കൊട്ടാരക്കര: പാര്‍ട്ടിയെ വേണ്ടാത്ത മന്ത്രിയെ ജനങ്ങള്‍ ചുമക്കേണ്ട ആവശ്യമില്ലെന്നും മന്ത്രിയെ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കാന്‍ സ്പീക്കറെ സമീപിക്കുമെന്നും മന്ത്രി ആര്.ബാലകൃഷ്ണപിള്ള പറഞ്ഞു. മന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി ഒമ്പതു മാസമായി യുഡിഎഫിന്റെ പുറകെ പോകുന്നുവെങ്കിലും ആടിന് പഴം നല്കി പ്രലോഭിപ്പിക്കുന്നതു പോലെ നീട്ടിക്കൊണ്ട് പോകുകയാണ്. ഇനിയും കാത്തിരിക്കാന്‍ സാധ്യമല്ല.
നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം ഔദ്യോഗികമായി മുഖ്യമന്ത്രിക്ക് മന്ത്രിയെ പിന്‍വലിക്കണം എന്ന കത്ത് കൈമാറും. തുടര്‍ന്ന് നടപടി ഇല്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കും. മന്ത്രി സ്ഥാനത്ത് നിന്ന് ഗണേശനെ നീക്കിയില്ലെങ്കില്‍ നിയമനടപടിക്ക് പോയാല്‍ യുഡിഎഫുമായുള്ള ബന്ധം വഷളാകില്ലേ എന്ന ചോദ്യത്തിന് അവനവന്റെ ആത്മാഭിമാനത്തേക്കാള്‍ വലുതാണ് പാര്‍ട്ടിയുടെ അഭിമാനം എന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം എന്നായിരുന്നു മറുപടി. തന്റെ അടുത്ത അഭ്യുദയകാംക്ഷികളുമായി ആലോചിച്ചാണ് കടുത്ത തീരുമാനവുമായി മുന്നോട്ട് പോകുന്നത്. അഭ്യുദയകാംക്ഷികള്‍ എന്‍എസ്എസ് ആണോ എന്ന ചോദ്യത്തിന് അവര്‍ തനിക്കൊപ്പം നില്ക്കും എന്നാണ് വിശ്വാസം എന്നായിരുന്നു പിള്ളയുടെ മറുപടി. എല്‍ഡിഎഫ് മുന്നണിയില്‍ നിന്നതിനേക്കാള്‍ പീഡനങ്ങളാണ് തനിക്ക് യുഡിഎഫില്‍ നിന്ന് ലഭിക്കുന്നത്. പാര്‍ട്ടിയുടെ ന്യായമായ ആവശ്യം പോലും വളച്ചൊടിച്ച് അച്ഛനും മകനും തമ്മിലുള്ള പോരായി ചിത്രീകരിക്കുന്നു. ഗണേശനുവേണ്ടി താന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കരയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: