കൊച്ചി: ഓര്‍ത്തഡോക്സ് വിഭാഗത്തിന് പിറവം വലിയപള്ളി പാരിഷ് ഹാള്‍ ഗ്രൗണ്ടില്‍ ആരാധന നടത്താന്‍ അനുമതി നല്‍കിയത് പക്ഷപാതപരമായാണെന്ന് യാക്കോബായ വിഭാഗം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഓര്‍ത്തഡോക്സ് വിഭാഗത്തിന് ശനിയാഴ്ച ഏഴിന്മേല് കുര്‍ബാന നടത്താന്‍ അനുമതി നല്കിയ കളക്ടറുടെ നടപടി നിയമലംഘനമാണ്. സഭാതര്‍ക്കം സംബന്ധിച്ച ഏതുമധ്യസ്ഥന്റെ മുമ്പിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു.
നിലവിലെ കോടതിവിധികളും തല്‍സ്ഥിതിയും അവഗണിച്ചാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുമതി നല്‍കിയത്. മാനേജിങ് ട്രസ്റ്റി, പള്ളി വികാരി എന്നിവരുടെ ഭാഗം കേള്‍ക്കാതെയാണ് കളക്ടറുടെ നടപടി. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി 12ന് വിളിച്ച യോഗത്തില്‍ യാക്കോബായ സഭാ പ്രതിനിധികള്‍ പങ്കെടുത്തുവെന്ന കലക്ടറുടെ വാദം തെറ്റാണ്. പള്ളിയുടെ കൈവശക്കാരനായ ട്രസ്റ്റിയെ യോഗവിവരം അറിയിച്ചില്ല. യോഗതീരുമാനങ്ങളുടെ പകര്‍പ്പ് പള്ളിക്കു നല്‍കിയതുമില്ല.
ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ തീരുമാനമെടുത്ത നടപടി കോടതിയലക്ഷ്യമാണ്. 1974 മുതല്‍ നിലവിലുള്ള കേസുകളില്‍ ഒരു കോടതിയും അനുവദിക്കാത്ത ആനുകൂല്യമാണ് കളക്ടര്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്‍കിയതെന്നും യാക്കോബായ വിഭാഗം ആരോപിച്ചു.
കളക്ടറുടെ നടപടിക്കെതിരെ 21ന് യാക്കോബായ സഭയുടെ നേതൃത്വത്തില്‍ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കും. വിശ്വാസികള്‍ പീഡിപ്പിക്കപ്പെട്ടാല്‍ നോക്കിനില്ക്കാന് സഭയ്ക്കാവില്ലെന്ന് സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു. വിശ്വാസികള്‍ പടുത്തുയര്‍ത്തിയ പള്ളികളും സ്വത്തുക്കളും കൈവശപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പള്ളി ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍, വിശ്വാസസംരക്ഷണ സമിതി സെക്രട്ടറി ബിജു വര്‍ഗീസ്, ലീഗല്‍ സെല്‍ കണ്‍വീനര്‍ കെ എ ജോണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: