുടെ കഥയാണ്. അങ്ങനെ ആദ്യ ഇന്ത്യന്‍ മുഴുനീള ഫീച്ചര്‍ സിനിമ പുറത്തു വന്നു.
അക്കാലത്ത് സിനിമ സ്വപ്നം കാണ്ടുനടന്ന നിരവധിയാളുകളുണ്ടായിരുന്നു. എന്നാല്‍ ഫാല്‍ക്കെ സ്വപ്നം കാണുക മാത്രമല്ല ചെയ്തത്. സ്വപ്ന സാക്ഷാത്കാരത്തിനായി കഠിനമായി അധ്വാനിക്കുകയും ചെയ്തു. സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ചും പണയപ്പെടുത്തിയുമാണ് ഫാല്‍ക്കെ സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയത്. ലണ്ടനില്‍ പോയി സിനിമയുടെ സാങ്കേതിക വശങ്ങള് അദ്ദേഹം പഠിച്ചു. സിനിമകള്‍ സംവിധാനം ചെയ്ത് ലണ്ടനില്‍ കഴിയാനുള്ള ബ്രിട്ടീഷുകാരുടെ നിര്‍ദ്ദേശം ഫാല്‍ക്കെ നിരസിച്ചു. ഇന്ത്യയില്‍ സിനിമാ സംസ്കാരത്തിനു തുടക്കമിടുകയാണ് തന്റെ ദൗത്യമെന്ന് അദ്ദേഹം വിശ്വസിച്ചു. സിനിമയെ വ്യാവസായികമായി വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നും ഭാവിയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന കലാരൂപമായി അതുമാറുമെന്നുമുള്ള ദീര്‍ഘവീക്ഷണവും ഉള്‍ക്കാഴ്ചയും ഫാല്ക്കെയ്ക്കുണ്ടായിരുന്നു.
ആദ്യ സിനിമ നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫാല്‍ക്കെയ്ക്ക് ജീവിതത്തിലെല്ലാം നഷ്ടമായി. ഭാര്യയുടെ ആഭരണങ്ങളും വീടും എല്ലാം വിറ്റ് അദ്ദേഹം സിനിമയ്ക്കുവേണ്ടിയുള്ള പരീക്ഷണങ്ങള്‍ നടത്തി. നാട്ടുകാര്‍ അദ്ദേഹത്തെ ഭ്രാന്തനെന്നു വിളിച്ചു. സ്ത്രീകള്‍ അഭിനയിക്കാന്‍ വരാന്‍ മടിക്കുന്ന കാലമായിരുന്നു അത്. നടികളെത്തേടി ചുവന്ന തെരുവില്‍പ്പോലും ഫാല്‍ക്കെ അലഞ്ഞു. ഒടുവില്‍ പുരുഷന്മാര്തന്നെയാണ് സ്ത്രീവേഷം കെട്ടിയത്. വീട്ടില്‍ത്തന്നെ സെറ്റിട്ടാണ് ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. മേക്കപ്പിട്ട താരങ്ങളുമായി കാട്ടില്‍ പോയപ്പോള്‍ എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തു. കുന്തങ്ങളും വാളും ശൂലവുമൊക്കെ കണ്ടപ്പോള്‍ ഏതോ കൊള്ളസംഘമാണെന്നാണ് പോലീസ് ധരിച്ചത്. എല്ലാ പ്രതിസന്ധികളും മറികടന്നാണ് 1913 ല്‍ മുംബൈയിലെ കോര്‍ണേഷന്‍ തിയേറ്ററില്‍ ‘രാജാഹരിശ്ചന്ദ്ര’ പ്രദര്‍ശിപ്പിച്ചത്.
രാജാഹരിശ്ചന്ദ്ര നിര്‍മ്മിക്കാന്‍ ഫാല്‍ക്കെ അനുഭവിച്ച മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ എത്രത്തോളമുണ്ടെന്ന് പുതുതലമുറയെ അറിയിക്കാനായി ഒരു സിനിമ ഉണ്ടായിട്ടുണ്ട്. മറാത്തി നാടകരംഗത്ത് പ്രശസ്തനായ പരേഷ് മൊകാഷി സംവിധാനം ചെയ്ത ‘ഹരിശ്ചന്ദ്രചി ഫാക്ടറി’യാണത്. ഫാല്ക്കെയ്ക്കുള്ള ആദരവുകൂടിയാണ് ആ സിനിമ. 2009ലെ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്റെ അവാര്‍ഡ് ഈ ചിത്രത്തിനായിരുന്നു. നവാഗത സംവിധായകനുള്ള തിരുവനന്തപുരം ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ ജി. അരവിന്ദന് പുരസ്കാരമുള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ നേടിയിട്ടുണ്ട് ഈചിത്രം. 2009 ല്‍ പുറത്തിറങ്ങിയ സിനിമ ആ വര്‍ഷം ഒസ്കാറിലേക്ക് മത്സരിക്കുകയും ചെയ്തു. രണ്ടുകോടി ചെലവിട്ടു നിര്‍മ്മിച്ച ‘ഹരിശ്ചന്ദ്രചി ഫാക്ടറി’ മൂന്നു കോടിരൂപ നേടി ബോക്സ് ഓഫീസില്‍ ഹിറ്റായി. ദാദസാഹേബ് ഫാല്‍ക്കെ എന്ന സിനിമാ സംവിധായകന്, നിര്‍മ്മാതാവിന്, മറാത്തക്കാരന് മറാത്തി ജനത നല്കിയ ആദരവായിരുന്നു’ഹരിശ്ചന്ദ്രചി ഫാക്ടറി’.
ഫാല്‍ക്കെയുടെ മുഴുവന്‍ ജീവചരിത്രവും സംവിധായകന് ‘ഹരിശ്ചന്ദ്രചി ഫാക്ടറി’യില്‍ അനാവരണം ചെയ്യുന്നില്ല. ചലച്ചിത്രകാരനാവാനുള്ള ശ്രമത്തില്‍ ഫാല്‍ക്കെ നേരിട്ട വൈതരണികളാണ് സിനിമയുടെ വിഷയം. സിനിമ ഒരഭിനിവേശമായി മനസ്സില്‍ നിറഞ്ഞതുതൊട്ട് ആദ്യചിത്രമായ ‘രാജാഹരിശ്ചന്ദ്ര’ റിലീസായതുവരെയുള്ള രണ്ടുവര്‍ഷമാണ് സംവിധായകന് വിവരിക്കുന്നത്. റോഡരുകിലെ കൂടാരത്തില്‍ കറുപ്പിലും വെളുപ്പിലും ക്രിസ്തുവിന്റെ ജീവിതം വെള്ളിത്തിരയിലെത്തിയത് കാഴ്ചക്കാരനായി നോക്കിക്കാണുകയും അവിടെ നിന്നു കിട്ടിയ തുണ്ടു ഫിലിമുകള്‍ ആശ്ചര്യത്തോടെ നോക്കിയതും മുതല്‍ പ്രതിസന്ധികള്‍ എല്ലാം മറികടന്ന് ‘രാജാഹരിശ്ചന്ദ്ര’ മുംബൈയിലെ കോര്‍ണേഷന്‍ തീയറ്ററിന്റെ വെള്ളിത്തിരയില്‍ കാണുന്നതുവരെയാണ് ‘ഹരിശ്ചന്ദ്രചി ഫാക്ടറി’ എന്ന സിനിമ.
‘രാജാഹരിശ്ചന്ദ്ര’ നിശബ്ദ ചിത്രമായിരുന്നു. തന്റെ 20 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ ദാദാസാഹിബ് ഫാല്‍ക്കെ 95 സിനിമകളും 26 ഹ്രസ്വ ചിത്രങ്ങളും നിര്‍മ്മിച്ചു. മോഹിനി ഭസ്മാസുര്, സത്യവാന് സാവിത്രി, ലങ്കാദഹന്‍, ശ്രീകൃഷ്ണജന്മ, കാളിയമര്‍ദ്ദന്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചലച്ചിത്രങ്ങളാണ്. 1969 മുതല്‍ ദാദാസാഹിബ് ഫാല്‍ക്കെയോടുള്ള ആദരസൂചകമായി ഭാരത സര്‍ക്കാര്‍ സിനിമയില്‍ മികച്ച സംഭാവന നല്‍കിയവര്‍ക്ക് ഫാല്‍ക്കെ പുരസ്കാരം നല്‍കിത്തുടങ്ങി.
1931ല്‍ പുറത്തിറങ്ങിയ അര്‍ദീഷിര്‍ ഇറാനിയുടെ ‘ആലംആറ’യാണ് ഇന്ത്യയിലെ ആദ്യത്തെ സംസാരിക്കുന്ന സിനിമ. 1955ല്‍ പുറത്തുവന്ന ‘പഥേര്‍ പാഞ്ചാലി’ ഇന്ത്യന്‍ സിനിമാസങ്കല്പങ്ങളെ ഇളക്കിമറിച്ചു. സത്യജിത്റായ് എന്ന ലോകോത്തര സംവിധായകനെ ഭാരതത്തിന് ഈ ചിത്രം സംഭാവനചെയ്തു. റായിക്കു ശേഷം ഋത്വിക് ഘട്ടക്, മൃണാള്‍ സെന്‍ എന്നിവര്‍ ഇന്ത്യന്‍ സിനിമയ്ക്ക് ഏറെ സംഭാവനകള്‍ നല്കി. പിന്നീടിങ്ങോട്ട് നിരവധി സംവിധായകരും സിനിമാ പ്രവര്‍ത്തകരും ഇന്ത്യന്‍ സിനിമയെ ലോകോത്തര നിലവാരത്തിലേക്കെത്തിച്ചു. അപ്പോഴും 99 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയിലെ കോര്‍ണേഷന്‍ തീയറ്ററില്‍ പ്രദര്‍ശിപ്പിച്ച ‘രാജാഹരിശ്ചന്ദ്ര’ എന്ന നിശബ്ദചിത്രത്തിന്റെ പ്രസക്തിക്ക് കുറവൊന്നും സംഭവിക്കുന്നില്ല. സിനിമയില്‍ ഇന്നുകാണുന്ന വളര്‍ച്ചയിലേക്കുള്ള ആദ്യ പടി ‘രാജാഹരിശ്ചന്ദ്ര’യായിരുന്നു. നൂറാം വയസ്സിലേക്ക് ‘രാജാഹരിശ്ചന്ദ്ര’കാലെടുത്തു വയ്ക്കുമ്പോള്‍ ഓര്‍ക്കപ്പെടുന്നത് ഫാല്‍ക്കെ എന്ന മഹാനായ മനുഷ്യനെയാണ്.
‘രാജാഹരിശ്ചന്ദ്ര’ ഉണ്ടായിരുന്നില്ലെങ്കില്‍ മറ്റൊരു സിനിമ ഉണ്ടാകുമായിരുന്നു. പക്ഷേ, ഫാല്‍ക്കെ എന്ന സമര്‍പ്പിത ജീവിതത്തില്‍ നിന്ന് ഇന്ത്യന്‍ സിനിമയ്ക്ക് ഒന്നും പഠിക്കാന്‍ കഴിയുമായിരുന്നില്ല. ‘രാജാഹരിശ്ചന്ദ്ര’യ്ക്കു നല്കുന്ന നൂറിന്റെ ആദരവ് പൂര്‍ണ്ണമായും ഫാല്ക്കെയ്ക്കുള്ളതാണ്.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: