ഭാരതത്തിന്റെ ഭരണഘടനാ നിര്‍മ്മാതാവായ ഡോ: ഭീംറാവു അംബേദ്കര്‍ പാശ്ചാത്യരീതിയിലുള്ള പാര്‍ലമെന്ററി ജനാധിപത്യം ഭാരതത്തില്‍ വിജയിക്കുമെന്ന് തീര്‍ത്തും വിശ്വാസിച്ചില്ല. ഇന്ത്യന്‍ ജനാതിപത്യത്തിനു നേരിട്ടേക്കാവുന്ന അപകടങ്ങളെക്കുറിച്ച് 1949 നവംബറില്‍ ഭരണഘടനാനിര്‍മ്മാണ സമിതിയില്‍ത്തന്നെ അദ്ദേഹം തുറന്നു പ്രസ്താവിച്ചിരുന്നു. അത് അന്നത്തെക്കാളേറെ ഇന്നു പ്രസക്തമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ അതേപടി വായിച്ചിരിക്കേണ്ടത് ആവശ്യമാണ്.
“1950 ജനുവരി 26-ാം തീയതി ഇന്ത്യ സ്വതന്ത്രരാഷ്ട്രമാകും. ആ സ്വതന്ത്ര്യത്തിന് എന്തു സംഭവിക്കും? ഭാരതം അതു നിലനിര്‍ത്തുമോ, അതോ കളഞ്ഞുകുളിക്കുമോ? ഇന്ത്യ ഇത് ആദ്യമായിട്ടല്ല ഒരു സ്വാതന്ത്രരാഷ്ടമാവുന്നത്. ഉണ്ടായിരുന്ന സ്വാതന്ത്ര്യം ഒരിക്കല്‍ നഷ്ടപ്പെടുത്തി. രണ്ടാമതും അതു നഷ്ടപ്പെടുമോ? എന്നെ വല്ലാതെ ഉത്കണ്ഠാകുലനാക്കുന്നത് ഒരിക്കല്‍ ഇന്ത്യയ്ക്കു സ്വതന്ത്ര്യം നഷ്ടപ്പെട്ടു എന്നതല്ല, സ്വന്തം ആളുകളുടെ കൂറില്ലായ്മയും ചതിയും മൂലം അങ്ങനെ സംഭവിച്ചു എന്നതാണ്. മുഹമ്മദ് ബിന്‍ കാസിം സിന്ധ് ആക്രമിച്ചപ്പോള്‍ ദാഹിര്‍ രാജാവിന്റെ സേനാധിപന്മാര് ശത്രുക്കളുടെ ചാരന്മാരില് നിന്നു കൈക്കൂലി പറ്റുകയും രാജപക്ഷത്തുനിന്നു പോരാടാന്‍ വിസമ്മതിക്കുകയും ചെയ്തു. ഇന്ത്യയെ ആക്രമിക്കാന്‍ മുഹമ്മദ് ഗോറിയെ ക്ഷണിച്ചത് ജനചന്ദ്രനായിരുന്നു.
പൃഥിരാജിനെതിരെ ഗോറി ആക്രമണം നടത്തിയപ്പോള്‍ ജയചന്ദ്രന് തന്റെയും സോളങ്കി രാജാക്കാന്മാരുടെയും സഹായം ഗോറിക്കു നല്കി. ശിവാജി മഹാരാജ് ഹിന്ദുസ്വരാജിനു വേണ്ടി പോരാടിക്കൊണ്ടിരുന്നപ്പോള്‍ പല മറാഠാപ്രഭുക്കന്മാരും രജപുത്ര രാജാക്കന്മാരും ശിവാജിക്കെതിരെ മുഗള്‍ചക്രവര്‍ത്തിമാരുടെ പക്ഷം ചേര്‍ന്നു. ബ്രിട്ടീഷുകാര്‍ സിഖ് ആധിപത്യം തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അവരുടെ മുഖ്യ സേനാപതിയായിരുന്ന ഗുലാബ്സിങ്, സിഖ്സാമ്രാജ്യം രക്ഷിച്ചില്ല. 1857-ല്‍ ഭാരതത്തിന്റെ വലിയൊരുഭാഗം ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാന്ത്ര്യപ്രഖ്യാപനം നടത്തിയപ്പോള്‍ സിഖുകാര്‍ വെറും കാഴ്ചക്കാരും മൂകസാക്ഷികളുമായി നിന്നു. ചരിത്രം ആവര്‍ത്തിക്കുമോ?ഈ വിചാരമാണ് എന്നെ ആശങ്കാകുലനാക്കുന്നത്. അതിനെക്കാള്‍ ഉത്കണ്ഠയുളവാക്കുന്നത് പഴയ ജാതികള്‍ക്കും മതങ്ങള്‍ക്കും പുറമെ ഇപ്പോള്‍ വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികള്‍ പരസ്പരം ശത്രുക്കകളെപോലെ പെരുമാറുന്നു എന്നതാണ്. ഇന്ത്യക്കാര്‍ രാഷ്ട്രത്തിനുമേല്‍ മതത്തെ വയ്ക്കുമോ അതോ മതത്തിനുമേല്‍ രാഷ്ട്രത്തെ വയ്ക്കുമോ? എനിക്ക് ഉറപ്പില്ല, എന്നാല്‍ ഒന്ന് ഉറപ്പാണ്. പാര്‍ട്ടികള്‍ അവരുടെ താല്പര്യം രാഷട്രതാത്പര്യത്തിനുപരിയായി കണക്കാക്കിയാല്‍ വീണ്ടും നമുക്കു സ്വതന്ത്ര്യം നഷ്ടപ്പെടും. ഒരു പക്ഷേ, അത് എന്നെത്തേക്കുമായിട്ടായിരിക്കും. ഈ അപകടത്തിനെതിരെ നാം ഉറച്ചുനില്‍ക്കണം. അവസാനതുള്ളി രക്തം ചൊരിഞ്ഞുപോലും നമ്മുടെ സ്വാതന്ത്ര്യം നാം കാത്തുസൂക്ഷിക്കണം.
“1950 ജനുവരി 26 ന് ഇന്ത്യ ജനാധിപത്യരാഷ്ട്രമാകും എന്നുവച്ചാല്‍ നമ്മുടെ ആളുകള്‍ നമുക്കുവേണ്ടി നമ്മെ ഭരിക്കുന്ന ഭരണകൂടം നിലവില്‍ വരും എന്നാണ്. അപ്പോഴും എന്റെ മനസ്സില്‍ ഇതേ വിചാരമാണ്; നമ്മുടെ ജനാധിപത്യഭരണകൂടത്തിന് എന്തു സംഭവിക്കും. അത് നിലിനിര്ത്തിക്കൊണ്ടുപോകാന് നമുക്കു കഴിയുമോ? അതോ, അതു വീണ്ടും നഷ്ടപ്പെടുമോ? ആദ്യത്തെ പ്രശ്നം പോലെ തന്നെ രണ്ടാമത്തെ പ്രശ്നവും എന്നെ ആശങ്കപ്പെടുത്തുന്നു.
“ജനാധിപത്യം എന്തെന്ന് അറിയാത്ത നാടല്ല ഭാരതം. ഒരു കാലത്ത് ഭാരതം മുഴുവന്‍ ഗണരാജ്യങ്ങള് കൊണ്ടു നിറഞ്ഞിരുന്നു. രാജവാഴ്ചയില്പോലും തിരഞ്ഞെടുക്കൊനുള്ള സ്വാതന്ത്ര്യവും നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. അവര്‍ സ്വേച്ഛാധിപതികളായിരുന്നില്ല. പാര്‍ലമെന്റോ പാര്‍ലമെന്ററി നടപടികളോ അവര്‍ക്ക് അജ്ഞാതമായിരുന്നില്ല. ബുദ്ധമതത്തിലെ ഭിക്ഷുസംഘങ്ങളെക്കുറിച്ചു പഠിച്ചാല്‍ മനസ്സിലാകും അവ പാര്ലമെന്റുകള് തന്നെയൊയിരുന്നുവെന്ന്. ആധുനികകാലത്തിലെ പാര്‍ലമെന്ററി നടപടികളെല്ലാം തന്നെ അവര്‍ നിഷ്ഠയോടെ പാലിച്ചു പോന്നു. അംഗങ്ങള്‍ക്ക് ഇരിക്കാനുള്ള വ്യവസ്ഥ, കോറം വ്യവസ്ഥ, പ്രമേയാവതരണവ്യവസ്ഥ, വോട്ടെണ്ണല്സമ്പ്രദായം എന്നു വേണ്ടാ എല്ലാ നടപടിക്രമങ്ങളും. ഈ നിയമങ്ങളെല്ലാം ബുദ്ധന് നിലവിലിരുന്ന രാഷ്ട്രീയസംവിധാനത്തില്‍ നിന്നു പകര്ത്തിയതായിരിക്കാനേ വഴിയുള്ളൂ.
“ഈ ജനാധിപത്യസമ്പ്രദായം ഇന്ത്യയ്ക്കു നഷ്ടപ്പെട്ടു. ഇനി ഒരിക്കല്‍കൂടി അതു നഷ്ടപ്പെടുമോ എന്ന് എനിക്കറിയില്ല. എന്നാല്‍ ഇന്ത്യയെപ്പോലൊരു രാജ്യത്ത് അങ്ങനെ സംഭവിച്ചുകൂടായ്കയില്ല. കാരണം വളരെക്കാലം ഉപയോഗിക്കാതിരുന്നതുകൊണ്ട് അത് ഇപ്പോള്‍ ഏറെക്കുറെ അപരിചിതമായിത്തീര്‍ന്നിരിക്കുന്നു. ജനാധിപത്യം സ്വേച്ഛാധിപത്യത്തിനു വഴിമാറിയേക്കും. പുതുതായി കൈവന്ന ജനാധിപത്യം അതിന്റെ ചട്ടക്കൂടു നിലനിര്‍ത്തിയെന്നും ഫലത്തില്‍ സ്വേച്ഛാധിപത്യമായെന്നും വരാം.ഒരു ഉരുള്‍പൊട്ടല്‍ ഉണ്ടായാല്‍ രണ്ടാമത്തേതിനു സാധ്യത കൂടുതലാണ്.”
ജനാധിപത്യത്തിന്റെ ചട്ടക്കൂടോടൊപ്പം അതിന്റെ ഉള്ളടക്കവും നിലനിര്‍ത്താന്‍ ചില നിര്‍ദ്ദേശങ്ങളും അംബേദ്കര്‍ മുന്നോട്ടു വച്ചു. അതിപ്രകാരമാണ്. �”എന്റെ അഭിപ്രായത്തില്‍ ഒന്നാമതായി ചെയ്യേണ്ടത് നമ്മുടെ സാമൂഹിക – സാമ്പത്തികലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നാം ഭരണഘടനാവിധേയമായ മാര്‍ഗ്ഗങ്ങളേ സ്വീകരിക്കാവൂ. രക്തരൂഷിതമായ കലാപത്തിന്റെ മാര്‍ഗ്ഗങ്ങള്‍ ഒഴിവാക്കണം എന്നര്‍ത്ഥം. നിയമനിഷേധം, നിസ്സഹകരണം, സത്യാഗ്രഹം എന്നീ മാര്‍ഗ്ഗങ്ങള്‍ കൈവെടിയണം. സാമ്പത്തികവും സാമൂഹികവുമായ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഭരണഘടനാവിധേയമായ മാര്‍ഗ്ഗങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍ നിയമവിരുദ്ധമാര്ഗ്ഗങ്ങള് സ്വീകരിക്കുന്നതിന് ഒട്ടേറെ നീതിമത്കരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിയമവിധേയമായ ധാരാളം മാര്‍ഗ്ഗങ്ങള്‍ ഉള്ളപ്പോള്‍ നിയമവിരുദ്ധമാര്ഗ്ഗങ്ങള്ക്ക് നീതിമത്കരണമില്ല. ഈ മാര്‍ഗ്ഗങ്ങള്‍ അരാജകത്വത്തിന്റെ വ്യാകരണമാണ്. എത്രവേഗം നാം അവ ഉപേക്ഷിക്കുന്നുവോ അത്രയും നന്ന്.
“രണ്ടാമത്തെ സംഗതി ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ പറഞ്ഞതാണ്. ജനാധിപത്യം നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒരു കാര്യം ഉറപ്പിക്കണം. മഹാനായ ഒരാളുടെ കാല്‍ക്കല്‍പോലും സ്വന്തം അവകാശങ്ങള്‍ അടിയറവയ്ക്കുകയോ സ്ഥാനപനങ്ങളെ അട്ടിമറിക്കാന്‍ കരുത്തുനല്കുന്ന ഒരു അധികാരവും അയാളെ ഏല്പ്പിച്ചുകൊടുക്കുകയോ ചെയ്യരുത്. രാജ്യത്തിനു വേണ്ടി ആജീവനാന്തം ജീവിതം ഉഴിഞ്ഞുവച്ച ഒരാളോട് കൃതജ്ഞത കാണിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ നന്ദിപ്രകടനത്തിനും അതിരുകള്‍ ഉണ്ട്. ഐറിഷ് ദേശ സ്നേഹി ആയിരുന്ന ഡാനിയേല്‍ ദ കേണല്‍ പറഞ്ഞതുപോലെ �സ്വന്തം അഭിമാനം അടിയറ വച്ചുകൊണ്ട് ആരോടും ആരും നന്ദി കാണിക്കേണ്ടതില്ല. സ്വഭാവശുദ്ധി ബലിയര്‍പ്പിച്ചുകൊണ്ട് ഒരു സ്ത്രീയും സ്വാതന്ത്ര്യം അടിയറവച്ച് ഒരു രാഷ്ട്രവും നന്ദികാണിക്കാന്‍ പാടില്ല.
മറ്റേതു രാജ്യത്തെയുംകാള്‍ ഈ പറഞ്ഞ മുന്‍കരുതലുകള്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ആവശ്യമാണ്. കാരണം, ഭക്തി അഥവാ വീരാരാധന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ഒരു ഘടകമാണ്. മറ്റൊരു രാജ്യത്തിന്റെയും രാഷ്ട്രീയത്തില്‍ ഇത്രയേറെ വീരാരാധന കാണില്ല. മതപരമായ ഭക്തി ആത്മാവിന്റെ മുക്തിക്ക് ഉള്ള മാര്‍ഗമായിരിക്കാം. പക്ഷേ രാഷ്ട്രീയത്തില്‍ ഭക്തി അഥവാ വീരാരാധന അധ:പതനത്തിലേക്കും അവസാനം സ്വേച്ഛാധിപത്യത്തിലേക്കും ഉള്ള മാര്‍ഗ്ഗമാണ്.
മൂന്നാമതായി വേണ്ടത് നാം കേവലം രാഷ്ട്രീയജനാധിപത്യംകൊണ്ട് സംതൃപ്തരാകരുത്. അതിനെ സാമൂഹിക ജനാധിപത്യം കൂടിയാക്കണം. അടിത്തറയായി സാമൂഹിക ജനാധിപത്യം ഇല്ലെങ്കില്‍ രാഷ്ട്രീയജനാധിപത്യത്തിന് നിലനില്ക്കാനാവില്ല. എന്താണ് സാമൂഹികജനാധിപത്യം? സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്ത്വങ്ങളെ അംഗീകരിക്കുന്ന ജീവിതശൈലി എന്നര്‍ത്ഥം. ഇവ ഓരോന്നും വേറെ വേറെയായി കാണുന്നതു ശരിയല്ല. ഒന്നിനെ മറ്റൊന്നില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് ജനാധിപത്യത്തിന്റെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തലാണ്.”
പി. പരമേശ്വരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: