ശബരിമലപോലെയാകണം ലോകമെന്നാണ് ഗാനഗന്ധര്വന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ഹരിവരാസനം പാടി അയ്യപ്പനെ ഉറക്കാന്‍ ഭാഗ്യം സിദ്ധിച്ച അതുല്യസംഗീതജ്ഞന് അങ്ങനെയല്ലാതെ പറയാന്‍ കഴിയില്ല. സകല ചരാചരങ്ങളിലും കുടികൊള്ളുന്ന നന്മയെ മാത്രം കാണുകയും ആയത് സമൂഹത്തിലൊന്നടങ്കം പടരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന അപൂര്‍വ്വം കലാകാരന്മാരില് തികച്ചും വേറിട്ടുനില്‍ക്കുന്ന വ്യക്തിത്വത്തിന്റെ മൂര്‍ത്ത രൂപമാണ് യേശുദാസ്. അതുകൊണ്ടുതന്നെയാണ് ഇത്തരമൊരു അഭിപ്രായം പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞതും. വിഷുദര്‍ശനത്തിന് അയ്യപ്പസന്നിധിയിലെത്തിയ ഗാനഗന്ധര്വന് ഹരിവരാസനം പുരസ്കാരം ഏറ്റുവാങ്ങാനുമുണ്ടായിരുന്നു. ആ പുരസ്കാരസമര്പ്പണത്തിനുശേഷമാണ് ഇത്തരമൊരു അഭിപ്രായ പ്രകടനം ഗാനഗന്ധര്‍വനില്‍ നിന്നുണ്ടായത്. ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരങ്ങളില്‍ അഗ്രിമസ്ഥാനത്തുനില്ക്കുന്നതാണ് യേശുദാസിന്റെ പേര്. ലോകമുള്ളിടത്തോളം കാലം ആ പേര് പ്രകാശം പൊഴിക്കുന്ന നക്ഷത്രമായിത്തന്നെ നിലനില്ക്കും. അതുകൊണ്ടുതന്നെ യേശുദാസിന്റെ അഭിപ്രായ പ്രകടനത്തിന് അസാധാരണമായ ഒരു മിഴിവും വന്നുചേരുന്നു.
എന്തന്വേഷിച്ചാണോ നീ വരുന്നത് അത് നീ തന്നെ എന്ന് ചൂണ്ടിക്കാട്ടി മനസ്സിലാക്കിക്കാനാണ് സാക്ഷാല്‍ ശബരിമല അയ്യപ്പസ്വാമി സന്നിധാനത്ത് വാണരുളുന്നത്. ജീവിതത്തിന്റെ ദുഃഖദുരിതനെരിപ്പോടില് വെന്തുരുകുമ്പോള്‍ അഭയവരദനായി അയ്യപ്പസ്വാമി നിലകൊള്ളുകയാണ്. പണ്ഡിതനെന്നോ പാമരനെന്നോ വലിയവന്‍, ചെറിയവന്, തൊട്ടുകൂടാത്തവന്, തീണ്ടിക്കൂടാത്തവന്‍ എന്നീ വേര്‍തിരിവുകളില്ലാതെ എല്ലാവരുടെയും സമാശ്വാസ കേന്ദ്രമായാണ് ശബരിഗിരീശന് വാഴുന്നത്. അതിനാല്‍ത്തന്നെ വര്‍ഷംതോറും അവിടെയെത്തുന്ന ഭക്തജനങ്ങളുടെ സംഖ്യ ക്രമാതീതമായി വര്‍ധിച്ചുവരുന്നു. രണ്ട് എന്ന ഭേദമില്ലാതെ ഒന്നിച്ച് ആരാധന ചെയ്യാന്‍ കഴിയുക എന്നു പറയുമ്പോള്‍ത്തന്നെ അവിടെ സാഹോദര്യത്തിന്റെ ഒളിമങ്ങാത്തസൗന്ദര്യം പച്ചപിടിച്ചു നില്‍ക്കുകയാണ്. സംതൃപ്തിയും സന്തോഷവും നിറഞ്ഞ അന്തരീക്ഷത്തില്‍ എല്ലാവരും ഒന്നെന്ന വികാരം പൂത്തുലയുകയാണ്. ഒരു കലാകാരന് ആ വികാരം അതിന്റെ യഥാര്‍ത്ഥമായ രീതിയില്‍ കരളില്‍ കരുതിവെക്കാനാവും. കാരണം കലാകാരനും എല്ലാവരെയും ഒരേ സ്നേഹത്തിന്റെ ചരടിലാണ് കോര്‍ത്തുവെക്കുന്നത്.
ഈശ്വരനും ഭക്തനും ഒന്നായ ഇടമാണ് ശബരിമല. അത്തരമൊരു അന്തരീക്ഷം എല്ലാ സ്ഥലത്തും നിലവില്‍ വരികയാണെങ്കില്‍ അസ്വസ്ഥതക്ക് എവിടെ സ്ഥാനം? അശാന്തിക്ക് എവിടെ സ്ഥാനം? ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന ദര്‍ശനത്തിന്റെ കാരുണ്യപ്പെരുമയിലേക്ക് ഉണര്ന്നെഴുല്ക്കുന്ന മഹനീയ സ്ഥലമാണ് ശബരിമല. ചിലര്‍ അത് തിരിച്ചറിയുന്നു, മറ്റുചിലര്‍ തന്റെ സ്വകാര്യദുഃഖങ്ങള്‍ ഇറക്കിവെക്കാനുള്ള ഒരു സ്ഥലമായി മാത്രം കാണുന്നു. എങ്ങനെ വ്യാഖ്യാനിച്ചാലും വിശകലനം ചെയ്താലും ശബരിമല സന്നിധാനം ലോകജനതയ്ക്ക് തങ്ങള്‍ ഒന്നാണെന്ന ബോധം ഉണരാനുള്ള ഇടമാണ് എന്നതത്രേ സത്യം. ഈ സത്യം തിരിച്ചറിഞ്ഞതിന്റെ ആത്യന്തിക ഫലത്തിലേക്കുള്ള ചൂണ്ടുപലകയാണ് യേശുദാസിന്റെ അഭിപ്രായപ്രകടനം. അങ്ങനെ ലോകത്തിന് വെളിച്ചവും ലോകത്തിന്റെ വെളിച്ചവുമായി ശബരിമല എക്കാലവും നിലനില്ക്കണമെങ്കില് അവിടെയെത്തുന്ന ഭക്തരും അതിനനുസരിച്ച് പെരുമാറണമെന്നും യേശുദാസ് പറയുന്നുണ്ട്. തന്നെക്കാണാന്‍ വരുന്നവന് താന്‍ തന്നെയാണെന്ന ശബരിഗിരീശ സങ്കല്പ്പത്തിന് പോറലേല്ക്കുന്ന ഒരു പ്രവൃത്തിയും ഭക്തന്മാരുടെ ഭാഗത്തുനിന്നുണ്ടാവരുതെന്നും ഗാനഗന്ധര്വന് പറയുന്നു. പ്രകൃതിയും ഈശ്വരനും തമ്മിലുള്ള നൈരന്തര്യത്തിന് ഊനം തട്ടുന്നതൊന്നും ചെയ്തുകൂട.
പാപം തിരിച്ചിട്ടാല്‍ പമ്പയാവുമെന്നാണ് ചൊല്ല്. ആ ചൊല്ലിന് അതിന്റെ സ്വത്വം ഉണ്ടാവണമെങ്കില്‍ ഭക്തന്മാര് ശ്രദ്ധിക്കണം. പമ്പയെ ഒരു തരത്തിലും മലിനപ്പെടുത്തരുത്. മോക്ഷദായിനിയായ പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്ക്കുനേരെയും യേശുദാസ് വിരല്‍ചൂണ്ടുന്നുണ്ട്. തന്റെ പിതാവ് തികഞ്ഞ അയ്യപ്പഭക്തനായിരുന്നുവെന്നും താനും തന്റെ മകനും ആ പാരമ്പര്യം പിന്തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞുവെച്ചു. ഏതൊരാളുടെയും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നതാണ് യേശുദാസിന്റെ അഭിപ്രായപ്രകടനവും അദ്ദേഹത്തിന്റെ കളങ്കലേശമില്ലാത്ത ഭക്തിയും. നിയമത്തിന്റെ തോട്ടിയുപയോഗിച്ച് കര്‍ശനമായി നടപ്പാക്കുന്ന രീതികളെക്കാള്‍ എന്തുകൊണ്ടും വേറിട്ടുനില്ക്കുന്നു ഇത്തരം പുകള്‍പെറ്റ കലാകാരന്മാരുടെ ഹൃദയസ്പര്‍ശിയായ നിര്‍ദ്ദേശങ്ങള്‍. ആരുംതന്നെ ഇത് ചെവിക്കൊള്ളാതെ പോകില്ല. കാരണം അത്രമാത്രം ഗാനഗന്ധര്‍വനെ ജനങ്ങള്‍ സ്നേഹിക്കുന്നുണ്ട്. അത്തരമൊരാള്‍ക്ക് ഹിതകരമല്ലാത്ത പ്രവൃത്തി ചെയ്യാന്‍ ഭൂരിപക്ഷം പേരും തയ്യാറാവില്ല എന്നുതന്നെയാണ് വിശ്വാസം.
ഏതായാലും യേശുദാസിന്റെ അഭിപ്രായപ്രകടനങ്ങള്‍ക്ക് വ്യാപകമായ പ്രചാരണം കൊടുക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും അന്യദേശങ്ങളില്‍ നിന്നും വരുന്ന അയ്യപ്പഭക്തന്മാര് അനാവശ്യമായ പല ആചാരങ്ങളും ശബരിമലയില്‍ അനുഷ്ഠിക്കാറുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പമ്പയിലെ വസ്ത്രമൊഴുക്കല്. അങ്ങനെ ഒഴുക്കിവിടുന്ന വസ്ത്രങ്ങള്‍ ശേഖരിക്കാനും അത് തിരികെ കടകളില്‍ കൊടുത്ത് പണം വാങ്ങാനും ശ്രമിക്കുന്ന ഒരു മാഫിയ അവിടെ സജീവമാണ്. അനാവശ്യമായ ഒരാചാരമാണ് ഇത്തരം മാഫിയക്ക് വളംവെച്ചുകൊടുക്കുന്നത്. പരിശുദ്ധിയുടെ പാരമ്യത കാത്തുസൂക്ഷിക്കാനുതകുന്ന പദ്ധതികള്‍ ശബരിമലയില്‍ നടപ്പാക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ടത്. പരമപ്രധാനമായ ഒരു പുണ്യസങ്കേതത്തിന്റെ പരിപാവനതയെക്കുറിച്ച് തരിമ്പും ബോധമില്ലാത്തവര് കാട്ടിക്കൂട്ടുന്ന കൊള്ളരുതായ്മകള്‍ കണ്ട് നെഞ്ചുപൊട്ടിയിട്ടാവാം ഗാനഗന്ധര്വന് പലതും തുറന്നു പറഞ്ഞത്. ജനകോടികള്‍ക്ക് അഭയമേകുന്ന ആ ദിവ്യജ്യോതിസ്സിന് ഉടവുതട്ടാതെ സംരക്ഷിക്കാനുള്ള ബാധ്യതയും ഭക്തജനങ്ങള്ക്കുണ്ടെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ എല്ലാവരും ആത്മാര്‍ഥമായി ശ്രമിക്കുക തന്നെവേണം. അതിന് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളുമായി അധികൃതരും രംഗത്തിറങ്ങണം. ലോകം ശബരിമലപോലെയാവണമെന്ന് യേശുദാസിന് മാത്രമല്ല അത്തരം മാനസികാവസ്ഥ സകലജനങ്ങള്‍ക്കും വരണം. അങ്ങനെ വന്നു കഴിഞ്ഞാല്‍ ലോകത്ത് അശാന്തിയെവിടെ, ദുരിതങ്ങളെവിടെ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: