പ്രതിരോധമന്ത്രാലയവും പ്രതിരോധമന്ത്രി ആന്റണിയും ഇപ്പോഴും പ്രതിക്കൂട്ടിലാണ്. പതിനാല് കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത വിഷയത്തില്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ് രേഖാമൂലം സിബിഐക്ക് പരാതി നല്‍കിയിരിക്കുകയാണ്. 600 ട്രക്കുകള്‍ വാങ്ങുന്നതിന് വിരമിച്ച ഒരു പട്ടാള ഉദ്യോഗസ്ഥന് ആണ് കോഴ വാഗ്ദാനം ചെയ്തതെന്ന് ജനറല്‍ സിംഗ് വെളിപ്പെടുത്തി. വാക്കാല്‍ പറഞ്ഞ ഈ അഴിമതി ആരോപണത്തെക്കുറിച്ച് സ്വാഭാവിക നിസ്സംഗത പാലിച്ച പ്രതിരോധമന്ത്രി മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ ഇതാവര്ത്തിച്ചശേഷം മാത്രമാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. റിട്ടയേര്‍ഡ് ജനറല്‍ തേജീന്ദര്സിംഗാണ് കൈക്കൂലി വാഗ്ദാനം നല്‍കിയതെന്ന് ജനറല്‍ വി.കെ. സിംഗ് പറഞ്ഞ പശ്ചാത്തലത്തില്‍ തേജീന്ദര്‍സിംഗ് ജനറല്‍ സിംഗിനെതിരെ മാനനഷ്ടക്കേസും ഫയല്‍ ചെയ്തു. ഈ വിവാദങ്ങളെങ്കിലും ദുരൂഹതകള്‍ നിറഞ്ഞ സേനാ ആയുധ-വാഹന ഇടപാടുകളില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അഴിമതിക്കും വിരാമമിടുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യന്‍ സേന എന്നും വിദേശ ആയുധങ്ങളെയാണ് ആശ്രയിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാര്‍ ഇന്ത്യയാണല്ലോ. ഇത് വിദേശങ്ങളില്‍നിന്ന് വാങ്ങുമ്പോള്‍ ഇടനിലക്കാരാകുന്നവര് തട്ടിയെടുക്കുന്ന വന്‍ കോഴ ഇന്ത്യന്‍ സേനയുടെ ശാപമായി തുടരുകയാണ്.
രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നടന്ന ബോഫോഴ്സ് ആയുധ ഇടപാടില്‍ നടന്ന വന്‍കോഴ സോണിയാ ഗാന്ധിയുടെ കുടുംബത്തിന്റെ പടിവാതില്‍വരെ എത്തിയിരുന്നു. അതില്‍ ഇടനിലക്കാരനായിരുന്ന ഇറ്റാലിയന്‍ വ്യവസായി ഇന്ത്യയില്‍നിന്നും ആരുമറിയാതെ രക്ഷപ്പെട്ടതും അയാള്‍ അര്‍ജന്റീനയില്‍ പിടിയിലായപ്പോള്‍ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം പാളിയതും അതില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ വഹിച്ച പങ്കും എല്ലാം നാം കണ്ടതാണ്. ബോഫോഴ്സ് സംഭവത്തിനുശേഷവും പല ആയുധ, വാഹന, വിമാന ഇടപാടുകളില്‍ ഇടനിലക്കാര്‍ ലാഭം കൊയ്യുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ട്.
അതോടൊപ്പം ഇന്ത്യന്‍ പ്രതിരോധം ദുര്‍ബലമാണെന്ന വാര്‍ത്ത പരന്നതും ആഘാതമായി. ജനറല്‍ വി.കെ. സിംഗ് അനഭിമതനായത് അദ്ദേഹം ആയുധ ഇടപാടുകളിലെ അഴിമതി നീക്കി പ്രതിരോധരംഗം സംശുദ്ധമാക്കാന്‍ ശ്രമിച്ചതിനാലാണെന്ന നിഗമനങ്ങള്‍ നിലവിലുണ്ട്. വിശുദ്ധന്റെ പ്രതിഛായ പേറുന്ന പ്രതിരോധമന്ത്രി എ.കെ. ആന്റണി വി.കെ. സിംഗുമായി സഹകരിച്ച് ഈ ഇടപാടുകളെപ്പറ്റിയും ആരോപണങ്ങളെപ്പറ്റിയും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കില്‍ അത് പ്രതിരോധ മേഖലയെ ശുദ്ധീകരിക്കുക മാത്രമല്ല, സ്വന്തം പ്രതിഛായക്ക് തിളക്കമേറ്റുകയും ചെയ്യുമായിരുന്നു. പക്ഷെ ആന്റണി സ്വതന്ത്ര തീരുമാനമെടുക്കാന്‍ ഇഛാശക്തിയില്ലാത്ത നേതാവായത് ഇന്ത്യയുടെ ദൗര്‍ഭാഗ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: