ന്യൂദല്‍ഹി: ഒഡീഷയിലെ കന്ഥമാല്‍ ജില്ലയില്‍വച്ച് മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ ഇറ്റാലിയന്‍ വിനോദസഞ്ചാരികളിലെ രണ്ടാമനായ പൗലോ ബോസസ്കോയെയും അവസാനം മാവോയിസ്റ്റുകള്‍ വിട്ടയച്ചു. കഴിഞ്ഞമാസം മാര്‍ച്ച് 14 നാണ് ഇവരെ ബന്ദികളാക്കിയത്. ഒഡീഷയിലെ മൊഹോന ഗ്രാമത്തിലാണ് പൗലോയെ മോചിപ്പിച്ചത്.
ഇറ്റാലിയന്‍ വിനോദസഞ്ചാരിയെ വിട്ടയക്കാന്‍ വീണ്ടും ചില നിബന്ധനകള്‍ മാവോയിസ്റ്റുകള്‍ ഉന്നയിച്ചിരുന്നു. ഇതുകൂടാതെ പൗലോയുടെ മോചനത്തിന് മുന്‍പായി തങ്ങളുടെ നേതാവ് ആരതി മാഞ്ചിയെ വിട്ടയക്കണമെന്നും മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ആരതിമാഞ്ചിയുടെ ജാമ്യാപേക്ഷ കോടതിയില്‍ കേള്‍ക്കാനിരിക്കെയാണ് പൗലോയെ വിട്ടയച്ചത്.
ബുധനാഴ്ച രാത്രി പൗലോയെ വിട്ടയക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇന്നലെയാണ് വിട്ടയച്ചത്. ഇറ്റാലിയന്‍ മോചനത്തിനായി ഒഡീഷ സര്‍ക്കാര്‍ മുന്നോട്ടുവച്ച നടപടികള്‍ സ്വാഗതാര്‍ഹമാണെന്ന് മാവോയിസ്റ്റ് നേതാവ് സബ്യസാചി പാണ്ഡെ വ്യക്തമാക്കി.
എന്നാല്‍ ബിജെഡി എംഎല്‍എ ഝിന ഹികാകയെ തട്ടിക്കൊണ്ടുപോയ മറ്റൊരു സംഘം അവര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ നടപ്പിലാക്കാതെ എംഎല്‍എയെ മോചിപ്പിക്കില്ല എന്ന നിലപാടിലാണ്.
ഒഡീഷയില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ഇറ്റാലിയന്‍ സ്വദേശി പൗലോ ബസസ്കോയെ വിട്ടയച്ച നടപടിയില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ അധികൃതരെ സന്തോഷമറിയിച്ചു. സ്വന്തം നാട്ടുകാരുടെ മോചനത്തിനായി എല്ലാതലത്തിലും സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും അവരുടെ മോചനത്തോടെ ഒരു സങ്കീര്‍ണമായ പ്രശ്നം അവസാനിച്ചിരിക്കുകയാണെന്നും വിദേശകാര്യമന്ത്രി ഗിയൂലിയോ ടെര്‍സി പറഞ്ഞു.
54-കാരനായ പൗലോ ബസസ്കോയുടെ മോചനത്തിനായി എല്ലാവിധ സഹായസഹകരണങ്ങളും ചെയ്ത ഇന്ത്യയിലെയും ഇറ്റലിയിലെയും ഉദ്യോഗസ്ഥരോട് ടെര്‍സി നന്ദി പറഞ്ഞു. ഏകദേശം ഒരു മാസത്തോളം മാവോയിസ്റ്റുകളുടെ തടവില്‍ കഴിഞ്ഞ ബസസ്കോയുടെ മോചനം മനസില്‍ സംതൃപ്തി നിറക്കുന്നതായി വിദേശകാര്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട പ്രസ്താവനയില്‍ ടെര്‍സി വ്യക്തമാക്കി.
മാര്‍ച്ച് 14 നാണ് ഒഡീഷയിലെ കന്ഥമാല്‍ ജില്ലയില്‍വെച്ച് ഇറ്റലിക്കാരായ ബസസ്കോയും ക്ലൗഡിയോ കൊളാഞ്ചലോയും മാവോയിസ്റ്റുകളുടെ പിടിയിലകപ്പെടുന്നത്. കൊളാഞ്ചലോയെ മാര്‍ച്ച് 25 ന് മോചിതനാക്കിയിരുന്നു.
താനിപ്പോള്‍ സ്വതന്ത്രനാണെന്നാണ് മോചിതനാക്കപ്പെട്ടയുടനെതന്നെ ഇറ്റാലിയന്‍ ടെലിവിഷനനുവദിച്ച അഭിമുഖത്തില്‍ ബസസ്കോ സന്തോഷം അടക്കനിര്ത്താനാവാതെ വ്യക്തമാക്കി. താന്‍ ആരോഗ്യവാനാണെന്ന് ബന്ധുക്കള്‍ക്കയച്ച സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. 28 ദിവസത്തോളം മാവോയിസ്റ്റുകള്‍ അവര്‍ക്കാകുംവിധം തന്നെ പരിപാലിച്ചു. എന്നാല്‍ വനാന്തരീക്ഷം തന്നെ കൂടുതല്‍ ക്ഷീണിതനാക്കി. ആവശ്യത്തിനുപോലും ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ല. രണ്ടുതവണ മലേറിയ പിടിപെട്ടത് കൂടുതല്‍ അസ്വസ്ഥനാക്കിയതായും ക്ഷീണിതനായി കാണപ്പെട്ടതിനെക്കുറിച്ച് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോട് ബസസ്കോ പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ദശാബ്ദങ്ങളായി പോരാട്ടം തുടരുന്ന മാവോയിസ്റ്റുകള്‍ ആദ്യമായാണ് വിദേശികളെ ബന്ദികളാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: