ന്യൂദല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെതിരെ. മന്മോഹന് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ രാഹുല്‍ ഗാന്ധി മടുപ്പ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മന്‍മോഹന്‍സിംഗ് നയിക്കുന്ന സര്‍ക്കാരിന്റെ മോശം പ്രകടനവും ദുര്‍ബലവുമായ തന്ത്രങ്ങളുമാണ് അടുത്തയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പതനത്തിന് വഴിതെളിച്ചതെന്ന നിലപാടിലാണത്രേ രാഹുല്‍.
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഒട്ടേറെ ശ്രമങ്ങല്‍ നടത്തിയെങ്കിലും അതെല്ലാം വൃഥാവിലായതില്‍ അദ്ദേഹം അസംതൃപ്തനാണെന്ന് രാഹുലുമായി അടുത്തു പ്രവര്‍ത്തിക്കുന്ന ചിലര്‍ ചൂണ്ടിക്കാട്ടി. മന്‍മോഹന്‍സിങ്ങിനും അദ്ദേഹത്തിന്റെ മന്ത്രിമാര്‍ക്കുമുള്ള പൊതുജന പിന്തുണ ഇടിഞ്ഞതില്‍ രാഹുല്‍ ദുഃഖിതനാണത്രേ. മന്മോഹന്റെ നേതൃത്വം എല്ലാ പ്രതീക്ഷകളും തകര്‍ത്തിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്ന് അകലം പാലിക്കാന്‍ രാഹുല്‍ തീരുമാനിച്ചിരിക്കയാണ്. അമ്മയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിയുടെ ഉപദേശപ്രകാരം അദ്ദേഹം ഇനി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ മാത്രമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മന്മോഹന് സംഘത്തിനും 10-ാം നമ്പര്‍ ജനപഥത്തിനുമിടക്ക് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന സോണിയയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുലോക് ചാറ്റര്‍ജി എന്നിവരുടെ ഉപദേശങ്ങളനുസരിച്ച് താളം തുള്ളുന്ന രാഹുലിന്റെ നടപടിയില്‍ അദ്ദേഹത്തിന്റെ ചില അടുത്ത സഹപ്രവര്‍ത്തകരും അസ്വസ്ഥരാണ്. ഭരണത്തിലെ വീഴ്ചകള്‍ പരിഹരിക്കാന്‍ മന്മോഹനും സംഘത്തിനും കൂടുതല്‍ സമയം നല്‍കണമെന്നാണ് പട്ടേലിന്റേയും ചാറ്റര്‍ജിയുടേയും ഉപദേശം. എന്നാല്‍, മന്മോഹന് സംഘത്തിന്റെ സ്ഥിതി ദയനീയമാണെന്നും കോണ്‍ഗ്രസിനും അതിനെ നയിക്കുന്ന കുടുംബത്തിനും അതിജീവിക്കണമെങ്കില്‍ കാര്യമായ ശസ്ത്രക്രിയ തന്നെ വേണമെന്ന നിലപാടിലാണ് രാഹുലിന്റെ സ്വന്തം അനുയായികളത്രെ.
മന്മോഹന് സര്‍ക്കാരിന്റെ കാലം കഴിഞ്ഞതായും ഒരു മാറ്റത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നതായുമുള്ള തന്റെ നിലപാട് രാഹുല്‍ പാര്‍ട്ടി അധ്യക്ഷയെ അറിയിച്ചിട്ടുണ്ടെന്നും ഇക്കൂട്ടര്‍ പറയുന്നു. കരസേനാ മേധാവിയുടെ പ്രായവിവാദം, 2ജി വിവാദം, ഭീകരവിരുദ്ധ കേന്ദ്രം തുടങ്ങിയ വിഷയങ്ങളില്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ സോണിയയുടെ പ്രതീക്ഷകളെല്ലാം തകര്‍ക്കുകയാണ് ചെയ്തതെന്നും രാഹുലിനൊപ്പമുള്ളവര്‍ കരുതുന്നു. പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുമെന്ന് കരുതിയ മന്ത്രിമാര്‍ സോണിയയെ നിരാശപ്പെടുത്തുകയാണ് ചെയ്തത്. കേന്ദ്രസര്‍ക്കാരിലും നയങ്ങളിലും സമഗ്രമായ അഴിച്ചുപണിക്ക് കാത്തിരിക്കയാണ് രാഹുലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: