മലയാള സിനിമയെ നയിക്കുകയും ഭരിക്കുകയും ചെയ്യുന്ന സൂപ്പര്‍താരങ്ങള്‍ക്കിടയില്‍ സിനിമാപ്രേക്ഷകനെ ചിരിപ്പിച്ചും ഇടയ്ക്ക് കണ്ണു നനയിച്ചും ജനപ്രിയതാരമായി ഉയര്‍ന്ന നടനാണ് ദിലീപ്. കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ സ്വീകരിച്ച കൃത്യതയും വ്യത്യസ്തതയുമാണ് നടനെന്ന നിലയില്‍ ദിലീപിന്റെ വിജയം. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ ഈ നടന് മലയാളസിനിമാ പ്രേക്ഷകര്‍ക്കൊപ്പമുണ്ട്. ഇപ്പോള്‍ 2012ല്‍ പെണ്ണായി വേഷമിട്ട് വെള്ളിത്തിരയെ മോഹിപ്പിച്ചതുവരെ ദിലീപ് നമുക്കു മുന്നില്‍ അഭിനയ വിസ്മയമാകുന്നു.
സിനിമയില്‍ നടന്മാര് പെണ്‍വേഷം കെട്ടി അഭിനയിക്കുന്നത് പുതുമയല്ല. നിരവധി ചലച്ചിത്രങ്ങളില്‍ നാമതു കണ്ടുകഴിഞ്ഞു. തമിഴ് സിനിമ ‘അവ്വൈഷണ്മുഖി’യില്‍ കമലഹാസന് സ്ത്രീയായി അഭിനയിച്ചത് പുതുമയായിരുന്നു. കമലഹാസന്റെ സ്ത്രീവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹിന്ദി സിനിമയില്‍ അമീര്‍ഖാനും പെണ്ണായി അഭിനയിച്ചിട്ടുണ്ട്. അത്തരം വേഷങ്ങളില്‍ നിന്നുള്ള പ്രചോദനം കൂടിയാകണം എപ്പോഴും വ്യത്യസ്തത ആഗ്രഹിക്കുന്ന ദിലീപിനെക്കൊണ്ട് പെണ്‍വേഷം കെട്ടിച്ചത്.
നടിമാര്‍ ആണ്‍വേഷം കെട്ടി വെള്ളിത്തിരയിലെത്തിയ സംഭവങ്ങള്‍ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. എന്നാല്‍ നടന്മാരുടെ സ്ത്രീവേഷം പോലെ അതൊന്നും പ്രശസ്തമായില്ല. ബാലചന്ദ്രമേനോന്റെ ‘അമ്മയാണെസത്യം’ എന്ന ചിത്രത്തില്‍ പുതുമുഖ നായികയായി എത്തിയ നടി ആനി ആണ്‍വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. എം.ടി. വാസുദേവന്‍ നായരുടെ ‘ദയ’യില്‍ മഞ്ജുവാര്യരും സത്യന് അന്തിക്കാടിന്റെ രസതന്ത്രത്തില്‍ മീരാജാസ്മിനും ആണ്‍വേഷത്തില്‍ നല്ല പ്രകടനം കാഴ്ചവച്ചു.
നാടകത്തിന് ഏറെ പ്രചാരമുണ്ടായിരുന്ന കാലത്ത് നടന്മാരായിരുന്നു സ്ത്രീ വേഷത്തില്‍ അഭിനയിച്ചിരുന്നത്. അക്കാലത്തെ സാമൂഹ്യാവസ്ഥകളെത്തുടര്ന്ന് സ്ത്രീകള്‍ അഭിനയിക്കാന്‍ പോകില്ലായിരുന്നു. അതിനാല്‍ ആണുങ്ങള്‍ക്ക് തന്നെ സ്ത്രീ വേഷം കെട്ടി സ്റ്റേജിലെത്തേണ്ടി വന്നു. ഓച്ചിറ വേലുക്കുട്ടിയും മറ്റും അത്തരത്തില്‍ അരങ്ങത്തെ മികച്ച നടിമാരായിരുന്നു. വേലുക്കുട്ടിയോടൊപ്പം നാടകത്തില്‍ അഭിനയിക്കുമ്പോള്‍ ഒരു സ്ത്രീയ്ക്കു മുന്നില്‍ തന്നെയാണ് നില്‍ക്കുകയെന്ന് തോന്നിപ്പോകുമെന്ന് അടുത്തിടെ അന്തരിച്ച പ്രശസ്ത നടന് ജോസ്പ്രകാശ് പറഞ്ഞിട്ടുണ്ട്. ജോസ്പ്രകാശ് നാടക നടനായി സജീവമായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ നാടകങ്ങളിലെ സ്ഥിരം ‘നായിക’യായിരുന്നു ഓച്ചിറ വേലുക്കുട്ടി. കരുണയിലെ വാസവദത്തയും മഗ്ദലനമറിയത്തിലെ മറിയവുമൊക്കെ ഓച്ചിറവേലുക്കുട്ടിയെന്ന നടന് തകര്‍ത്തഭിനയിച്ച് പ്രശസ്തമാക്കിയ സ്ത്രീകഥാപാത്രങ്ങളാണ്.
കഥകളിയില്‍ എപ്പോഴും സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നടന്മാരാണ്. ഇപ്പോഴും ആ പതിവ് തുടരുന്നു. കോട്ടയ്ക്കല്‍ ശിവരാമന്റെ സ്ത്രീവേഷങ്ങള് കഥകളി ആസ്വാദകരെ എപ്പോഴും കൊതിപ്പിക്കുന്നതാണെന്നത് വളരെ പ്രശസ്തമായ വ്സതുതയാണ്. കോട്ടയ്ക്കല്‍ ശിവരാമന്റെ കുന്തിയും സീതയും പാഞ്ചാലിയും ദമയന്തിയുമൊക്കെ കഥകളിപ്രേമികളുടെ മനസ്സില്‍ എന്നും മായാതെ നില്ക്കുന്ന വിസ്മയങ്ങളാണ്. അഭിനയമെന്ന കല ആസ്വാദകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന കാലം മുതല്‍ തന്നെ നടന്മാര് പെണ്‍വേഷം കെട്ടി പ്രേക്ഷകരുടെ കയ്യടി വാങ്ങിയിട്ടുണ്ട്.
മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടന് ജഗതിശ്രീകുമാര്‍ നിരവധി സിനിമകളില്‍ പെണ്‍വേഷത്തില്‍ എത്തിയത് സിനിമാസ്വാദകരെ ഒട്ടൊന്നുമല്ല രസിപ്പിച്ചിട്ടുള്ളത്. ജഗതി ശ്രീകുമാര്‍ പെണ്ണാകുമ്പോള്‍ നടത്തത്തിലും സംസാരത്തിലും മാത്രമല്ല പെണ്ണത്തം നമുക്ക് അനുഭവിക്കാനാകുന്നത്. ചെറിയ ചലനങ്ങളില്‍ പോലും നമുക്കത് തിരിച്ചറിയാനാകുന്നു. കണ്പീലികളുടെ കൂട്ടിയടയ്ക്കലിലും ചുണ്ടിന്റെ ചലനത്തിലും വരെ അതു കാണാന്‍ കഴിയുന്നു. അത് അഭിനയത്തിലെ ജഗതിയന്‍ ശൈലിയാണെന്നും പ്രേക്ഷകന് അറിയാം.
വിവിധ ഭാഷകളിലുള്ള സിനിമകളില്‍ പെണ്‍വേഷം കെട്ടിയ നടന്മാരുടെ പ്രകടനം കണ്ടിട്ടുണ്ട്. പെണ്‍വേഷം കെട്ടി അഭിനയിച്ച് മികച്ച നടിക്കുള്ള പുരസ്കാരം നേടിയവരുമുണ്ട്. അതോടൊപ്പം തന്നെ പെണ്‍വേഷം കെട്ടിയെന്നതിന്റെ പേരില്‍ പുരസ്കാരങ്ങള്‍ നിഷേധിച്ച ചരിത്രവുമുണ്ട്. ബംഗാളി നടന് ഋതുപര്‍ണ്ണഘോഷ് ഇന്ത്യന്‍ സിനിമയിലെ വേറിട്ട വ്യക്തിത്വമാണ്. ഋതുപര്‍ണഘോഷിന് മികച്ച നടനുള്ള അവാര്‍ഡ് നിരസിക്കപ്പെട്ടത് അദ്ദേഹം പെണ്‍വേഷം ചെയ്തു എന്ന പേരിലാണ്. ‘ജസ്റ്റ് അനതര്‍ ലവ് സ്റ്റോറി’ എന്ന ചിത്രത്തിലായിരുന്നു ഋതുപര്‍ണ്ണഘോഷ് സ്ത്രീവേഷത്തിലെത്തിയത്.
ഇപ്പോള്‍ മലയാളിയുടെ ജനപ്രിയനടന്‍ ദിലീപിന്റെ സ്ത്രീവേഷം വെള്ളിത്തിരയെ വിസ്മയിപ്പിക്കുമ്പോള് അതും നടന്മാരുടെ സ്ത്രീവേഷത്തിനൊപ്പം ചരിത്രമാകുകയാണ്.
മിമിക്രി ആര്‍ട്ടിസ്റ്റായി കലാരംഗത്തെത്തിയയാളാണ് ആലുവക്കാരന്‍ ഗോപാലകൃഷ്ണന് എന്ന ദിലീപ്. സ്വന്തം അധ്വാനത്താല്‍ മലയാള സിനിമയുടെ ഉന്നതിയിലെത്താന്‍ അദ്ദേഹത്തിനായി. സിനിമയ്ക്ക് ടിക്കേറ്റ്ടുത്ത് തിയറ്ററിനുള്ളില്‍ കയറുന്ന പ്രേക്ഷകന് രണ്ടര മണിക്കൂര്‍ ശരീരത്തെയും മനസ്സിനെയും സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തമാക്കാന്‍ ഉതകുന്നതാണ് ദിലീപ് സിനിമകള്‍. അത്തരം സിനിമകളുടെ ഭാഗമാകാനാണ് അദ്ദേഹം എപ്പോഴും ശ്രമിച്ചിട്ടുള്ളത്. അപ്പോഴും കഥാപാത്രങ്ങളിലെ വ്യത്യസ്തതയിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ദിലീപ് ചെയ്ത തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ മറ്റൊരു നടന് ചെയ്തിട്ടില്ലെന്നതാണ് സത്യം.
ചാന്തുപൊട്ട്, കുഞ്ഞിക്കൂനന്, തിളക്കം, പച്ചക്കുതിര എന്നീ ചലച്ചിത്രങ്ങള്‍ ഉദാഹരണങ്ങളാണ്. ഈ സിനിമകളെല്ലാം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെടുകയും ബോക്സ് ഓഫീസില്‍ വന്‍ വിജയമാകുകയും ചെയ്തു. അതേ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ജോസ്തോമസ് സംവിധാനം ചെയ്ത ‘മായാമോഹിനി’. ദിലീപ് പെണ്‍വേഷത്തില്‍, വിഷ്ണുവിന്റെ മോഹിനി അവതാരം പോലെ മോഹിനിയായി എത്തുന്നു ഈ ചിത്രത്തില്‍.
മായാമോഹിനിയിലെ ദിലീപിന്റെ ചിത്രങ്ങള്‍ മലയാളത്തിലെ പല വാരികകളിലും മാസികകളിലും കവറായി അച്ചടിച്ചു വന്നിരുന്നു. ഈ സ്ത്രീ ആരാണെന്നാണ് പലരും ചോദിച്ചത്. ദിലീപാണെന്ന് അറിഞ്ഞപ്പോള്‍ അദ്ഭുതമായിരുന്നു.
പെണ്‍വേഷം കെട്ടി ഫാന്‍സിഡ്രസ്സ് നടത്തുകയല്ല അദ്ദേഹം ഇതില്‍. പൂര്‍ണ്ണമായും സ്ത്രീയായി മാറിയ നടനായിരുന്നു. സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തും ദിലീപ് തന്റെ കഴിവ് പ്രകടിപ്പിച്ചു. മാദക നൃത്തം മുതല്‍ മോഹിനിയാട്ടം വരെ സിനിമയില്‍ ദിലീപ് ചെയ്യുന്നുണ്ട്. മായാമോഹിനിയില്‍ ബിജുമേനോന്റെ നായികയായാണ് ദിലീപ് എത്തുന്നത്. മോഹിനിയാകാന്‍ പട്ടിണികിടന്ന് തൂക്കം കുറച്ചതും കാതുകുത്തി കമ്മലിട്ടതുമൊക്കെ ദിലീപ് പറഞ്ഞിട്ടുണ്ട്.
‘മായാമോഹിനി’ എന്ന സിനിമ ഏതു തരത്തിലുള്ളതും ആയിക്കൊള്ളട്ടെ. കലാമൂല്യം അത്രയൊന്നും അവകാശപ്പെടാനില്ലാത്ത മുഴുനീള വാണിജ്യ സിനിമയാണത്. നിരൂപക പ്രശംസയിലും നല്ലവാക്കുകള്‍ അധികമൊന്നും ആ സിനിമ നേടിയിട്ടില്ല. പ്രതികാരവും കൊലപാതകവും കൂട്ടത്തല്ലും പാട്ടും ബോറടിപ്പിക്കുന്ന പ്രണയവുമൊക്കെയാണ് അതിലെ ചേരുവകള്‍. എങ്കിലും ദിലീപിന്റെ മറ്റ് സിനിമകളെപ്പോലെ മായാമോഹിനിയും തീയറ്ററില്‍ നിന്ന് പണംവാരുമെന്ന് ഉറപ്പാണ്. അതിനു കാരണമാകുന്നത് അദ്ദേഹം അഭിനയിപ്പിച്ച് ഫലിപ്പിക്കുന്ന മോഹിനി എന്ന കഥാപാത്രവും.
ഒരു നടന് എങ്ങനെയായിരിക്കണമെന്ന് ആദ്യം മുതലേ ദിലീപ് കാട്ടിത്തന്നു. കള്ളനായും കുള്ളനായും പ്രതിനായകനായും നപുംസകമായും കൂനനായും പൊട്ടനായുമൊക്കെയാണ് ദിലീപ് അഭിനയിച്ചത്. എല്ലാം സാധാരണക്കാര്‍ ഇഷ്ടപ്പെടുന്ന വേഷങ്ങള്‍. ആസ്വാദനത്തിന്റെ വ്യത്യസ്തത പ്രേക്ഷകനെ അനുഭവിപ്പിച്ചുകൊണ്ട്, ഈ വേഷങ്ങളുമായി മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ദിലീപ് എന്ന നടന് കുടിയേറുകയായിരുന്നു.
മോഹിനീ നടനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: