കൊച്ചി: പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഗൂഢസംഘങ്ങള്‍ കേരളത്തില്‍ ശക്തിപ്രാപിച്ചുവരികയാണെന്നും പ്രത്യേക പോലീസ് സ്ക്വാഡ് രൂപീകരിച്ച് അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
രക്ഷകര്‍ത്താക്കളുടെ അറിവോ സമ്മതമോ കൂടാതെ തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചും സമ്മര്‍ദം ചെലുത്തിയും പെണ്‍കുട്ടികളെ കൊണ്ടുപോവുകയും ഗൂഢസങ്കേതങ്ങളില്‍ പാര്‍പ്പിച്ച് വശീകരിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണെന്ന് പ്രസ്താവനയില്‍ കുമ്മനം ചൂണ്ടിക്കാട്ടി.
കായംകുളം സ്വദേശികളായ മാതാപിതാക്കള്‍ തങ്ങളുടെ മകളെ വീണ്ടുകിട്ടുന്നതിന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കുകയുണ്ടായി. വിധി പറഞ്ഞ കോടതി സ്വന്തം ഇഷ്ടമനുസരിച്ച് പോകുന്നതിന് കുട്ടിയെ അനുവദിച്ചു. കുട്ടിയെ സ്വീകരിക്കുവാന്‍ കോടതി പരിസരത്ത് എത്തിയ മാതാപിതാക്കളെ ചില അഭിഭാഷകരും ഗൂഢസംഘാംഗങ്ങളും ചേര്‍ന്ന് തടഞ്ഞുവെക്കുകയും മര്‍ദിക്കുകയും ചെയ്തു. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ട പോലീസ് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച ബന്ധുമിത്രാദികളെ കസ്റ്റഡിയിലെടുക്കുകയും പെണ്‍കുട്ടിയെ കോഴിക്കോട്ടുള്ള മുസ്ലീം മത പഠനകേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു.
ബാലരാമപുരത്ത് വീട്ടില്‍ കയറി പെണ്‍കുട്ടിയെ കുത്തി മാരകമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ പെണ്‍കുട്ടി തടഞ്ഞപ്പോഴാണ് അക്രമമുണ്ടായത്. കഴിഞ്ഞ ഒരുവര്‍ഷംമാത്രം ഇരുന്നൂറോളം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു കേസിലും തുമ്പുണ്ടാക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. തന്മൂലം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഗൂഢസംഘങ്ങള്‍ കേരളത്തില്‍ അഴിഞ്ഞാടുകയാണ്. അവരുടെ സങ്കേതങ്ങള്‍ പോലീസ് റെയ്ഡ് ചെയ്യണം, കുമ്മനം ആവശ്യപ്പെട്ടു.
തട്ടിക്കൊണ്ടുപോയതുമൂലം തങ്ങളുടെ പെണ്‍കുട്ടികളെ നഷ്ടപ്പെട്ട രക്ഷകര്‍ത്താക്കളുടെ സംസ്ഥാനതല കണ്വെന്ഷന് ഉടനെ ചേരും. നിയമപരിരക്ഷ ലഭിക്കുന്നതിനും കേസന്വേഷണം ശക്തിപ്പെടുത്തുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനുംവേണ്ടി സര്‍ക്കാരിനെ സമീപിക്കുമെന്ന് കുമ്മനം രാജശേഖരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: