കൊച്ചി: മത്സ്യത്തൊഴിലാളികളുടെ തൊഴിലും, ജീവനും മത്സ്യബന്ധനയാനങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 28ന് പൊഴിയൂര്‍ മുതല്‍ മഞ്ചേശ്വരം വരെ അണിചേരുന്ന മനുഷ്യസാഗരം വന്‍ വിജയമാക്കുവാന്‍ ഇവിടെ ചേര്‍ന്ന മത്സ്യത്തൊഴിലാളി കണ്വെന്ഷന് തീരുമാനിച്ചു. ജില്ലയിലെമ്പാടും വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് കണ്വെന്ഷന് രൂപം നല്‍കിയിട്ടുണ്ട്.
ജില്ലയിലെ 47 കിലോമീറ്റര്‍ വരുന്ന തീരദേശത്ത് പതിനായിരക്കണക്കിനാളുകള്‍ മനുഷ്യസാഗരത്തില്‍ കണ്ണികളാകും. പ്രമുഖ സാമൂഹ്യ- സാംസ്ക്കാരിക സാമുദായിക നേതാക്കളും ജനപ്രതിനിധികളും ശ്രംഖലയില്‍ പങ്കാളികളാകും. പരിപാടിയുടെ ജില്ലാ തല പ്രചരണ ജാഥ 20ന് വൈകീട്ട് ചെല്ലാനത്ത് പ്രകടനത്തോടെയും പൊതുയോഗത്തോടെയും ഉദ്ഘാടനം ചെയ്യും. 21ന് രാവിലെ ഇടക്കൊച്ചിയില്‍ നിന്നാരംഭിക്കുന്ന ജാഥ വൈകീട്ട് മുനമ്പത്ത് സമാപിക്കും. 22ന് പുത്തന്‍വേലിക്കരയില്‍ നിന്നും ആരംഭിക്കുന്ന ജാഥയുടെ സമാപനം ഉദയംപേരൂരില്‍ നടക്കും. ജില്ലാ സംഘാടക സമിതി കണ്‍വീനര്‍ ടി.രഘുവരനാണ് ജാഥാക്യാപ്റ്റന്. 24,25 തീയതികളില്‍ പരിപാടിയുടെ പ്രചരണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളി ഗ്രാമങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തും. 27-ാം തീയതി വൈകീട്ട് തീരദേശത്ത് വീടുകളിലും റോഡുകളിലും ദീപം തെളിയിക്കും.
28ന് വൈകീട്ട് 4 മണിക്ക് തീരദേശ റോഡില്‍ ബഹുജനങ്ങള്‍ സംഗമിക്കും. 5 മണിക്ക് പ്രതിജ്ഞയെ തുടര്‍ന്ന് പ്രധാനകേന്ദ്രങ്ങളില്‍ പൊതുയോഗവും നടക്കും. കൊച്ചിന്- വൈപ്പിന്‍ അഴിയേയും, മുനമ്പം- അഴിക്കോട് അഴിയേയും ബന്ധപ്പിച്ച് വള്ളങ്ങളും ബോട്ടുകളും അണിനിരത്തും.
മനുഷ്യസാഗരത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ബി.മാത്യു മാസ്റ്റര്‍ ചെയര്‍മാനും ടി.രഘുവരന് ജനറല്‍ കണ്‍വീനറും, കെ.ബി.കാസിം ട്രഷററുമായി 29 അംഗ എക്സിക്യൂട്ടീവിന് കണ്വെന്ഷന് രൂപം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: