പാലക്കാട്: തീവണ്ടിയാത്രക്കിടെ ദാരുണമായ പീഡനമേറ്റ് കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം മുഖ്യമന്ത്രി പാലിച്ചു. ഇന്നലെ രാവിലെ സൗമ്യയുടെ സഹോദരന് എം.ജി. സന്തോഷിന് മുഖ്യമന്ത്രി നിയമന ഉത്തരവ് നേരിട്ട് നല്കി.
ഷൊര്‍ണൂര്‍ കവളപ്പാറ ഐക്കണ്‍ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്തോഷിന് നിയമന ഉത്തരവ് നല്‍കിയത്. ഒറ്റപ്പാലം റവന്യൂഡിവിഷണല്‍ ഓഫീസില്‍ പ്യൂണ്‍ തസ്തികയിലാണ് നിയമനം. സൗമ്യയുടെ മാതാവും ചടങ്ങിന് എത്തിയിരുന്നു.
കവളപ്പാറ ഐക്കണ്‍ ആശുപത്രിയില്‍ ഓട്ടിസം ബാധിച്ച കുട്ടികളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ഫെബ്രുവരി ഒന്നിനായിരുന്നു കൊച്ചിന് പാസഞ്ചറില്‍ സൗമ്യ അതിക്രൂരമായ പീഡനത്തിനിരയായത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിരിലിക്കെ ഫെബ്രുവരി ആറിനായിരുന്നു മരണം.
കുടുംബത്തിലൊരാള്‍ക്ക് ജോലി നല്‍കുമെന്ന് റെയില്‍വേ വാഗ്ദാനം നല്‍കിയെങ്കിലും പാലിക്കാത്തതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ജോലി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: