ഒസ്മോ: നോര്‍വെയില്‍ 77 പേരെ വധിച്ച കേസില്‍ തനിക്ക് വധശിക്ഷ നല്‍കണമെന്നും അല്ലെങ്കില്‍ വെറുതെ വിടണമെന്നും കേസിലെ പ്രതി ആന്‍ഡേഴ്സ് ബെഹ്റിങ് ബ്രേവിക് കോടതിയില്‍ ആവശ്യപ്പെട്ടു. നോര്‍വെയിലെ ജയില്‍ വ്യവസ്ഥകളെ പരിതാപകരമെന്ന് വിശേഷിപ്പിച്ച ബ്രെവിക് കേസില്‍ തനിക്ക് വധശിക്ഷ നല്‍കുകയോ മോചനം നല്‍കുകയോ ചെയ്യുന്നതായിരിക്കും ഉചിതമെന്നും ബ്രെവിക് പറഞ്ഞു. 2011 ജൂലൈ 22 ന് ഓസ്ലോയില്‍ നടത്തിയ ബോംബാക്രമണത്തില്‍ എട്ടുപേരും തലസ്ഥാന നഗരത്തിന് പുറത്ത് ഒരു യുവജനയോഗത്തിന് നേരെ നടത്തിയ വെടിവെയ്പ്പില്‍ 69 പേരുമാണ് കൊല്ലപ്പെട്ടത്.
മരണത്തെ താന്‍ ഭയക്കുന്നില്ലെന്നും മരണത്തെ ഭയപ്പെട്ടിരുന്നുവെങ്കില്‍ ഇത്തരമൊരു പ്രവര്‍ത്തനത്തിന് താന്‍ ധൈര്യപ്പെടുകയില്ലായിരുന്നുവെന്നും ബ്രെവിക് വ്യക്തമാക്കി. രക്തസാക്ഷിത്വത്തിന്റെ മഹത്വവല്‍ക്കരണം, പിന്തുടരുന്ന രീതികള്‍ തുടങ്ങിയ കാര്യങ്ങളില്‍ അല്ഖ്വയ്ദയില്നിന്നും യൂറോപ്പിലെ തീവ്ര ദേശീയവാദികള്‍ക്ക് പലതും പഠിക്കാനുണ്ടെന്നും ബ്രെവിക് കൂട്ടിച്ചേര്‍ത്തു. ബ്രെവിക് ഉള്‍പ്പെടുന്നുവെന്ന് അവകാശപ്പെടുന്ന മുസ്ലീം വിരുദ്ധ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട സന്ദര്‍ഭത്തിലാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. അതേസമയം, ബ്രെവിക് അവകാശപ്പെടുന്തുപോലെയൊരു സംഘടനയില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
താന്‍ ഉള്‍പ്പെടുന്ന സംഘം പരമ്പരാഗത രീതിയിലുള്ള ഒരു സംഘടനയല്ലെന്നും എന്നാല്‍ അങ്ങനെയൊരു സംഘടനയുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും ബ്രെവിക് പറഞ്ഞു. കൂടുതല്‍ അറസ്റ്റുകളിലേക്ക് നയിക്കുമെന്നതിനാല്‍ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ബ്രെവിക് കൂട്ടിച്ചേര്‍ത്തു.
നോര്‍വേയിലെ സംഭവം ഇനിയും ആവര്‍ത്തിക്കുമെന്ന് കഴിഞ്ഞദിവസം നടന്ന വിചാരണയില്‍ ബ്രെവിക് പറഞ്ഞിരുന്നു. നോര്‍വേയിലെ കോടതികളെ താന്‍ വിശ്വസിക്കുന്നില്ലെന്നും സ്വയം പ്രതിരോധിക്കുവാനാണ് താന്‍ 77 പേരെ കൂട്ടക്കൊല ചെയ്തതെന്നും വിചാരണവേളയില്‍ ബ്രെവിക് കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: