ശബരിമല: ലോകം ശബരിമലപോലെയാകണമെന്ന് ഗാനഗന്ധര്വ്വന് ഡോ.കെ.ജെ. യേശുദാസ് പറഞ്ഞു. ഹരിവരാസനം പുരസ്ക്കാരം സ്വീകരിക്കാനെത്തിയ അദ്ദേഹം സന്നിധാനത്ത് വിഷുദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു. ശബരിമലയില്‍ സമത്വവും സാഹോദര്യവും കുടികൊള്ളുന്നു. ഇവിടെ മതവിദ്വേഷമില്ല. മനുഷ്യര്‍ തമ്മില്‍ ഭേദഭാവമില്ല. പലതരത്തിലും വിഭാഗത്തിലുമുള്ളവര്‍ ഇവിടെ എത്തിയാല്‍ ഒരുപോലെയാണ്. എല്ലാവരേയും ഒന്നായി കാണുന്ന അദ്വൈത മൂര്‍ത്തിയാണ് അയ്യപ്പന്. രണ്ട് എന്ന ഭേദമില്ലിവിടെ. ഈശ്വരനും ഭക്തനും ഒന്നാണിവിടെ. താന്‍ തന്നെയാണ് തന്നെ കാണാന്‍ വരുന്നതെന്ന സങ്കല്പം. ഈ സങ്കല്പം ലോകത്ത് മറ്റോരിടത്തും ഇല്ല. ഇതുകൊണ്ടാണ് ലോകം ശബരിമല പോലെയാകണമെന്ന് ആഗ്രഹിക്കുന്നത്.
ശബരിമലയില്‍ വരുന്ന തീര്‍ത്ഥാടകര്‍ പമ്പയെ മലിനപ്പെടുത്തരുത്. പാപങ്ങള്‍ തീര്‍ത്ത് മോക്ഷം നല്‍കുകയാണ് പമ്പ ചെയ്യുന്നത്. മാലിന്യങ്ങളും വസ്ത്രങ്ങളും പമ്പയില്‍ ഉപേക്ഷിക്കുവാനുള്ളതല്ല എന്നും അദ്ദേഹം പറഞ്ഞു.
തന്റെ പിതാവും അയ്യപ്പ ഭക്തനായിരുന്നെന്ന് ഹരിവരാസന പുരസ്ക്കാരം സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗത്തില്‍ യേശുദാസ് പറഞ്ഞു. ആ പാരമ്പര്യം താനും തന്റെ മകനും പിന്തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിഷുപ്പുലരിയിലാണ് ഇരുമുടിക്കെട്ടുമേന്തി യേശുദാസ് അയ്യപ്പ ദര്‍ശനത്തിനെത്തിയത്. അയ്യപ്പസന്നിധിയിലെത്തി ദര്‍ശനം നടത്തി വിഷുകൈനീട്ടവും വാങ്ങി.
വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഏഴ് മണിയോടെ ഹരിവരാസന പുരസ്ക്കാര ദാനച്ചടങ്ങ് ആരംഭിച്ചു. മന്ത്രി വി.എസ്. ശിവകുമാര്‍ പുരസ്ക്കാരം യേശുദാസിന് സമ്മാനിച്ചു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം. രാജഗോപാലന്‍ നായര്‍ അയ്യപ്പമുദ്ര ആലേഖനം ചെയ്ത സ്വര്‍ണ്ണ ലോക്കറ്റ് യേശുദാസിനെ അണിയിച്ചു. ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ പ്രശസ്തി പത്രം വായിച്ച് സമര്‍പ്പിച്ചു. ചടങ്ങില്‍ രാജു എബ്രഹാം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി., ദേവസ്വംബോര്‍ഡ് അംഗം കെ. വി. പത്മനാഭന്, സ്പെഷ്യല്‍ കമ്മീഷണര്‍ ജഗദീഷ്, കമ്മിഷണര്‍ എന്‍. വാസു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പുരസ്ക്കാര ചടങ്ങിനു ശേഷം ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ യേശുദാസ് സംഗീതാര്‍ച്ചന നടത്തി. മലയാളത്തിലും തമിഴിലുമുള്ള അയ്യപ്പ ഭക്തിഗാനങ്ങള്‍ ആലപിച്ച ശേഷം 10.55ഓടെ ഹരിവരാസനം പാടിയാണ് അദ്ദേഹം കച്ചേരി അവസാനിപ്പിച്ചത്. അയ്യപ്പന്റെ ഉറക്കുപാട്ട് ഗാനഗന്ധര്‍വ്വന്റെ കണ്ഠത്തില് നിന്നും നേരിട്ടുകേട്ട നിര്‍വൃതിയിലാണ് വിഷുദര്ശനത്തിനെത്തിയ ഭക്തസഹസ്രങ്ങള്‍ മലയിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: