തിരുവനന്തപുരം : റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി. ഹരന് ഉള്‍പ്പെടെ പതിന്നാല് പേരെ മാറ്റി ഐ.എ.എസ് തലത്തില്‍ സര്‍ക്കാര്‍ അഴിച്ചുപണി നടത്തി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇത്രയേറെ ഐ.എ.എസ്. ഉദ്യോഗസ്ഥരെ മാറ്റുന്നത് ഇതാദ്യമാണ്.
നിവേദിത പി. ഹരനെ ഐ.എം.ജി ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. എസ്. എം. വിജയാനന്ദ് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ ഒഴിവിലാണ് ഈ നിയമനം. കെ.ബി. വത്സലകുമാരിയായിരിക്കും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി. കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞുവന്ന അഡിഷണല്‍ ഡി.ജി.പി. കെ.എസ്. ബാലസുബ്രഹ്മണ്യത്തെ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായി നിയമിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരുന്ന എ. ഹേമചന്ദ്രന് പരിശീലനത്തിനു പോയ ഒഴിവിലാണ് ഈ നിയമനം.
പി.കെ. മൊഹന്തിക്ക് ഫിഷറീസ് വകുപ്പിന്റെ ചുമതലയ്ക്ക് പുറമേ കൃഷി, മൃഗസംരക്ഷണം അധികച്ചുമതലയും നല്കി. രാജുനാരായണ സ്വാമിയെ സിവില്‍ സപ്ലൈസ് കമ്മിഷണറായി നിയമിച്ചു. ടി. ഒ. സൂരജിനെ യൂത്ത് അഫയേഴ്സ് സെക്രട്ടറിയായും ജോസ് ഐസക്കിനെ ലാന്‍ഡ് റവന്യൂ കമ്മിഷണറായും സര്‍ക്കാര്‍ നിയമിച്ചു. മുഹമ്മദ് ഹനീഷിനെ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് എം.ഡിയായും ഡോ. എം. ബീനയെ എന്‍.ആര്.എച്ച്.എം. ഡയറക്ടറായും നിയമിച്ചു.
ആരവ് ജയിനായിരിക്കും അഡിഷണല്‍ എക്സൈസ് കമ്മിഷണര്‍.ഇ. ദേവദാസ് ലാന്‍ഡ് യൂസ് ബോര്‍ഡ് ഡയറക്ടറാകും. കെ. ബിജുവിന് എംപ്ലോയ്മെന്റ് ഡയറക്ടറുടെ ചുമതലയ്ക്ക് പുറമേ കുട്ടനാട് പ്രോജക്ട് ഡയറക്ടറുടെ അധികച്ചുമതലയും നല്കി.
രാജമാണിക്യം – സര്‍വേ ഡയറക്ടര്‍, ഭൂമി കേരളം പ്രോജക്ട് ഡയറക്ടര്‍, രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷ അഭിയാന് ഡയറക്ടര്‍. കാസര്‍കോട് സബ് കളക്ടര്‍ ബാലകിരണ്‍ – മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് എം.ഡി.
ഇടുക്കി കളക്ടറായി മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് എം.ഡിയും ലോട്ടറി ഡയറക്ടറുമായ ബിജു പ്രഭാകറിനെയും നിയമിച്ചു. കഴിഞ്ഞ മൂന്നാഴ്ചകളിലായി മൂന്നുപേരെ ഇടുക്കി കളക്ടര്‍മാരായി നിയമിച്ചുവെങ്കിലും ആരും ചുമതല ഏല്ക്കാന് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ബിജുപ്രഭാകറിനെ നിയമിച്ചത്. എന്നാല്‍, ഇടുക്കി കളക്ടര്‍ ചുമതല ഏറ്റെടുക്കാന്‍ ബിജു പ്രഭാകറും തയ്യാറല്ലെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: