വേനല്‍ കടുത്തതും വേനല്‍ മഴയുടെ അഭാവത്തിലും മണല്‍മാഫിയാ ചൂഷണത്തിലും ജലസ്രോതസുകള്‍ വറ്റുന്നതു കാരണം കേരളത്തില്‍ ജലക്ഷാമം രൂക്ഷമാകുന്നത് മുതലെടുത്ത് മലിനജല വിതരണം ടാങ്കര്‍-വെള്ള മാഫിയ സജീവമായിരിക്കുകയാണ്. മലയാളികളുടെ ശുചിത്വബോധമില്ലായ്മയും ഗൃഹ-കക്കൂസ് മാലിന്യം ജലസ്രോതസുകളില്‍ നിക്ഷേപിക്കുന്നതുംമൂലം കേരളത്തിലെ എല്ലാ ജലസ്രോതസുകളും മലിനീകരിക്കപ്പെട്ടിരിക്കുകയാണ്. പൈപ്പുകളിലൂടെയുള്ള ജലലഭ്യതയുടെ അഭാവത്തില്‍ നിത്യോപയോഗത്തിന് കുടിവെള്ള മാഫിയകളുടെ മലിനജലം നിറഞ്ഞ ടാങ്കറുകളെ ആശ്രയിക്കേണ്ടിവരുന്ന മലയാളികള്‍ അതിവേഗം ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തത്തിനും ടൈഫോയിഡ് പോലെയുള്ള സാംക്രമിക രോഗങ്ങള്‍ക്കും അടിമപ്പെടുകയാണ്. കേരളത്തിന്റെ ജീവിതവും ആരോഗ്യവും ഈവിധം ഭീഷണി നേരിടുമ്പോഴും ജനസുരക്ഷയ്ക്ക് ബാധ്യസ്ഥമായ ഭരണകൂടം ഭരണസുരക്ഷാ വിഷയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഈ അധികാരം അവര്‍ക്ക് നല്കിയ ജനങ്ങളോട് ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമാണ്. ജില്ലയില്‍ പലയിടത്തുനിന്നും മഞ്ഞപ്പിത്ത രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇവരെല്ലാം മലിനജലം ഉപയോഗിച്ചവരാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ടാങ്കര്‍ലോറിയിലെത്തുന്ന കുടിവെള്ളത്തിലൂടെയാണ് മഞ്ഞപ്പിത്തമടക്കമുള്ള രോഗങ്ങള്‍ പകരുന്നതെന്ന ആരോപണം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ജലക്ഷാമം കേരളത്തില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ അനുഭവപ്പെടുമ്പോള്‍ ഇത് മുതലെടുക്കാന്‍ രംഗത്തിറങ്ങിയ ടാങ്കര്ലോബി ശുദ്ധീകരിക്കാത്ത ജലം നദികളില്‍നിന്ന് മാത്രമല്ല ശേഖരിക്കുന്നത്. ഉപയോഗശൂന്യമായ കിണറുകളില്‍നിന്നും കുളങ്ങളില്‍നിന്നും ക്വാറികളില്‍നിന്നും ഓടകളിലൂടെ ഒഴുകുന്ന മലിനജലംപോലും ടാങ്കറുകളില്‍ സംഭരിച്ചാണ് വിതരണം നടത്തുന്നത്. ഇത് തിരിച്ചറിയുന്ന ജനം ഉപ്പുവെള്ളത്തേക്കാള്‍ ദാഹശമനത്തിന് മലിനജലമല്ലേ ഭേദമെന്ന ചോദ്യമുയര്‍ത്തുമ്പോള്‍ അവര്‍ അനുഭവിക്കുന്ന പരമ ദയനീയാവസ്ഥയാണ് വ്യക്തമാകുന്നത്. പെരിയാറില്‍ ഫാക്ടറി രാസമാലിന്യങ്ങള്‍ക്കും കക്കൂസ് മാലിന്യനിക്ഷേപം മൂലമുള്ള കോളിഫോം ബാക്ടീരിയയ്ക്കും പുറമെ എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരക വിഷവസ്തുക്കള്കൂടി അടങ്ങിയിരിക്കുന്നുവെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതൊന്നും പുതിയ വസ്തുതയോ വാര്‍ത്തയോ അല്ല. ജലദൗര്‍ലഭ്യം രൂക്ഷമാണെന്നും ഫ്ലാറ്റ്, ഹോട്ടലുകള്‍ മുതല്‍ സാധാരണക്കാര്‍വരെ ടാങ്കര്ജലമാണ് ദാഹശമനത്തിന് ആഗ്രഹിക്കുന്നതെന്നും അറിയുന്ന ആരോഗ്യവകുപ്പ് ക്ലോറിനേഷന് പോലുള്ള ഒരു മുന്‍കരുതല്‍ നടപടികളെടുത്തതായി കാണുന്നില്ല. ഇക്കോളി ബാക്ടീരിയയുടെ അളവ് ടാങ്കര്‍ വെള്ളത്തില്‍ വര്‍ധിക്കുന്നുണ്ട്. യാതൊരു ശുദ്ധീകരണവും ഇല്ലാതെയാണ് ടാങ്കര്‍ ലോറികള്‍ മലിനജലം ശേഖരിക്കുന്നതെന്ന് ദൃശ്യമാധ്യമങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ശുദ്ധീകരിച്ച ജലം മാത്രമേ വിതരണം ചെയ്യാവൂ എന്ന വാട്ടര്‍ അതോറിറ്റിയുടെ നിര്‍ദ്ദേശത്തെ തിരസ്ക്കരിച്ചാണ് ഈ മലിനജലവിതരണം. കൊച്ചി കോര്‍പ്പറേഷന്‍തന്നെ പ്രതിമാസം പത്ത് ലക്ഷം രൂപ ടാങ്കര്‍വെള്ള വിതരണത്തിന് കേരള വാട്ടര്‍ അതോറിറ്റിക്ക് നല്‍കുന്നുണ്ട്.
നിയമപ്രകാരം ടാങ്കര്‍ ലോറികള്‍ വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസുകളിലെ വെള്ളമാണ് വിതരണം നടത്തേണ്ടതെങ്കിലും നേരിട്ട് ശുദ്ധീകരിക്കാത്ത ജലമാണ് ടാങ്കറുകളില്‍ നിറയ്ക്കുന്നത്. നദീജല മലിനീകരണം പുത്തരിയല്ല. പവിത്രമായി കരുതപ്പെടുന്ന ഗംഗാജലംപോലും മലിനമാണെന്ന് പ്രധാനമന്ത്രി മന്മോഹന്സിംഗ്തന്നെ സാക്ഷ്യപ്പെടുത്തുന്നു. പ്രതിദിനം 2900 ദശലക്ഷം ടണ്‍ മാലിന്യം ഗംഗയിലേക്കൊഴുകി എത്തുന്നുണ്ടത്രെ. ഗംഗാനദിയെ ശുദ്ധീകരിക്കാനുള്ള യജ്ഞം രാജീവ്ഗാന്ധിയുടെ കാലം മുതല്‍ തുടങ്ങിയതാണ്. പക്ഷേ ഇതെല്ലാം പാഴ്ശ്രമമാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്. കേരളത്തിലെ പുണ്യനദിയായ, അഞ്ച് കോടിയില്‍പ്പരം ജനങ്ങള്‍ നാല് കോടി തീര്‍ത്ഥാടകരുള്‍പ്പെടെ ഉപയോഗിക്കുന്ന പമ്പാ നദിയുടെ സ്ഥിതിയും വ്യത്യസ്തമല്ലല്ലോ. പമ്പാ നദിയില്‍ എത്താത്ത, ഉപേക്ഷിക്കാത്ത മാലിന്യങ്ങളില്ല. സേവ് പമ്പാ പ്രൊജക്ട് കടലാസില്‍ ഒതുങ്ങാന്‍ കാരണം ഭക്തന്മാരുടെയും ജനങ്ങളുടെയും നിസ്സംഗത തന്നെയാണ്. സാക്ഷരത നേടിയ മലയാളിക്ക് പരിസര സാക്ഷരത അന്യമാണ്. അതോടൊപ്പമാണ് മണല്‍ മാഫിയകള്‍ എല്ലാ നിയമങ്ങളെയും ലംഘിച്ച് അധികാരികളുടെ ഒത്താശയോടെ ജലസ്രോതസുകളെയും മഹാനദികളെയും കൊല്ലുന്നത്.
പെരിയാര്‍, ഭാരതപ്പുഴ, ചാലിയാര്‍ എല്ലാം ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. ഇപ്പോള്‍ എറണാകുളത്ത് ഹെപ്പറ്റൈറ്റിസ് മാത്രമല്ല ടൈഫോയ്ഡും ഡെങ്കിപ്പനിയും എലിപ്പനിയും പടര്‍ന്നുപിടിക്കുമ്പോഴും ആരോഗ്യവകുപ്പ് ഇത് ജലജന്യരോഗങ്ങളാണെന്ന് തിരിച്ചറിയുമ്പോഴും മലിനജല ഉപയോഗമാണ് കാരണമെന്നറിയുമ്പോഴും നടപടികളെടുക്കുന്നില്ല. ജനങ്ങളോടാണ് പ്രതിബദ്ധത എന്നാവര്‍ത്തിക്കുന്ന മന്ത്രിമാരും നേതാക്കളും ഈ പ്രതിബദ്ധത വാക്കുകളില്‍ ഒതുക്കുന്നു. ഇപ്പോള്‍ രാത്രികാലങ്ങളില്‍ ടാങ്കര്‍ വെള്ളമെത്തിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. രാത്രികാലങ്ങളിലാണ് ഇരുട്ടിന്റെ മറവില്‍ ശുദ്ധീകരിക്കാത്ത ഓടയിലെ വെള്ളവും മറ്റും ടാങ്കര്‍ മാഫിയ ശേഖരിക്കുന്നത്. 27 സ്രോതസുകളില്‍ നിന്നുള്ള ജലം മാത്രമേ ശേഖരിക്കാവൂ എന്ന് കളക്ടര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചതോടൊപ്പം കര്‍ശന പരിശോധന ആരംഭിക്കാനും തീരുമാനമായി. 44 ജലസമൃദ്ധ നദികള്‍ എന്ന പഴയ ധാരണ ജനവും സര്‍ക്കാരും തിരുത്തേണ്ട സമയമാണിത്. ശുദ്ധജലം കുഴല്‍ വഴി എത്തിക്കാനുള്ള നടപടികള്‍ ഇനിയെങ്കിലും കേരളവും പരിഗണിക്കേണ്ടതാണ്. അതോടൊപ്പം കടല്‍ ജലം, ശുദ്ധജലമാക്കി മാറ്റാനുള്ള പ്രക്രിയയ്ക്ക് കേരളം തുടക്കമിടാന്‍ സമയമായി എന്നാണ് ഈ ജലക്ഷാമവും മലിനജല വിതരണവും ഉദ്ബോധിപ്പിക്കുന്നത്.
കായലിലോക്കൊഴുകിവരുന്ന നദീജലം ശുദ്ധീകരിക്കാനുള്ള പ്ലാന്റുകള്‍ക്കും സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കേണ്ട സമയമായിരിക്കുകയാണ്. ഗള്‍ഫ് നാടുകളില്‍ കടല്‍ജലം റിവേഴ്സ് ഓസ്മോസിസ് പ്രക്രിയയിലൂടെ ശുദ്ധീകരിച്ചാണല്ലൊ ജലക്ഷാമത്തിനറുതി വരുത്തിയത്. കേരളം ജല ഉപയോഗത്തെപ്പറ്റിയും പരിസര മലിനീകരണത്തെപ്പറ്റിയും ആഴത്തിലുള്ള അവബോധം നേടേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: