ചെങ്ങന്നൂര്‍: യാതൊരു തത്വദീക്ഷയുമില്ലാതെ മുസ്ലിംലീഗിന് അഞ്ചാം മന്ത്രിസ്ഥാനവും കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റും നല്കിയ യുഡിഎഫ് നേതാക്കള്‍ മതേതര ജനാധിപത്യ മൂല്യങ്ങളുടെ അന്തകരാണെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജേശേഖരന് പ്രസ്താവിച്ചു.
മത-സാമുദായിക സന്തുലനത്തെ കുറിച്ച് വാതോരാതെ സംസാരിച്ച രമേശ് ചെന്നിത്തലയും കോടിയേരി ബാലകൃഷ്ണനും ഇപ്പോള്‍ അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുന്നു. തങ്ങളുടെ വകുപ്പുകളിലെ ഉന്നതസ്ഥാനങ്ങളെല്ലാം സ്വന്തം മതത്തില്‍പെട്ടവര്‍ക്ക് മാത്രമാണ് മുസ്ലീംലീഗും, കേരള കോണ്‍ഗ്രസും വീതം വച്ചു നല്‍കിയിരിക്കുന്നത്. അതേ മുസ്ലീംലീഗിനും കേരള കോണ്‍ഗ്രസിനും മന്ത്രിസ്ഥാനവും രാജ്യസഭാ സീറ്റും നല്കി വീണ്ടും പ്രീണിപ്പിച്ച മുഖ്യമന്ത്രിയും കൂട്ടരും മതിനിരപേക്ഷ കേരളത്തിന്റെ വിരിമാറ് വെട്ടി പിളര്‍ക്കുകയായിരുന്നു. വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയുമാണ് കുഞ്ഞാലിക്കുട്ടിയും മാണിയും സ്ഥാനങ്ങള്‍ നേടിയെടുത്തത്.
എന്തുവന്നാലും ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കില്ലെന്ന് പ്രഖ്യാപിച്ച ആര്യാടന് മുഹമ്മദും രമേശ് ചെന്നിത്തലയും ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും അട്ടഹാസങ്ങള്‍ക്കു മുന്നില്‍ പേടിച്ച് വിറങ്ങലിച്ചു. ആര്യാടന് മുഹമ്മദിനെതിരെ ജമാഅത്തെ കൗണ്‍സിലും രമേശ് ചെന്നിത്തലക്കെതിരെ മുസ്ലിം ലീഗും പരസ്യമായി പ്രകടനങ്ങളും പ്രസ്താവനകളും നടത്തി രംഗത്തുവന്നതോടെ ആ നേതാക്കളും പ്രീണന രാഷ്ട്രീയത്തിന്റെ പാത സ്വീകരിച്ച് മുട്ടുമടക്കി.
കേരള രാഷട്രീയത്തില്‍ സംഘടിത മത ന്യൂനപക്ഷ ശക്തികളുടെ ദു:സ്വാധീനം ആര്‍ക്കും നിയന്ത്രിക്കാനാവാത്തതും ചോദ്യം ചെയ്യപ്പെടാനാവാത്തതുമാണെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. സാമൂഹിക സാമ്പത്തിക മേഖലയില്‍ മാത്രമുണ്ടായിരുന്ന മാഫിയ തേര്‍വാഴ്ച ഇന്ന് ന്യൂനപക്ഷ താല്പര്യങ്ങളുടെ പേരില്‍ രാഷ്ട്രീയ രംഗത്തും ഉടലെടുത്തിട്ടുള്ളത് ദേശസ്നേഹികളെയെല്ലാം ഉല്കണ്ഠാകുലരാക്കുന്നുവെന്ന് കുമ്മനം രാജേശേഖരന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: