എറണാകുളം ജില്ലയിലെ ഒക്കല് പഞ്ചായത്തിലാണ് ചിരപുരാതനമായ ചേലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. പെരുമ്പാവൂരിനും കാലടിക്കും മദ്ധ്യേ വടക്കുമാറി പെരിയാറിന്റെ തീരത്താണ് പിതൃദര്പ്പണത്തിന് പ്രസിദ്ധമായ ഈ ക്ഷേത്രം. പരിപാവനമായ പെരിയാര് നദി എവിടെ ഗംഗയ്ക്ക് സമാനമെന്ന് ഭക്തര് കരുതുന്നു. പൂര്ണ്ണാനദിയുടെ ഒഴുക്ക് ഇവിടെ എത്തുമ്പോള് വിസ്മയാവഹമായ രീതിയിലാണ്. കിഴക്കു നിന്നും പടിഞ്ഞാറോട്ട് ഒഴികുന്ന പെരിയാര് ഇവിടെ എത്തിയശേഷം പടിഞ്ഞാറു നിന്നും കിഴക്കോട്ടൊഴുകുകയാണ്. പ്രകൃതിഭംഗികൊണ്ട് അനുഗൃഹീതമായ ഈ പ്രദേശത്തെ തഴുകിയൊഴുകുന്ന പുഴ ചേലചുറ്റിയപോലെ കാണപ്പെടുന്നതുകൊണ്ടാകാം ചേലാമറ്റം എന്നപേര് ഈ ഗ്രാമത്തിനുണ്ടായതെന്ന് പഴമ. എല്ലാദിവസവും ബലിതര്പ്പണം നടക്കാറുള്ള ക്ഷേത്രം ദക്ഷിണകാശി എന്ന് പ്രസിദ്ധവുമാണ്. ക്ഷേത്രത്തില് ബലിക്കല്പ്പുര ഇല്ലാ എന്ന അപൂര്വ്വതയുമുണ്ട്. ക്ഷേത്രത്തിലേക്കുള്ള മാര്ഗ്ഗമദ്ധ്യേ മാതംപിള്ളി വാമനക്ഷേത്രവും അതേ ദിശയില് തന്നെ ചൊവ്വാഴ്ച ഭഗവതിക്കാവും കാണാം.
ക്ഷേത്രത്തിനു മുന്നില് വരെ വാഹനമെത്തും. അവിടെനിന്നും ഇടത്തോക്കുള്ള റോഡ് കാലടിയിലേയ്ക്കാണ്. വിശാലമായ മുറ്റം, ഒരറ്റത്ത് പടര്ന്നുപന്തലിച്ചു നില്ക്കുന്ന ആല്മരം. ഇടതുവശത്ത് ആഡിറ്റോറിയം. ക്ഷേത്രത്തിലേയ്ക്ക് കയറുന്നിടത്ത് മുന്നില് രണ്ട് ഗോപുരങ്ങള്, രണ്ടു ധ്വജങ്ങള്, രണ്ടു ശ്രീകോവിലുകളുമുണ്ട്. അതില് തെക്കുഭാഗത്ത് ശ്രീകൃഷ്ണനും, വടക്ക് നരസിംഹവും പ്രധാന മൂര്ത്തികള്. ആദ്യം ഇവിടെ നരസിംഹവിഹ്രമാണ് പ്രതിഷ്ഠിച്ചെതെന്നും പിന്നീട് കൃഷ്ണവിഗ്രഹം കിട്ടിയെന്നും അത് പുഴയില് കണ്ടത് അക്കരകൂട്ടം എന്ന പുലയ സമുദായക്കാരാണെന്നും ഐതിഹ്യം. നാരമ്പലത്തിനു പുറത്ത് തെക്കുഭാഗത്തായി ശാസ്താവും ചുറ്റമ്പലത്തിനു പുറത്ത് ശാസ്താവിനും തെക്കുഭാഗത്തായി നാഗയക്ഷിയും ശ്രീകൃഷ്ണസ്വാമിയുടെ ശ്രീകോവിലിനു വെളിയില് തെക്കുകിഴക്കായി (സ്വാമിയാര് സമാധി) സ്ഥാനവുമുണ്ട്. ക്ഷേത്രത്തില് ബ്രഹ്മകലശത്തിന് നെയ്യുമാത്രമേ ഉപയോഗിക്കാറുള്ളൂ എന്ന പ്രത്യേകതയുണ്ട്. അതുപോലെ ഉദയാസ്തമന പൂജ പാടില്ലാ എന്നുമുണ്ട്. വച്ചുനമസ്ക്കാരവും തൃക്കൈവെണ്ണയും പാല്പ്പായസവും കാല്കഴുകിച്ചൂട്ടും പ്രധാന വഴിപാടുകള്. പിതൃക്കള്ക്കും രക്ഷസുകള്ക്കും തിലഹവന നമസ്ക്കാരാദി വഴിപാടുകള് നടത്താന് എത്തുന്ന ഭക്തരുമുണ്ട്. ഇന്നാട്ടുകാര് ഏതൊരുകാര്യം ചെയ്യുന്നതിനും മുന്പായി നമസ്ക്കാരം വഴിപാടിന് നേര്ച്ചനേരുക പതിവാണ്.
ചിങ്ങമാസത്തിലെ ചോതിക്ക് കൊടിയേറിയുള്ള വാമനമൂര്ത്തിയുടെ ഉത്സവം തിരുവോണ ആറാട്ടോടെ അവസാനിക്കും. മണ്ഡലപൂജയ്ക്കു പുറമെ ധനുമാസത്തില് വാമനമൂര്ത്തിക്ക് ദശാവതാരം ചാര്ത്തലുണ്ട്. എല്ലാ മാസത്തിലേയും കറുത്തവാവ് പ്രധാനം. അതുപോലെ കര്ക്കടകം, ഇടവം, കുംഭം, തുലാം മാസങ്ങളിലെ വാവുകളും. കുംഭമാസത്തിലാണ് ക്ഷേത്ത്രിലെ മഹോത്സവം. പത്തുദിവസം നീണ്ടുനില്ക്കുന്ന ഉത്സവത്തില് ചോതിക്ക് കൊടിയേറ്റം. കൊടിയേറ്റിന് പിറ്റേദിവസം ലക്ഷദീപം തെളിക്കുന്ന ചടങ്ങുമുണ്ട്. ദീപാരാധനയോ പറയെടുപ്പോ ഇല്ല. അതുപോലെ ഉത്സവബലിയുമില്ല. ദേവനെ തിടമ്പിലേയ്ക്കാവാഹിക്കാതെ പുറത്തേയ്ക്കെഴുന്നള്ളിക്കാനും പാടില്ല. വലിയ വിളക്കു ദിവസത്തെ പൂജയ്ക്ക് വയ്ക്കുന്ന നിവേദ്യത്തില് ഒരു പങ്ക് അക്കരക്കൂട്ടകാര്ക്ക് നല്കും. അവര് ഈ നിവേദ്യച്ചോറ് ഉണക്കിസൂക്ഷിക്കുമെന്നും അത് ഉദരരോഗത്തിന് ഉത്തമഔഷധമാണെന്നും വിശ്വസിക്കുന്നു. തിരുവോണത്തിനുള്ള ആറാട്ടോടെ ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: