തിരുവനന്തപുരം : വിദ്യാഭ്യാസ വകുപ്പിനെതിരെ കോണ്‍ഗ്രസ് തൊഴിലാളി യൂണിയന് സമരത്തിനിറങ്ങുന്നു. ലീഗ് ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പില്‍ നടക്കുന്ന വര്‍ഗ്ഗീയവത്ക്കരണത്തിനെതിരെയും അനര്‍ഹരെയും പാര്‍ശ്വവര്‍ത്തികളെയും തിരുകിക്കയറ്റുന്നതിനെതിരെയുമാണ് ഐഎന്‍ടിയുസി സമരരംഗത്തിറങ്ങുന്നത്.
ഐഎന്റ്റിയുസിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സാക്ഷരതാ തുടര്‍ന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ സംഘടനയായ ദേശീയ സാക്ഷരതാ പ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിന്റെ ഭാഗമായ 17 മുതല്‍ ഡിഎസ്പിയുവിന്റെ നേതൃത്വത്തില്‍ സംസ്ഥാന സാക്ഷരതാമിഷന്‍ ഓഫീസ് പടിക്കല്‍ ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറിയും ഡിഎസ്പിയു വര്‍ക്കിംഗ് പ്രസിഡന്റുമായ വടക്കേവിള ശശി അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപന ദിനമായ 18ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സാക്ഷതാപ്രവര്ത്തകര് പട്ടിണിസമരം നടത്തും.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ തന്നെ തുടര്‍വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ ഐഎന്‍ടിയുസി സംസ്ഥാനപ്രസിഡന്രും ഡിഎസ്പിയു സംസ്ഥാന പ്രസിഡന്റുമായ ആര്. ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള സംഘം വിദ്യാഭ്യാസമന്ത്രിയെയും മുഖ്യമന്ത്രിയെയും ധരിപ്പിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്റ് ഫണ്ടിന്റെ രണ്ട് ശതമാനം തുക തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനായി മാറ്റിവയ്ക്കണമെന്ന് 2006ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ തീരുമാനിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അവഗണിച്ച ഈ തീരുമാനം വീണ്ടും നടപ്പാക്കണമെന്നതായിരുന്നു ഐഎന്‍ടിയുസിയുടെ ഒരാവശ്യം.
അനൗപചാരിക വിദ്യാഭ്യാസ നയം നടപ്പാക്കുക, അനൗപചാരിക വിദ്യാഭ്യാസ ഡയര്കഠേറ്റ് സ്ഥാപിക്കുക, അനൗപചാരിക വിദ്യാഭ്യാസ സെന്‍സസ് ഏര്‍പ്പെടുത്തുക, പ്രേരക്മാരുടെ പ്രതിമാസ വേതനം 1400 രൂപ എന്നതില്‍ നിന്നും മാറ്റി നോഡല്‍ പ്രേരക്മാരുടെ ഓണറേറിയം 5000 രൂപയായും വിദ്യാകേന്ദ്രം പ്രേരക്മാരുടെ ഓണറേറയിയം 4000 രൂപയായും ഉയര്‍ത്തുക, പിഎഫ് നടപ്പാക്കുക, ക്ഷേമനിധി രൂപീകരിക്കുക, യാത്രാബത്ത പരിഷ്ക്കരിക്കുക, തുടര്‍വിദ്യാഭ്യാസ സെസ് ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളോട് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ അലി ഹസന് കുട്ടിയും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബും നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: