പെരുമ്പാവൂര്‍: കുടിവെള്ളം വിതരണം ചെയ്തിരുന്ന പൈപ്പ് ലൈന്‍ തകര്‍ന്ന് ഒരു വര്‍ഷം തികയാറായിട്ടും വെങ്ങോല ഗ്രാമപഞ്ചായത്തിലെ പെരുമാനി പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുകയാണ്. ഒരു വര്‍ഷം മുമ്പ് പെരുമാനിയില്‍ റോഡ് ടാറിംഗ് നടക്കുന്നതിനിടയിലാണ് കുടിവെള്ള പൈപ്പ് തകര്‍ന്നത്. അന്നുമുതല്‍ തടസ്സപ്പെട്ട ജലവിതരണം ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതുമൂലം നൂറ് കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന അയ്യന്‍ചിറങ്ങര, അറയ്ക്കപ്പടി, വിജെഎസി എന്നീ പ്രദേശങ്ങള്‍ ശുദ്ധജല ദൗര്‍ലഭ്യം കൊണ്ട് വലയുകയാണ്.
വെങ്ങോല പഞ്ചായത്തിലെ അയ്യന്ചിറങ്ങരയിലുള്ള പിരിയന്‍കുളം പദ്ധതിയില്‍ നിന്നാണ് ഈ പ്രദേശത്തെ കൂടിവെള്ള ക്ഷാമം പരിഹരിച്ചുവന്നത്. പിരിയന്‍ കുളത്തില്‍ നിന്നും 2 കിമി അകലെയുള്ള ഓട്ടത്താണിയില്‍ സ്ഥാപിച്ചിരിക്കുന്ന ടാങ്കില്‍ ജലമെത്തിച്ചാണ് ഇവിടത്തെ ജലക്ഷാമം പരിഹരിച്ച് വന്നിരുന്നത്. വാട്ടര്‍ അതോറിട്ടി 70 ലക്ഷം രൂപമുടക്കി പണിതീര്‍ത്ത ഈ പധതിയായിരുന്നു ഇവിടത്തുകാരുടെ ഏക ആശ്രയം. 2010-2011ല്‍ നടന്ന റോഡ് ടാറിംഗിനെ തുടര്‍ന്നാണ് 50 മീറ്ററോളം പൈപ്പ് തകര്‍ന്നതെന്നും നാട്ടുകാര്‍ പറയുന്നു.
ഒരു വര്‍ഷക്കാലമായി പെരുമാനി പ്രദേശത്തെ ശുദ്ധജല വിതരണം മുടങ്ങിയിട്ടും അധികൃതര്‍ ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. നിരവധി ഹരിജന്‍- ഗിരിജന്‍ കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ കുടിവെള്ളപ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം വലിയ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും കര്‍ഷകസംഘം അറയ്ക്കപ്പടി വില്ലേജ് കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: