നെയ്യാറ്റിന്‍കരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ആക്കിയിരിക്കുന്നത് ക്രിസ്ത്യന്‍ നാടാരായ എഫ്.ലോറന്‍സിനെയാണ്. സിപിഎമ്മില്‍നിന്ന് രാജിവെച്ച് എംഎല്‍എ സ്ഥാനം പരിത്യജിച്ച് സന്നിഗ്ദ്ധ ഘട്ടത്തില്‍ യുഡിഎഫിന് കൈത്താങ്ങായി ഇറങ്ങിവന്ന ക്രൈസ്തവ നാടാര്തന്നെയായ സെല്‍വരാജാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. രണ്ടു കക്ഷികളും ലക്ഷ്യമിടുന്നത് നാടാര്‍ വോട്ടുകളെയാണ്. സാമുദായിക പരിഗണനയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ലോറന്‍സിനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ 50 ശതമാനം നാടാര്‍ വിഭാഗമാണ്. പണ്ട് വിവേകാനന്ദന് കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത് ഇവിടെ നിലനിന്ന തീണ്ടല്-തൊടീല് വ്യവസ്ഥിതിക്കെതിരെ പ്രതികരിച്ചായിരുന്നു. ഗാന്ധിജി മതേതര ചിന്ത പ്രോത്സാഹിപ്പിക്കുകയും ശ്രീനാരായണ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം തത്വം പ്രചരിപ്പിക്കുകയും ചെയ്തശേഷവും കേരളത്തില്‍ ഇന്നും ജാതി-മതവിഭാഗീയത നിലനില്‍ക്കുന്നത് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ജാതിമത വിഭാഗീയ മനഃസ്ഥിതിയെ പ്രോത്സാഹിപ്പിക്കുന്നത് കാരണമാണ്. മുസ്ലീംലീഗ് അഞ്ചാം മന്ത്രിപദം പിടിച്ചുവാങ്ങിയപ്പോള്‍ ഉമ്മന്‍ചാണ്ടി കീഴടങ്ങിയത് എങ്ങനെ എങ്കിലും അധികാരത്തില്‍ തുടരണം എന്ന ഏകലക്ഷ്യത്തോടെയായിരുന്നു. ആ വിവാദത്തിലും ഉരുത്തിരിഞ്ഞത് ശക്തമായി നിലനില്‍ക്കുന്ന ജാതി-മത ചിന്ത തന്നെയാണ്. മുസ്ലീംലീഗ് മതപരമായ ഒരു അവകാശവാദമാണ് മുന്നോട്ട് വച്ചത്. മത്തായി ചാക്കോയുടെ അന്ത്യകൂദാശയും അബ്ദുള്ളക്കുട്ടിയുടെ ഹജ്ജ് പര്യടനവും മതമില്ലാത്ത ജീവനെ ഉല്‍ഘോഷിക്കുന്ന പാഠപുസ്തകമിറക്കലും മറ്റും വിവാദമാക്കി സിപിഎം മതനിരപേക്ഷത ഉല്‍ഘോഷിക്കുമ്പോഴും പ്രതിപക്ഷ നേതാവ് അച്യുതാനന്ദന് മുസ്ലീംലീഗിന് അഞ്ചാം മന്ത്രിപദവി നല്കിയാല് സാമുദായിക സന്തുലനം നഷ്ടമാകും എന്നാണല്ലോ പ്രതികരിച്ചത്.
ഇടതുപക്ഷവും സാമുദായിക പ്രീണനത്തില്‍ ഒട്ടും പുറകിലല്ലെന്നും തെളിയിച്ചാണ് മുന്‍ സ്പീക്കര്‍ വിജയകുമാര്‍ ലീഗിന്റെ അഞ്ചാം മന്ത്രി പദവിയില്‍ ഇടഞ്ഞുനില്‍ക്കുന്ന എന്‍എസ്എസിനെ വശത്താക്കാന്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പെരുന്നയിലേക്ക് തീര്‍ത്ഥാടനം നടത്തിയത്. സിപിഎം സെക്രട്ടറിയേറ്റില്‍ മൂന്ന് പുതിയ മുഖങ്ങള്‍ വന്നത് വിരമിച്ചവരുടെ സമുദായങ്ങളില്‍ നിന്നുള്ളവരാണെന്നതും ശ്രദ്ധേയമാണ്. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നത് ഭൂരിപക്ഷമാണെന്ന ധാരണ പടരുന്നത് നെയ്യാറ്റിന്‍കരയില്‍ ഭൂരിപക്ഷ സമുദായത്തിനാണ് മുന്‍ഗണന എന്ന തിരിച്ചറിവിലാണ്. ജനങ്ങളുടെ മാനസികമായ വിഭാഗീയത യഥാര്‍ത്ഥത്തില്‍ ഊട്ടി വളര്‍ത്തുന്നത് ഇന്ന് രാഷ്ട്രീയക്കാരാണ്. അധികാരം ഉറപ്പിക്കാന്‍ ഏത് അവിശുദ്ധ കൂട്ടുകെട്ടിനും ഇരുമുന്നണികളും മടിക്കില്ല എന്ന് തെളിയിച്ചാണല്ലൊ സിപിഎം സെക്രട്ടറി പിണറായി വിജയന് അബ്ദുള്‍ നാസര്‍ മദനിയുമായി കൂട്ടുചേര്‍ന്നത്. ഉമ്മന്‍ചാണ്ടി 20 എംഎല്‍എമാരുള്ള മുസ്ലീംലീഗിന് നിരുപാധികം കീഴടങ്ങി പാണക്കാട്ടേയ്ക്കും മലപ്പുറത്തേയ്ക്കും ഭരണത്തിന്റെ കടിഞ്ഞാണ്‍ കൈമാറിയപ്പോള്‍ കേരള ജനത തിരിച്ചറിഞ്ഞത് അല്ലെങ്കില്‍ തിരിച്ചറിയേണ്ടത്, അധികാരമാണ് കേരളത്തിന്റെ മതം എന്ന യാഥാര്‍ത്ഥ്യമാണ്.
നെയ്യാറ്റിന്‍കരയില്‍ പിറവം ആവര്‍ത്തിക്കപ്പെടും എന്ന് ആരും കരുതാത്തത് ഉമ്മന്‍ചാണ്ടിയുടെ അധികാരത്തിന് വേണ്ടിയുള്ള ചതുരംഗക്കളി യുഡിഎഫിലുണ്ടാക്കിയ വിള്ളലും ഭൂരിപക്ഷ സമുദായങ്ങളുടെ അകല്‍ച്ചയുമാണ്. കേരളത്തിലെ രണ്ടു പ്രബല സമുദായങ്ങളായ ഈഴവരും നായന്മാരും രാഷ്ട്രീയത്തെ സമുദായവുമായി ബന്ധപ്പെടുത്താതെ വോട്ട് രേഖപ്പെടുത്തിയിരുന്നു.
ഇന്ന് കേരളത്തില്‍ ഇപ്പോള്‍ ന്യൂനപക്ഷമെന്നൊരു വിഭാഗം ഉണ്ടോ? അധികാരത്തിന്റെ കാര്യത്തില്‍ അവരല്ലേ ഭൂരിപക്ഷം? ഭരണം ന്യൂനപക്ഷത്തിന്റെ കൈയിലാണ്. ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിനാണ്. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും പ്രകടനം വിലയിരുത്തും എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരിക്കുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഒരേ നാണയത്തിന്റെ രണ്ട് പുറങ്ങളാണ്. മുഖ്യമന്ത്രിയുടെ വകുപ്പുമാറ്റ കണ്കെട്ട് വിദ്യ സാമുദായിക വിഭാഗീയത തടയാന്‍ ഫലപ്രദമായിട്ടില്ല. എങ്ങനെയും ഭരണം നിലനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടിയും എങ്ങനെയും ഭരണം അട്ടിമറിച്ച് വീണ്ടും ക്ലിഫ് ഹൗസില്‍ ചേക്കേറാന്‍ വയോവൃദ്ധന് എന്ന് സ്വന്തം പാര്‍ട്ടി പോലും മുദ്ര കുത്തിയ അച്യുതാനന്ദനും മത്സരിക്കുമ്പോള്‍ നെയ്യാറ്റിന്‍കര നിര്‍ണായകമാകും. ദാഹജലം തേടി വലയുന്ന കേരള ജനതയ്ക്ക് വെള്ളംപോലും നല്‍കാതെ കുടിവെള്ളത്തിന് ഏക ആശ്രയമായ ടാങ്കര്‍ ലോറികള്‍ സമരത്തിലിറങ്ങിയപ്പോഴും ചര്‍ച്ചാവിഷയം അധികാരംതന്നെയായിരുന്നു. അവസാനം സമരം പിന്‍വലിച്ചത് കളക്ടര്‍ ഇടപെട്ടാണ്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അധികാരത്തിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ ദാഹിച്ചു വലയുന്ന ജനങ്ങളുടെ പ്രശ്നം പരിഗണിക്കപ്പെടുന്നുപോലുമില്ല. കുടിവെള്ള ലഭ്യതയില്ലായ്മ, ജലസ്രോതസ്സ് മലിനീകരണം, ഓടജലമടക്കം മലിനജല വിതരണം, പടരുന്ന ജലജന്യരോഗങ്ങള്‍ ഇതൊന്നും തെരഞ്ഞെടുപ്പ് വിഷയമോ, പരിഹരിക്കേണ്ട പ്രതിസന്ധികളോ അല്ല. ലക്ഷ്യം അധികാരമാണ്, ജനക്ഷേമമോ ജലക്ഷാമമോ അല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: