ലൈംഗിക ചൂഷണത്തിനിരകളായി വേശ്യാലയങ്ങളിലെത്തിപ്പെടുന്ന ബാലികമാരേയും സ്ത്രീകളേയും മോചിപ്പിക്കുന്ന ആഗോള പ്രശസ്തി നേടിയ യജ്ഞം ഹൈദരാബാദിലെ ‘പ്രജ്വല’ എന്ന സംഘടനയിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന സുനിതാ കൃഷ്ണനാണ് ഈ വര്‍ഷത്തെ ഇന്ത്യാ വിഷന്റെ ‘പേഴ്സണ്‍ ഓഫ് ദി ഇയര്‍’ പുരസ്ക്കാരം ലഭിച്ചത്. ‘മനോരമ’യിലെ വനിതാ പുരസ്ക്കാരവും അവര്‍ നേടിയിട്ടുണ്ട്. വാര്‍ത്താ പ്രാധാന്യം നേടുന്ന വ്യക്തികള്‍ക്ക് അവാര്‍ഡ് നല്കുന്നതിനേക്കാള് സമൂഹത്തിന് കാതലായ സംഭാവന നല്‍കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ഇത്തരം അവാര്‍ഡുകള്‍ അര്‍ഹിക്കുന്നത്. അത് അവര്‍ക്ക് പ്രചോദനവുമാകും. ‘ഇന്ത്യാവിഷ’ന്റെ കഴിഞ്ഞ വര്‍ഷത്തെ പുരസ്ക്കാരം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ലീലാ കുമാരി അമ്മയ്ക്കായിരുന്നു. വിവാദങ്ങള്‍ സൃഷ്ടിച്ചാല്‍ ആര്‍ക്കും മാധ്യമ വാര്‍ത്തയിലെ വ്യക്തിയാകാം. പക്ഷെ സമൂഹത്തിന് അവര്‍ എന്തു സംഭാവനയാണ് നല്‍കുന്നത്? കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് ശബ്ദമലിനീകരണത്തിനുള്ള പ്രചോദനമാണ് ഇത്തരക്കാര്‍ക്ക് അവാര്‍ഡുകള്‍ വഴി ലഭ്യമാകുന്നത്.
സുനിതാ കൃഷ്ണന് എനിക്കൊരു അനുഭവവും അത്ഭുതവുമായിരുന്നു. എനിക്ക് ആരാധന തോന്നുന്ന ചുരുക്കം സ്ത്രീകളില്‍ പ്രമുഖ സ്ഥാനം സുനിതാ കൃഷ്ണന് തന്നെയാണ്. ലൈംഗിക പീഡിത സ്ത്രീകള്‍ക്ക് വേണ്ടി ആന്ധ്രയിലെ ‘പ്രജ്വല’ പോലെ ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുമായി ചര്‍ച്ചചെയ്ത് സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രേരിപ്പിക്കുന്നതിലും അവര്‍ വിജയിച്ചു. വേശ്യാലയങ്ങളില്ലാത്ത, എന്നാല്‍ വേശ്യാവൃത്തിയും ബാല ലൈംഗിക പീഡനവും ലൈംഗിക തൊഴിലാളികളും മുന്‍നിരയിലുള്ള കേരളത്തിലും സുനിതയുടെ സമ്മര്‍ദത്താല്‍ സര്‍ക്കാര്‍ ‘നിര്‍ഭയ’ പദ്ധതിയ്ക്ക് തുടക്കമിടുകയാണ്. സുഗതകുമാരി അധ്യക്ഷയായി ഒരു കമ്മറ്റിയേയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഇത് സാര്‍ത്ഥകമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് സുനിതാ കൃഷ്ണന് അവാര്‍ഡ് നല്കുന്ന ചടങ്ങില്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. മുനീര്‍ പ്രസ്താവിക്കുകയും ചെയ്തു.
സുനിതാ കൃഷ്ണനോടുള്ള എന്റെ ആരാധനയുടെ കാരണമെന്തെന്നോ? വേദനാജനകമാണ് ആ കഥ. 16 വയസ്സില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ വ്യക്തിയാണ് സുനിത. ചെറുപ്പം മുതല്‍ മറ്റുള്ളവരെ സഹായിക്കാന്‍ വ്യഗ്രത കാട്ടുന്ന മനസ്സുള്ള സുനിത കൂട്ടബലാല്‍സംഗത്തിനിരയായത് ബാംഗ്ലൂരില്‍ പഠിക്കുന്നതിനിടെയാണ്. “എനിക്ക് അതിനെപ്പറ്റി പറയാന്‍ താല്‍പ്പര്യമില്ല. അതിന്റെ പ്രാധാന്യം ആ സംഭവം എന്നില്‍ ക്രിയാത്മക പ്രവര്‍ത്തനത്തിനുള്ള പ്രചോദനം സൃഷ്ടിച്ചുവെന്നതാണ്. അത് എനിക്ക് ഒരു ‘ലേണിംഗ് പ്രോസസ്’ ആയിരുന്നു. വലിയൊരു സേവനത്തിന് ഈശ്വരന് തന്ന പരിശീലനം. ആ അനുഭവമാണ് എന്റെ ആത്മധൈര്യം വര്‍ധിപ്പിച്ചത്, സ്വയം തീരുമാനമെടുക്കാനുള്ള ശക്തി എനിക്ക് തന്നത്, സ്വയം തെരഞ്ഞെടുക്കുവാനുള്ള കഴിവും അതിന്റെ പ്രത്യാഘാതം എന്തായാലും ഏറ്റുവാങ്ങാനുള്ള ധൈര്യവും നല്‍കിയത്”- അവര്‍ എന്നോട് ഇതു പറഞ്ഞപ്പോള്‍ മനസ്സുകൊണ്ട് ഞാന്‍ എന്നെക്കാള്‍ വളരെ പ്രായം കുറഞ്ഞ കഷ്ടിച്ച് നാലടി പൊക്കമുള്ള സുനിതയുടെ കാലില്‍ തൊട്ട് നമിച്ചു. ചെയ്യാത്ത കുറ്റത്തിന്റെ കുറ്റബോധം പേറി ആത്മഹത്യയില്‍ അഭയം തേടുകയോ ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുകയോ ചെയ്തില്ല സുനിത.
ഞാന്‍ സ്ത്രീപീഡന കേസുകളും സ്ത്രീ പ്രശ്നങ്ങളും എഴുതാന്‍ തുടങ്ങിയിട്ട് മുപ്പതു വര്‍ഷത്തിലധികമായി. കേരളത്തില്‍ ആദ്യത്തെ അറിയപ്പെട്ട സ്ത്രീപീഡന കേസായ സൂര്യനെല്ലി സംഭവം ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിന് ശേഷമുണ്ടായ മിക്ക സ്ത്രീപീഡന സംഭവങ്ങളും പെണ്‍വാണിഭ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിലെ ഇരകളായ ഒരൊറ്റ പെണ്‍കുട്ടിപോലും ഒന്ന് പുഞ്ചിരിക്കുന്നതോ, മുഖത്ത് നോക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല. സൂര്യനെല്ലി പെണ്‍കുട്ടിയെ 16 വര്‍ഷത്തിന് ശേഷവും ഞാന്‍ കണ്ടപ്പോള്‍ വിവര്‍ണ്ണമായ മുഖത്തോടെ നിലത്ത് ദൃഷ്ടി ഉറപ്പിച്ചിരിക്കുകയായിരുന്നു. അതിന് കാരണം ഒരു പെണ്‍കുട്ടിയോ സ്ത്രീയോ സ്വന്തം കുറ്റം കൊണ്ടല്ലാതെ പീഡിപ്പിക്കപ്പെട്ടാലും അവള് സമൂഹത്തില്‍ പരിത്യക്തയാകുന്നതിനാലാണ്. സമൂഹം ഒരിക്കലും അവളെ അംഗീകരിക്കില്ല. സൂര്യനെല്ലി പെണ്‍കുട്ടി വേശ്യാലയത്തിലെത്താതിരുന്നത് വീട്ടുകാര്‍ അവളെ സ്വീകരിച്ചതിനാലാണ്. പക്ഷെ മാതാപിതാക്കള്‍പോലും അവരുടെ എല്ലാ നിര്‍ഭാഗ്യങ്ങള്‍ക്കും കാരണക്കാരിയായി അവളെ കാണുന്നു.
ഇവിടെയാണ് സുനിതാ കൃഷ്ണന്റെ വിജയം. “എന്റെ വീട്ടിലും സമൂഹത്തിലും എല്ലാവരും എന്നെ ഇരയായി കാണാനാണ് ആഗ്രഹിച്ചത്. കരഞ്ഞ് ഉള്‍വലിഞ്ഞ് വാതിലിന് പിന്നില്‍ മറയുന്ന വ്യക്തിയായിട്ട്. പക്ഷെ ഞാന്‍ തല ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തിന്റെ ആക്ഷേപ ഭാവങ്ങളെ അവഗണിച്ച് പഠിത്തം ധൈര്യമായി തുടര്‍ന്നപ്പോള്‍ എനിക്ക് ചാര്‍ത്തി കിട്ടിയ മുദ്ര അഹങ്കാരിയുടേതായിരുന്നു. ഞാന്‍ വേശ്യാലയത്തില്‍ എത്തിപ്പെടുമെന്നായിരിക്കാം ലോകം പ്രതീക്ഷിച്ചത്. ഞാന്‍ അനുഭവിച്ച ലൈംഗികാക്രമണം എന്റേതുമാത്രം അനുഭവമല്ല. എത്രയോ പേര് ഇതിന് മുന്‍പും അതിന് ശേഷവും ഈ ആക്രമണത്തിന് വിധേയരാകുന്നു. എന്നെ സദാചാര ബോധമില്ലാത്തവളാക്കി, സ്വഭാവ ഗുണമോ ചാരിത്ര്യബോധമോ ഇല്ലാത്തവളായി ചിത്രീകരിച്ച്, കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം കുത്തുവാക്കുകള്‍ പ്രയോഗിച്ച് നോട്ടത്തില്‍പോലും കുറ്റപ്പെടുത്തി, നിര്‍വീര്യമാക്കാനുള്ള വീട്ടുകാരുടേയും സമൂഹത്തിന്റേയും ശ്രമത്തെ ചെറുത്താണ് ഞാന്‍ ഈ സംരംഭം ആരംഭിച്ചത്. ഞാന്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തിനെന്നല്ല, ഈ രംഗത്തിറങ്ങിയശേഷം എനിക്ക് നേരിടേണ്ടി വന്ന 14 ആക്രമണങ്ങളുള്‍പ്പെടെ മറ്റൊന്നിനും എന്റെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാനായില്ല.
ഞാന്‍ എന്റെ അനുഭവത്തില്‍നിന്ന് പഠിച്ചത് എനിക്ക് എന്നെപ്പറ്റിയുള്ള അഭിപ്രായമാണ് പ്രധാനമെന്നാണ്. അതാണ് ആത്മവിശ്വാസം തരുന്നത്. ഞാന്‍ എന്താണെന്ന് തിരിച്ചറിഞ്ഞാല്‍ എന്റെ ‘ചോയ്സ്’എന്താണെന്ന് മനസ്സിലാക്കിയാല്‍ തീരുമാനം എടുക്കേണ്ടത് ഞാനാണ്. മറ്റാര്‍ക്കും എനിക്കുവേണ്ടി തീരുമാനമെടുക്കാനാകില്ല. എന്റെ തിക്താനുഭവത്തോടുള്ള പ്രതികരണം ഒരു യാഥാസ്ഥിതിക മധ്യവര്‍ഗ സമൂഹത്തിന്റെ പ്രതികരണമാണ്. ജീവിതം എന്നാല്‍ തീരുമാനങ്ങളാണ്, അതിന്റെ ബാധ്യത ഏറ്റെടുക്കലാണ്. ലൈംഗിക തൊഴില്‍ മേഖലയിലെ ശിശു വേശ്യകളെയും മറ്റ് ലൈംഗിക തൊഴിലാളികളെയും മോചിപ്പിച്ച്, സൗകര്യങ്ങള്‍ നല്കി, ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നത് എന്റെ ജീവിതലക്ഷ്യമാണ്. ഇതിനെ എതിര്‍ക്കുന്ന കപടവാദികളെയും സെക്സ് മാഫിയയെയും മതപരമായി വ്യാഖ്യാനിച്ച് എതിര്‍ക്കുന്നവരെയും എല്ലാം എനിക്ക് നേരിടേണ്ടിവരുന്നു ” – സുനിത വിശദീകരിക്കുന്നു.
ഇന്ത്യയില്‍ തന്നെ രണ്ടുലക്ഷം സ്ത്രീകള്‍ ലൈംഗിക രംഗത്ത് വില്ക്കപ്പെടുന്നു. 10 വയസ്സ് മുതലുള്ള കുട്ടികള്‍. അവരുടെ കഥകള്‍ വിവരിക്കുന്ന സുനിതയുടെ ശബ്ദം ഇടറുമ്പോള്‍ നമ്മുടെ കണ്ണുകള്‍ ഈറനണിയുന്നു. ബാലവേശ്യകളെ അധികം ആവശ്യപ്പെടുന്നത് അമേരിക്കക്കാരായ വിനോദ സഞ്ചാരികളാണ്. “ഞ്ഞാന്‍ ആദ്യം രക്ഷപ്പെടുത്തിയത് ബുദ്ധിമാന്ദ്യം ബാധിച്ച ഒരു 13 കാരിയെ ആയിരുന്നു” എന്ന് സുനിത ഓര്‍ക്കുന്നു. ഇപ്പോള്‍ സുനിത രക്ഷപ്പെടുത്തിയിരിക്കുന്നത് 3500 കുട്ടികള്‍ ഉള്‍പ്പെടെ 6000 സ്ത്രീകളെയാണ്. അവരില്‍ 600 പേര് വിവാഹിതരായി കുട്ടികളുമായി ജീവിക്കുന്നുണ്ട്. ഇങ്ങനെ രക്ഷപ്പെടുത്തിയവരില്‍ മൂന്നുവയസ്സായ കുട്ടിപോലും ഉണ്ടായിരുന്നു. ലൈംഗിക തൊഴിലാളികളുടെ കുട്ടികള്‍ക്കായി സുനിത 17 സ്കൂളുകളാണ് നടത്തുന്നത്. രക്ഷപ്പെടുന്നവരില്‍ ഭൂരിഭാഗവും എച്ച്ഐവി ബാധിതരാണെന്ന ദുഃഖസത്യവും സുനിത പങ്കുവെയ്ക്കുന്നു. പക്ഷെ അവര്‍ക്കും ലൈംഗിക തൊഴിലല്ലാതെ മറ്റു തൊഴില്‍ അഭ്യസിച്ച് ജീവിതവൃത്തി നേടാനും എച്ച്ഐവിയുള്ള യുവാക്കളെ ഭര്‍ത്താവായി ലഭിക്കാനും സുനിത വേദി ഒരുക്കുന്നു. എച്ച്ഐവി ബാധിതര്‍ക്ക് ധാര്‍മിക പിന്തുണ നല്കി, പ്രൈമറി, സെക്കന്ററി വിദ്യാഭ്യാസത്തിന് ശേഷം തൊഴില്‍ പരിശീലനവും ലഭ്യമാക്കുന്നു. കുടുതല്‍ പഠിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് അതിനും സൗകര്യമൊരുക്കാന്‍ സുനിതയ്ക്കാകുന്നു.
ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന സുനിതയുടെ ‘പ്രജ്വല’ രക്ഷപ്പെടുത്തുന്നവരില്‍ മുസ്ലീം പെണ്‍കുട്ടികളും ഉള്‍പ്പെടുന്നതിനാല്‍ ഇത് മതഭ്രാന്തന്മാരെ പ്രകോപിപ്പിപ്പിക്കുകയും ഈ സ്ഥാപനത്തിന് നേരെ അവര്‍ ആക്രമം അഴിച്ചുവിടുകയുമുണ്ടായി. അതിശക്തമായ സെക്സ് മാഫിയയുടെ ആക്രമണവും സുനിതാ കൃഷ്ണന് നേരിടേണ്ടിവന്നു. ഇങ്ങനെ ഒരാക്രമണത്തില്‍ ഒരു ചെവിയുടെ ശ്രവണശേഷി പോലും അവര്‍ക്ക് നഷ്ടമായി. പക്ഷെ സുനിത അചഞ്ചലയാണ്. ഈ സേവനം അവര്‍ ഈശ്വരനിയോഗമായി കാണുന്നു. ഇങ്ങനെയുള്ള സുനിതയെ എങ്ങനെയൊക്കെ ആദരിച്ചാലാണ് അധികമാവുക?
ഇപ്പോള്‍ സുനിതയുടെ ‘പ്രജ്വല’ മോഡല്‍ 12 സംസ്ഥാനങ്ങളില്‍, കേരളമടക്കം പ്രാവര്‍ത്തികമാക്കുകയാണ്. കേരളത്തില്‍ ഇതിന്റെ പേര് ‘നിര്‍ഭയ’ എന്നാണ്. കേരളത്തില്‍ ഇന്ന് ഭയംകൂടാതെ സ്ത്രീയ്ക്ക് പുറത്തിറങ്ങാന്‍ നിവൃത്തിയില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അഗമ്യഗമനം നടക്കുന്നത് കേരളത്തിലാണ് എന്ന് സുനിത പറയുമ്പോള്‍ ഓര്‍മ്മവരുന്നത് സ്വന്തം മകളെ പീഡിപ്പിച്ചശേഷം പെണ്വാണിഭത്തിലെത്തിച്ച പറവൂര്‍ പീഡനക്കേസിലെ പിതാവിനെയാണ്. ഭര്‍ത്താവ് സ്വന്തം മകളെ പീഡിപ്പിക്കുമ്പോഴും അത് മറച്ചു വയ്ക്കാനും അതിനെപ്പറ്റി നിശ്ശബ്ദത പാലിക്കാനും ആണ് ഇവിടെ ചില അമ്മമാര്‍ നിഷ്ക്കര്‍ഷിക്കുന്നത്. “ഭര്‍ത്താവ് കേരള സ്ത്രീയ്ക്ക് ‘സ്റ്റാറ്റസ് സിമ്പല്‍’ ആണ്. ഇവിടുത്തെ സാമൂഹ്യബോധം അതാണ്. കേരളത്തിലെ സ്ത്രീകളുടെ സ്വഭാവ രൂപീകരണം ഈ തത്വത്തിലധിഷ്ഠിതമാണ്. എങ്ങനെയും അഡ്ജസ്റ്റ് ചെയ്യണം, കോംപ്രമൈസ് ചെയ്യണം, വീടിനുള്ളില്‍ നടക്കുന്നത് വീട്ടില്‍ ഒതുങ്ങണം മുതലായ ധാരണകള്‍ അവളില്‍ സമൂഹം അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്”- സുനിത പറയുന്നു. ഇവിടെ മാറ്റത്തിന് സാധ്യതയില്ല എന്നാണ് സുനിത കൃഷ്ണന്റെ അഭിപ്രായം.
സുനിതയുടെ പ്രേരണയാല്‍ കേരളത്തില്‍ ‘നിര്‍ഭയ’ രൂപപ്പെടുകയാണ്; കേരളത്തിന്റെ പ്രജ്വല. പെണ്‍വാണിഭത്തിനും ബാല-സ്ത്രീ ലൈംഗിക പീഡനത്തിന് തടയിടാനും ഇതിനായി പോലീസില്‍ ഒരു സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിക്കാനും ജാഗ്രതാ സമിതികള്‍ പഞ്ചായത്തുതലത്തില്‍വരെ രൂപീകരിച്ച് കുടുംബ സന്ദര്‍ശനം നടത്താനും പെണ്‍വാണിഭ കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതികള്‍ കൊണ്ടുവരാനും ആണ് ‘നിര്‍ഭയ’ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം മദ്യോപയോഗം തടയാനും സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം-അതായത് എന്താണ് തെറ്റായ സ്പര്‍ശം, നോട്ടം, വാക്ക് മുതലായവ പഠിപ്പിക്കാനും കുട്ടികള്‍ക്ക് കൗണ്‍സലിംഗ് ലഭ്യമാക്കാനും ലക്ഷ്യമിടുന്നു. പുറമെ അവരുടെ പറയാന്‍ വയ്യാത്ത പരാതികള്‍ എഴുതിയിടാന്‍ പരാതിപ്പെട്ടികള്‍ സ്കൂളുകളില്‍ സ്ഥാപിക്കാനും ഉദ്ദേശ്യമുണ്ട്. “ഇതെല്ലാം കടലാസില്‍ ഒതുങ്ങരുത്, പ്രാവര്‍ത്തികമാക്കണം. നിയമങ്ങളുടെ അഭാവമല്ല, അത് പ്രയോഗത്തില്‍ വരാത്തതാണ് നമ്മുടെ ശാപം. മണല്‍ വാരലും നിലംനികത്തലും തടയാന്‍ നിയമമുണ്ടെങ്കിലും അവ നിര്‍ബാധം നടക്കുന്നില്ലേ?” -സുഗതകുമാരി ചോദിക്കുന്നു.
സുനിതാ കൃഷ്ണന് പാലക്കാട്ടുകാരിയാണ്. അവര്‍ മലയാളിയുടെ അഭിമാനം മാത്രമല്ല മാനസിക അടിമത്വം പേറുന്ന കേരള സ്ത്രീസമൂഹത്തിന് അനുകരണീയയായ മാതൃകകൂടിയാണ്. പൂവാല ശല്യത്തില്പോലും മുഖം കുനിച്ച് പിന്‍വാങ്ങുന്ന മലയാളി സ്ത്രീ ലൈംഗിക പീഡനം അനുഭവിച്ചാല്‍ കുഷ്ഠരോഗികളെക്കാള്, എച്ച്ഐവി ബാധിതരെക്കാള്‍ അസ്പൃശ്യരും അസ്വീകാര്യരുമായ വെറും ഇരകളായി, മനുഷ്യജീവിയല്ലാതായിത്തീരുമ്പോള് കൂട്ട ബലാല്‍സംഗത്തിനിരയായി വീട്ടുകാരും നാട്ടുകാരും പുറന്തള്ളിയപ്പോള്‍ എല്ലാ എതിര്‍പ്പുകളേയും പുച്ഛിച്ച് തള്ളി പഠിച്ച്, ഡോക്ടറേറ്റ് ബിരുദം നേടി ഏതു മേഖലയാണോ തനിക്ക് മാനസികാഘാതം നല്‍കിയത് അതേ മേഖലയില്‍ വെല്ലുവിളിയോടെ എത്തി ഇരകളെ മോചിപ്പിച്ച് അവര്‍ക്കും അവരുടെ കുട്ടികള്‍ക്കും ജീവിതം നല്‍കുക വഴി സുനിതയ്ക്ക് എന്റെ ദൃഷ്ടിയില് ഒരു ദേവതയുടെ സ്ഥാനമാണ്.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: