മുസ്ലീം ലീഗിന് അഞ്ചാംമന്ത്രിപദവി നല്കി അടിയറവ് പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനായത്ത ഭരണത്തെ മതാധിപത്യ ഭരണമാക്കിയത് സ്വന്തം പാര്‍ട്ടിയുടെയോ കെപിസിസി നേതൃത്വത്തിന്റെയോ അനുമതിയില്ലാതെ സ്വേഛാധിപത്യപരമായി എടുത്ത തീരുമാനപ്രകാരമായിരുന്നു. മുസ്ലീം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനവും ന്യൂനപക്ഷ ക്ഷേമവകുപ്പും ഭരണപരിചയമില്ലാത്ത അനൂപ് ജേക്കബിന് ഇഷ്ടവകുപ്പും നല്കി സാമുദായിക സന്തുലിതാവസ്ഥ തീര്‍ത്തും അവഗണിച്ച മുഖ്യമന്ത്രി ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത് വെറും വിലപേശല്‍ രാഷ്ട്രീയവും സമ്മര്‍ദ്ദ രാഷ്ട്രീയവുമാണ്. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ആണിക്കല്ല് തകര്‍ത്ത മുഖ്യമന്ത്രി കേരളത്തിന് കടുത്ത അപമാനം വരുത്തിവെച്ചിരിക്കുകയാണ്. സഭാംഗങ്ങളുടെ 15 ശതമാനം മന്ത്രിമാര്‍ എന്ന ഭരണഘടന അനുശാസിക്കുന്ന നിബന്ധന തള്ളി കേരളത്തില്‍ 120 അംഗ സഭയില്‍ ഇപ്പോള്‍ 22 മന്ത്രിമാരായപ്പോള്‍ 14 പേരും ന്യൂനപക്ഷ സമുദായക്കാരായി മാറിയിരിക്കുന്നു. ഫലത്തില്‍ കേരളം ഭരിക്കുന്നത് മുസ്ലീം സമുദായമായപ്പോള് ഭരണസിരാകേന്ദ്രം പാണക്കാടയി മാറി.14 ജില്ലകളുള്ള കേരളത്തിന്റെ ഭരണനിയന്ത്രണം മലപ്പുറം ജില്ലക്ക് ഉമ്മന്‍ചാണ്ടി അടിയറവെച്ചിരിക്കുന്നു. ന്യൂനപക്ഷത്തിന് മാത്രമേ ജനക്ഷേമം ഉറപ്പിക്കാനാകൂ എന്ന അനുകരണീയമല്ലാത്ത മാതൃകയും ഉമ്മന്‍ചാണ്ടി ഈ മുട്ടുമടക്കല്‍ വഴി അംഗീകരിക്കുകയാണ്. സത്യപ്രതിജ്ഞാ സമയത്തെ വാക്കുകള്‍ക്ക് പോലും വിലകല്‍പ്പിക്കാത്തവിധം പരിഹാസ്യമായി ഈ ഏകപക്ഷീയ തീരുമാനം ഭൂരിപക്ഷ സമുദായം മാത്രമല്ല കോണ്‍ഗ്രസ് പാര്‍ട്ടിയും കെപിസിസി നേതൃത്വവും പോലും രോഷാകുലരാണെന്ന് ആര്യാടന് മുഹമ്മദിന്റെ വാക്കുകളും സത്യപ്രതിജ്ഞക്ക് ശേഷമുള്ള കെപിസിസി പ്രസിഡന്റിന്റെ ഇറങ്ങിപ്പോക്കും ഇത് സ്ഥിരീകരിക്കുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറ്റുള്ളവരുടെ വികാരങ്ങളെ മാത്രമല്ല ബുദ്ധിശക്തിയെയും വിലകുറച്ചു കാണുന്നു എന്നതിന്റെ തെളിവാണ് മന്ത്രിസഭാ പുനഃസംഘടനയിലൂടെ ആഭ്യന്തരം പോലെ ചില സുപ്രധാന വകുപ്പുകള്‍ ഭൂരിപക്ഷ സമുദായാംഗങ്ങള്‍ക്ക് നല്‍കിയത്. ഇത് കൂടുതല്‍ ജനസേവനം നടത്താന്‍ അവസരം ലഭിക്കാനാണെന്നുള്ള പൊള്ളവാദം ഉയര്‍ത്തി സര്‍വസംഗ പരിത്യാഗി ചമയാനുള്ള തന്ത്രം വിലപ്പോവില്ല. പത്തു മാസത്തോളം കേരളമൊട്ടാകെ ഓടിനടന്ന് ജനസമ്പര്‍ക്ക പരിപാടി നടത്തി നേടിയ ജനസമ്മിതിയും പ്രതിഛായയുമാണ് ഇപ്പോള്‍ മുസ്ലീംലീഗിന് കീഴടങ്ങി നശിപ്പിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ജനകീയത വെറും മുഖംമൂടിയായിരുന്നു എന്നാണ് ഈ കീഴടങ്ങല്‍ തെളിയിക്കുന്നത്. ഇത് വെറും വര്‍ഗീയതയാണെന്ന് ആദരണീയനായ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ പോലും പ്രതികരിച്ചിരിക്കുന്നു. കേരളത്തിലെ ഭരണത്തിന്റെ രാഷ്ട്രീയ സ്വഭാവം നശിപ്പിച്ച് യുഡിഎഫിന്റെ സമ്മതമില്ലാതെ തന്നെ അതിനെ സാമുദായിക-വര്‍ഗീയ കൂട്ടായ്മയായി ചുരുക്കിയ ഉമ്മന്‍ചാണ്ടി തെറ്റായ ഒരു കീഴ്വഴക്കം സൃഷ്ടിച്ച് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നത്. ഒരു ഭരണാധികാരിയും കൂട്ടുകക്ഷികളുടെ ഇത്തരം അന്യായമായ സമ്മര്‍ദ്ദത്തിന് വഴങ്ങരുത്. മുസ്ലീംലീഗിന് 20 അംഗങ്ങളെ കിട്ടിയത് മുസ്ലീം വോട്ടുകൊണ്ട് മാത്രമല്ല, യുഡിഎഫിന്റെ ഘടകകക്ഷി ആയതുകൊണ്ടും കൂടിയാണ് എന്ന വസ്തുത മറന്നാണ് പാണക്കാട്ടെ തങ്ങള്‍ക്ക് ദൈവിക പരിവേഷം നല്കി ലീഗിന് അഞ്ചാം മന്ത്രിയെ അനുവദിച്ചത്. അഞ്ചാം മന്ത്രിസ്ഥാനം കിട്ടുമെന്ന് മുസ്ലീം ലീഗ് ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞപ്പോഴും രമേശ് ചെന്നിത്തലക്കൊപ്പം ‘ഹൈക്കമാന്‍ഡ് നിശ്ചയിക്കും’ എന്ന് പറഞ്ഞ് ദല്‍ഹിയാത്രയും പത്രസമ്മേളനങ്ങളും നടത്തി നാടകം കളിച്ച ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ വിശ്വസ്തതയാണ് ചോര്‍ന്നുപോയിരിക്കുന്നത്.
എന്‍എസ്എസ്, എസ്എന്‍ഡിപി മുതലായ സാമുദായിക സംഘടനകള്‍ മാത്രമല്ല, ആര്യാടന് മുഹമ്മദിനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കളും സാമുദായിക സന്തുലനം നഷ്ടപ്പെടുത്തരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഒടുവില്‍ ലീഗ് വരച്ച വരയില്‍ ഉമ്മന്‍ചാണ്ടി നിന്നുകൊടുത്തു. ലീഗ് തറവാട്ട് സ്വത്താക്കിവെച്ചിരിക്കുന്ന വിദ്യാഭ്യാസവും പൊതുമരാമത്തും തിരികെ എടുക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പോലും ദയനീയമായി പരാജയപ്പെട്ടു. അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ സര്‍ക്കാരിന് പിന്തുണ നല്കുന്ന കാര്യം പുനഃപരിശോധിക്കുമെന്ന ഭീഷണി മുഴക്കാന്‍പോലും ലീഗ് ധൈര്യം കാണിച്ചു. നേരിയ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ഈ സര്‍ക്കാരിന് അധികാരം നഷ്ടപ്പെട്ടാല്‍ ലീഗിനും അത് തിരിച്ചടിയാവുമായിരുന്നില്ലേ? ലീഗിന്റെ ആവശ്യം, വകുപ്പുകള്‍ ഉള്‍പ്പെടെ അനുവദിച്ച് തന്റെ വിവേചനാധികാരം അടിയറവെച്ച് കീഴടങ്ങിയ ഉമ്മന്‍ചാണ്ടി രാജ്യസഭാ സീറ്റുകളും ന്യൂനപക്ഷങ്ങള്‍ക്ക് നല്കി കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയുടെ ആവശ്യവും അംഗീകരിച്ചു. ടി.എം. ജേക്കബിന്റെ വകുപ്പ് തന്നെ മകന് അനൂപ് ജേക്കബിന് വേണമെന്ന നിര്‍ബന്ധത്തിനും ഉമ്മന്‍ചാണ്ടി വഴങ്ങി. ഇത് കേരള രാഷ്ട്രീയത്തില്‍ അനാരോഗ്യ പ്രവണതകള്‍ക്ക് വഴിതെളിക്കുമെന്നുറപ്പാണ്. സാമുദായിക ധ്രുവീകരണം രൂപപ്പെടുമ്പോള്‍, അധികാരകേന്ദ്രം ലക്ഷ്യമാകുമ്പോള്‍ അഴിമതി അരങ്ങുതകര്‍ക്കുമെന്നും ഉറപ്പാണ്. ലീഗിന് അഞ്ചാം മന്ത്രിപദം നല്കിയാല് ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രിയാകുമെന്ന ആര്യാടന്റെ വാക്കുകള്‍ പ്രവചനമാകാനുള്ള സാധ്യതയാണ് സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന ഈ നടപടി. ലീഗ് ചത്ത കുതിരയാണെന്ന് പ്രധാനമന്ത്രി നെഹ്റു പറഞ്ഞിരുന്നു. ചത്ത കുതിര ഇപ്പോള്‍ കുതിച്ചുപാഞ്ഞ് മത-സാമുദായിക രാഷ്ട്രീയം കൊടിപാറിക്കുമ്പോള്‍ നെയ്യാറ്റിന്‍കര കോണ്‍ഗ്രസിന് ബാലികേറാമലയാകുമെന്നുറപ്പാണ്. ഉമ്മന്‍ചാണ്ടിയുടെ ദുഷ്പ്രവണതകള്‍ക്ക് അടിവരടയിടുന്നതാണ് എന്‍ഐഎ പോലും കുറ്റവാളിയാക്കിയ ടോമിന് ജെ. തച്ചങ്കരിയുടെ സര്‍വീസിലേക്കുള്ള പുനഃപ്രവേശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: