പള്ളുരുത്തി: മുപ്പതു വര്‍ഷം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവില്‍ നിയമക്കുരുക്കില്‍ പെട്ടുകിടന്ന 1.23 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. ഇടക്കൊച്ചി വില്ലേജില്‍ ഉള്‍പ്പെട്ടുകിടക്കുന്ന സ്ഥലത്താണ് നിയമപ്രശ്നമുണ്ടായത്. വക്കന്ആന്റ് സണ്‍സ് എന്ന സ്ഥാപനത്തിന്റെ കൈവശമായിരുന്ന ഭൂമി വര്‍ഷങ്ങള്‍ക്ക് മുമ്പ് റവന്യൂ റിക്കവറിയിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്തതാണ്.
എന്നാല്‍ ഭൂമിയുടെ അവകാശം ഉന്നയിച്ച് സ്ഥാപനത്തിന്റെ ജീവനക്കാരിലൊരാള്‍ രംഗത്തെത്തിയതോടെ പ്രശ്നം കോടതിയിലെത്തി. കുത്തിയതോട് സ്വദേശി അലക്സ് സാബു എന്നയാളാണ് സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചത്. കഴിഞ്ഞ മുപ്പതുവര്‍ഷമായി പ്രശ്നം കോടതിയുടെ മുന്നിലുമായിരുന്നു. ഒടുവില്‍ ഇയാളുടെ വാദം തള്ളി രണ്ടുമാസം മുമ്പ് സര്‍ക്കാരിന് അനുകൂലമായി ഹൈക്കോടതി വിധിയുമുണ്ടായി. എന്നാല്‍ പിറവം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ വിധി നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. പഷ്ണിത്തോട് പാലത്തിന് വടക്കുവശമുള്ള ചോയ്സ് റോഡിലുള്ള സ്ഥലം ചൊവ്വാഴ്ച കൊച്ചി തഹസില്‍ദാര്‍ ഇ.വി.ബേബിച്ചന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.എ.ജോസഫ്, ഇടക്കൊച്ചി വില്ലേജ് ഓഫീസര്‍ നിഷാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഏറ്റെടുക്കല്‍ നടപടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: