ദേരാ ഇസ്മയില്‍ ഖാന് (പാക്കിസ്ഥാന്): പാക്കിസ്ഥാനില്‍ ജയിലിനുനേരെ ഭീകരാക്രമണം. ഭീകരര്‍ ഉള്‍പ്പെടെ 400 ഓളം തടവുകാര്‍ രക്ഷപ്പെട്ടു.
അഫ്ഗാന് അതിര്‍ത്തിയോട് ചേര്‍ന്ന് പഷ്ഠൂണ്‍ ആദിവാസി മേഖലകള്‍ സ്ഥിതിചെയ്യുന്ന ബാന്നു പട്ടണത്തിലെ ജയിലിന്നേരെയാണ് ഇസ്ലാമിക ഭീകരര്‍ തോക്കുകളും റോക്കറ്റ് നിയന്ത്രിണ ഗ്രനേഡുകളുമായി ആക്രമണം അഴിച്ചുവിട്ടത്. ജയിലില്‍ കഴിയുന്ന നൂറുകണക്കിന് സഹപ്രവര്‍ത്തകരെ മോചിപ്പിച്ചുവെന്ന് താലിബാന് വക്താവ് പറഞ്ഞു. ഇവരില്‍ പലരും അവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയെന്നും മറ്റ് പലരും യാത്രയിലാണെന്നും ഇയാള്‍ അവകാശപ്പെട്ടു. അല്‍ ഖ്വയ്ദയുമായി അടുത്ത ബന്ധമുള്ള പാക്കിസ്ഥാനിലെ താലിബാന് പ്രസ്ഥാനമാണ് ആക്രമണത്തിന് പിന്നിലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലുകളില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ നേതൃത്വത്തില്‍ ജയില്‍ ആക്രമണങ്ങള്‍ പതിവാണെങ്കിലും പാക്കിസ്ഥാനില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായിരുന്നു. പാക്കിസ്ഥാന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി തെഹ്റിക്-ഇ-താലിബാന് പാക്കിസ്ഥാന് (പാക്കിസ്ഥാനിലെ താലിബാന് പ്രസ്ഥാനം) മാറിയിരിക്കുന്നതായി ഇത് സൂചിപ്പിക്കുന്നു.
2007 ല്‍ ഇസ്ലാമാബാദിലെ റെഡ്മോസ്കിന് നേരെ ആക്രമണം നടത്തിക്കൊണ്ടാണ് ഒട്ടേറെ ചെറു ഭീകരസംഘങ്ങളുടെ ഏകോപന സമിതിയായ തെഹ്റിക്-ഇ-പാക്കിസ്ഥാന് രാജ്യത്ത് പോരാട്ടം ആരംഭിച്ചത്.
ഇന്നലെ പുലര്‍ച്ചെയാണ് ഡസന്‍കണക്കിന് ഭീകരര്‍ സെന്‍ട്രല്‍ ജയിലിനുനേരെ ആക്രമണം നടത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥനായ മിര്‍സാഹിബ് ജാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 300 ഓളം തടവുകാര്‍ രക്ഷപ്പെട്ടതായും ഇദ്ദേഹം വ്യക്തമാക്കി. 944 തടവുകാരാണ് ജയിലില്‍ ഉണ്ടായിരുന്നത്. സുരക്ഷാസേനയും പരാമിലിട്ടറി ഭടന്മാരും ബാന്ധു ജയില്‍ വളഞ്ഞിരിക്കുകയാണ്. ആറ് ജയില്‍ ബ്ലോക്കുകളാണ് ഭീകരര്‍ ലക്ഷ്യമിട്ടതെന്ന് പോലീസ് പറയുന്നു. അഫ്ഗാന് താലിബാനുമായി അടുത്ത ബന്ധമാണ് പാക്കിസ്ഥാനി താലിബാനുള്ളത്. സുതാര്യമായ അതിര്‍ത്തിയിലൂടെ ഇരുകൂട്ടരും നിര്‍ബാധം സഞ്ചരിക്കുകയും രഹസ്യവിവരങ്ങള്‍ കൈമാറുകയും പരസ്പരം ആശ്രയം നല്‍കുകയും ചെയ്യുന്നു. അഫ്ഗാന് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ പ്രദേശത്തെയാണ് ലോകത്തെ ഏറ്റവും അപകടകരമായ സ്ഥലമായി യുഎസ് പ്രസിഡന്റ് ബരാക് ഒബാമ വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: