ശുഭ്രമായ ജൂബയും ധോത്തിയും ഉത്തരീയവും ധരിച്ച് മന്ദം മന്ദം നീങ്ങുന്ന ആ മഹാപുരുഷന്, ലളിതവും ശാന്തഗംഭീരവുമായ ഭാവങ്ങളെ വിളിച്ചോതുന്ന മുഖഭാവം, ശിഷ്യരെ ശിശിരീകരിക്കുന്നതും വാത്സല്യാമൃതവര്ഷിയുമായ ലോചനയുഗളം, വിശാലമായ ഫാലദേശം, കുണ്ഡലാലങ്കൃതങ്ങളായ കര്‍ണങ്ങള്‍, വിശാലമായ വക്ഷഃസ്ഥലം, മിതവും സാരവുമായ വാണികളുടെ വിലാസരംഗമായ ജിഹ്വ ഇതെല്ലാം എന്റെ ഗുരുനാഥന്റെ ബാഹ്യരൂപം. ഒരിക്കലും കോപിക്കാത്ത അദ്ദേഹം ശിഷ്യന്മാരുടെ തെറ്റുകളെ സ്വന്തം കണ്ണീരു കൊണ്ട് കഴുകിക്കളയുന്ന മൃദുലഹൃദയത്തിന്റെ ഉടമയാണ്. അതലസ്പര്‍ശിയായ വൈദുഷ്യം, അനിതരസാധാരണമായ അധ്യാപനചാതുരി, ഗംഗാപ്രവാഹം പോലുള്ള നിരര്‍ഗളമായ വചോനിര്ഝരി, വ്യാകരണത്തിലും വേദാന്തത്തിലും സാഹിത്യത്തിലും അന്യാദൃശമായ സംവിച്ചൈതന്യം, നവനവോന്മേഷശാലിനിയായ പ്രജ്ഞാപ്രതിഭകളുടെ സംഗമഭൂമി എന്നിങ്ങനെയുള്ള നിസ്തുലനിരവദ്യരാമണീയകനിധിയാണ് എന്റെ ഗുരുനാഥന്. ഒരു ചെറിയ വിവരണം മാത്രമാണിത്. സാക്ഷാത്കാരം ഇതെല്ലാം ഋതോദിതമെന്ന് തെളിയിക്കും. പ്രൊഫ.ഡോ.എം.എച്ച്.ശാസ്ത്രികള്‍ എന്ന നാമോച്ചാരണം തന്നെ ആവിലമായ വാക്കുകളെ പവിത്രീകരിക്കാന്‍ പോന്നതാണ്, സര്വശ്രേയോനിദാനമാണ്.
ഞാന്‍ സംസ്കൃതപാഠശാലയില്‍ പഠിക്കുമ്പോഴാണ് ഗുരുനാഥനെ കണ്ടുമുട്ടുന്നത്. അന്ന് അദ്ദേഹം തന്നെ എഴുതിയ “തിങ്ങന്ത രൂപാവലി” ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് “ലഘുസിദ്ധാന്ത കൗമുദി, കുവലയാനന്ദം” മുതലായ സംസ്കൃതഗ്രന്ഥങ്ങളോടൊപ്പം “മണിമഞ്ജുഷ, അധ്യാത്മരാമായണം, സ്വപ്നവാസവദത്തം(വിവര്‍ത്തനം), ഉത്കൃഷ്ടബന്ധങ്ങള്‍” മുതലായ മലയാള കൃതികളും ഞങ്ങളെ പഠിപ്പിച്ചു. ഡോ.ഗോദവര്‍മത്തമ്പുരാന്റെ ചങ്ങാതിയായിരുന്ന ശാസ്ത്രികള്‍ കിളിമാനൂര്‍ കോവിലകത്തിലെ ആശ്രിതനായിരുന്നു. ഗോദവര്മത്തിരുമേനിയുടെ ഗ്രന്ഥരചനയില്‍ ശാസ്ത്രികള്‍ സഹായിച്ചിരുന്നു. തിരുമേനി അന്ന് സംസ്കൃത കോളേജില്‍ പ്രിന്‍സിപ്പളായിരുന്നു. ശാസ്ത്രി ക്ലാസില്‍ അന്ന് വിടപറയുന്ന ചടങ്ങില്‍ അദ്ദേഹം ഞങ്ങള്‍ക്ക് പാല്‍പ്പായസം നല്കി അനുഗ്രഹിച്ചത് ഞാന്‍ ഓര്‍മിക്കുന്നു. അന്ന് സംസ്കൃത പാഠശാലയും കോളേജും പ്രവര്‍ത്തിച്ചിരുന്നത് തിരുവനന്തപുരത്തെ പാല്‍ക്കുളങ്ങരയിലെ ഒരു കെട്ടിടത്തിലായിരുന്നു.
ശാസ്ത്രികളുടെ അധ്യാപനം സരസവും ശാസ്ത്രത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നതുമായിരുന്നു. അദ്ദേഹത്തിന്റെ അനിതരസാധാരണമായ അധ്യാപന ശൈലി എന്റെ ഓര്‍മയില്‍ തങ്ങി നില്ക്കുന്നു. 1960ല്‍ ഞാന്‍ സംസ്കൃത കോളേജില്‍ വേദാന്തവിഭാഗത്തില് അധ്യാപകനായി ചേര്‍ന്നു. അന്ന് എന്നെ വാത്സല്യപൂര്‍വം അധ്യാപനത്തില്‍ സഹായിച്ചത് ശാസ്ത്രിസാറായിരുന്നു എന്നതും ഇവിടെ രേഖപ്പെടുത്തുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം പെരിനാട് സംസ്കൃതസ്കൂളിലും ശിവഗിരിയിലെ ബ്രഹ്മവിദ്യാലയത്തിലും അധ്യാപകനായി സേവനമനുഷ്ഠിച്ച ശാസ്ത്രി സാര്‍ ഇടയ്ക്കടം സംസ്കൃതവിദ്യാപീഠത്തില് എമിനന്റ് സംസ്കൃതപ്രൊഫസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ശാസ്ത്രികളുടെ ശാസ്ത്രവൈദുഷ്യം ‘നവരാത്രി വിദ്വത്സദസി’ല്‍ കേരളത്തിലെയും പുറമെയും നിന്നുള്ള പണ്ഡിതന്മാരുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രമായിരുന്നു. കെ.സാംബശിവശാസ്ത്രികള്‍, മീമാംസകരത്നം രാമസ്വാമി ശാസ്ത്രികള്‍, മഹാകവി ഉള്ളൂര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് കൊട്ടാരത്തില്‍ നടന്നിരുന്ന വിദ്വത്സദസ്സ് ഭാരതമൊട്ടുക്കുള്ള സംസ്കൃതപണ്ഡിതന്മാരെ ആകര്‍ഷിച്ചിരുന്നു. ആ സദസില്‍ ശ്രീ എം.എച്ച്.ശാസ്ത്രികള്‍ നിരവധി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ അവതരിപ്പിച്ചിരുന്നു. ശാസ്ത്രാര്‍ഥ വിചാരത്തില്‍ പലപ്പോഴും അദ്ദേഹം എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കുന്നത് വിദ്യാര്‍ഥിയായിരുന്ന ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്. തൃപ്പൂണിത്തുറയിലെ ശാസ്ത്രാര്‍ഥ വിചാര സദസിലും പങ്കെടുത്ത് തന്റെ പദനൈപുണി അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.
ശാസ്ത്രികള്‍ ഒന്നാം കിടയിലെ അഭിനേതാവു കൂടിയായിരുന്നു. പ്രതിവര്‍ഷം മഹാരാജാവിന്റെ തിരുനാളാഘോഷങ്ങളുടെ ഭാഗമായി സംസ്കൃത കോളേജിലെ അധ്യാപകരും അധ്യേതാക്കളും സംസ്കൃത നാടകങ്ങള്‍ രംഗത്തവതരിപ്പിച്ചിരുന്നു. തിരുവനന്തപുരത്തെ വി.ജെ.ടി ഹാളിലായിരുന്നു നാടകാവതരണം. വസന്തസേന, മൃച്ഛകടികം, ആശ്ചര്യചൂഡാമണി, നാഗാനന്ദം, ശാകുന്തളം, അന്നദാതൃചരിതം എന്നിവ അക്കാലത്ത് രംഗത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. അവയിലെല്ലാം ശാസ്ത്രികള്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസ നേടിയിട്ടുണ്ട്. “യുവജനഗൈര്വാണീസംസത്” എന്ന സംഘടനയുടെ സൂത്രധാരനായി സംസ്കൃതഭാഷയുടെ പ്രചാരപ്രസാരങ്ങള്ക്ക് അക്ഷീണം പ്രയത്നിച്ചിരുന്ന ശാസ്ത്രികള്‍ “രാമയ്യന്‍ദളവ” എന്ന നാടകം രചിച്ച് സഹാധ്യാപകരോടും വിദ്യാര്‍ഥികളോടും ചേര്‍ന്ന് വി.ജെ.ടി ഹാളില്‍ അവതരിപ്പിച്ച് മലയാള നാടകവേദിയെയും ധന്യമാക്കിയിട്ടുണ്ട്. സംസ്കൃതനാടകത്തില്‍ ഗുരുനാഥനോടൊപ്പം അഭിനയിക്കാനുള്ള സൗഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.
സംസ്കൃതകോളേജില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ശ്രീചിത്രാ’ എന്ന ത്രൈമാസികത്തില്‍ ശാസ്ത്രികള്‍ ഗവേഷണപരങ്ങളായ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. “രാജഗുണനിരൂപണം” എന്നത് അത്തരം ലേഖനമാണ്. ജഗന്നാഥ പണ്ഡിതരുടെ ചിത്രമീമാംസാഖണ്ഡനത്തെ ഖണ്ഡിച്ചു കൊണ്ട് എഴുതിയ ചിത്രമീമാംസാഖണ്ഡനഖണ്ഡനമെന്ന അപൂര്‍ണ പ്രബന്ധം പണ്ഡിതമണ്ഡലിയുടെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. “നാരായണീയ” മാതൃകയില്‍ രചിച്ചതാണ് “ഹരിഹരപുത്രീയം.” ഇതും അപൂര്‍ണമാണെന്നത് വിധി വിലാസമെന്നേ പറയേണ്ടൂ. “ഗുരു, മലയാളത്തിന്റെ മഹിമ” മുതലായ പ്രബന്ധങ്ങള്‍ മലയാളത്തില്‍ എഴുതപ്പെട്ടവയാണ്. ‘മതത്തിന്റെ വ്യാഖ്യാനം, ഭൂമി അചലയാണോ ?’ എന്നു തുടങ്ങിയ ലേഖനങ്ങളും ശാസ്ത്രികളുടെ വകയായി നമുക്കു ലഭിച്ചിട്ടുണ്ട്.
വാക്യപദീയത്തിന്റെ ബ്രഹ്മകാണ്ഡത്തിന് ശാസ്ത്രികള്‍ നല്കിയ സംസ്കൃത വ്യാഖ്യാനം കിടയറ്റതാണ്. ഉണ്ണായി വാരിയരുടെ നളചരിതം ആട്ടക്കഥയ്ക്ക് ശാസ്ത്രികള്‍ രചിച്ച രസികകൗതുകം എന്ന അത്യുജ്ജ്വലവും വിസ്തൃതവും വാരിയരുടെ ഊര്ജിതാശയം വെളിവാക്കുന്നതുമായ വ്യാഖ്യാനം സഹൃദയ ലോകത്തിന്റെയും പണ്ഡിതന്മാരുടെയും പ്രശംസയും സമ്മതിയും നേടിയതാണ്. താടകാവധം ആട്ടക്കഥയ്ക്കും ഗുരുപ്രസാദമെന്ന നിസ്തുലമായ വ്യാഖ്യാനം രചിച്ച ശാസ്ത്രികള്‍ ഗുരുസപര്യ നടത്തിയെന്നതും പ്രസ്താവ്യമാണ്.
പ്രൊഫ.ആര്.വാസുദേവന്‍ പോറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക: