കൊച്ചി: പാതയോര പൊതുയോഗനിരോധനം മനുഷ്യാവകാശലംഘനത്തിന് ആക്കംകൂട്ടുമെന്ന് പ്രൊഫ.കെ.അരവിന്ദാക്ഷന് അഭിപ്രായപ്പെട്ടു.
ഹൈക്കോടതിക്കുസമീപം ജനകീയപ്രതിരോധസമിതി സംഘടിപ്പിച്ച, പൊതുയോഗനിരോധനത്തിനെതിരായ പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം, തൊഴിലില്ലായ്മ, അന്യായമായ കുടിയൊഴിപ്പിക്കലുകള്‍ തുടങ്ങി ജനദ്രോഹകരമായ നടപടികള്‍ സൃഷ്ടിക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. തിരുത്തല്‍ശക്തിയായി പ്രവര്‍ത്തിക്കാനുള്ള ജനങ്ങളുടെ എല്ലാത്തരം അവസരങ്ങളും ഭരണാധികാരികള്‍ ഇല്ലാതാക്കുകയാണ്. ഇതിനെതിരെ ജനങ്ങള്‍ ജാഗരൂകരാകണമെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യശബ്ദംകൂടി നിരോധിക്കുന്ന കാലമാണിതെന്നും തെരുവോരയോഗനിരോധനം തെരുവുകൂടി ജനങ്ങള്‍ക്ക് അന്യമാക്കുകയാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ജനകീയപ്രതിരോധസമിതി ജനറല്‍ സെക്രട്ടറി ഡോ.വി.വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. നമ്മുടേതുപോലെ ചൂഷണവാഴ്ചനിലനില്ക്കുന്ന സമൂഹത്തില്‍ ന്യായം പറയുന്നവനെ അടിച്ചമര്‍ത്തുന്ന നയമാണിത്. കോടതിയുടെ അന്ത്യവിധിക്ക് തീര്‍പ്പുകല്‍പ്പിക്കാവുന്ന വിഷയമല്ലിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫ്രാന്‍സിസ് കളത്തുങ്കല്‍ അദ്ധ്യക്ഷതവഹിച്ചു. ആലാ വാസുദേവന്‍പിള്ള, ടി.കെ.സുധീര്‍കുമാര്‍, ജോര്‍ജ്ജ് മാത്യു കൊടുമണ്‍, കോര്‍-എപ്പിസ്ക്കോപ്പ തോമസ് കണ്ടത്തില്‍, ഗോപിനായര്, ഹാഷിം ചേണ്ടാമ്പിള്ളി(എന്‍.എച്ച്.17 സംയുക്തസമരസമിതി) , ടി.കെ.വാസു(ലാലൂര്‍ മാലിന്യവിരുദ്ധസമിതി), സുനില്‍ വര്‍ക്കല(മദ്യവിരുദ്ധജനകീയസമിതി), ഏലൂര്‍ഗോപിനാഥ്(ബിജെപി പരിസ്ഥിതിസെല്‍), സെലസ്റ്റിന്‍മാസ്റ്റര്‍(മൂലമ്പിള്ളി സമരസമിതി), കുരുവിള മാത്യൂസ്(ബൈവീലേഴ്സ് അസോസിയേഷന്), ജബ്ബാര്‍ മേത്തര്‍(പാറമടവിരുദ്ധ സമരസമിതി), എന്‍.ആര്.മോഹന്‍കുമാര്‍ (ഐഎന്‍പിഎ), പി.എം.ദിനേശന്(എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: