രണ്ടായിരത്തിരണ്ടിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നിരവധി പേര് മരിക്കാനിടയായ ഗുല്‍ബര്‍ഗ സൊസൈറ്റി സംഭവത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും മറ്റ് 57 പേര്‍ക്കുമെതിരെ തെളിവുകളൊന്നുമില്ലെന്ന് സുപ്രീംകോടതിതന്നെ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത് നരേന്ദ്ര മോഡിക്ക് മാത്രമല്ല, ഗുജറാത്ത് വികസനമാതൃക രാജ്യവ്യാപകമാകണമെന്നാഗ്രഹിക്കുന്ന എല്ലാവര്ക്കും ആശ്വാസമേകുന്നു. പ്രത്യേകിച്ച് ഈ വര്‍ഷമവസാനം ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍. ഗുല്‍ബര്‍ഗ സംഭവത്തില്‍ കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയടക്കം 66 പേര് കൊല്ലപ്പെട്ട 62 പേര് കുറ്റക്കാരാണെന്നാരോപിച്ച് ജാഫ്രിയുടെ ഭാര്യ സാകിയ നല്കിയ പരാതിയിലാണ് എസ്ഐടി അന്വേഷണം നടത്തിയത്.
എസ്ഐടിയുടെ റിപ്പോര്‍ട്ടില്‍ അന്വേഷണ നടപടി അവസാനിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. റിപ്പോര്‍ട്ട് അംഗീകരിച്ച വിചാരണക്കോടതിയുടെ വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാണിച്ച കാര്യം എസ്ഐടിയെ നിയോഗിച്ചത് ഗുജറാത്ത് സര്‍ക്കാരല്ല മറിച്ച് സുപ്രീംകോടതിയാണെന്ന കാതലായ വസ്തുതയാണ്. 40,000 പേജുകളടങ്ങുന്ന എസ്ഐടി റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് മോഡിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്. രണ്ട് സീനിയര്‍ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ ഡിപ്പാര്‍ട്ടുമെന്റ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ഇതോടെ പത്ത് വര്‍ഷമായി രാജ്യത്തിനകത്ത് മാത്രമല്ല രാജ്യാന്തരതലത്തിലും നടന്നുവന്നിരുന്ന അപവാദ പ്രചാരണത്തിന് തിരശീല വീഴുകയാണ്. 10 വര്‍ഷമായി ഗുജറാത്തില്‍ യാതൊരുവിധ വര്‍ഗീയ കലാപങ്ങളും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല ഗുജറാത്തിന്റെ വികസന മാതൃക അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചാവിഷയവുമാണ്. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നരേന്ദ്ര മോഡിയെ വേട്ടയാടിയവര്‍ 1984 ല്‍ ഇന്ദിരാഗാന്ധി അംഗരക്ഷകരാല്‍ കൊല്ലപ്പെട്ടശേഷം ദല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ എത്രയോ പേര് കൊല്ലപ്പെട്ടെങ്കിലും ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെട്ടില്ല എന്ന വസ്തുത തീര്‍ത്തും അവഗണിച്ചിരുന്നു. എന്നാല്‍ ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസ് തടഞ്ഞിട്ട് 59 രാമഭക്തരെ ചുട്ടുകൊന്നതിനെത്തുടര്‍ന്ന് ഗുജറാത്തില്‍ നടന്ന കലാപത്തിന് അന്താരാഷ്ട്ര തലത്തിലെത്തിക്കാന്‍ ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ കിണഞ്ഞു ശ്രമിച്ചു. സിബിഐ മുന്‍ ഡയറക്ടര്‍ കെ.ആര്. രാഘവന്റെ നേതൃത്വത്തില്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടാണിത്. 2002 ല്‍ ഗുല്‍ബര്‍ഗ സംഭവത്തില്‍ നരേന്ദ്ര മോഡിയുടെ പങ്കിനെക്കുറിച്ചാണ് സുപ്രീംകോടതി നിയോഗിച്ച സംഘം അന്വേഷണം കേന്ദ്രീകരിച്ചത്.
ഇതോടൊപ്പം ഗുജറാത്തിലെ ഓഡ് എന്ന സ്ഥലത്ത് നിരവധിപേര്‍ കൊല്ലപ്പെട്ട കേസില്‍ മജിസ്ട്രേറ്റ് കോടതി 23 പേര് കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 23 പേരെ വെറുതെവിടുകയും ചെയ്തു. ഇതാദ്യമായാണ് ഒരു വര്‍ഗീയ കലാപക്കേസില്‍ ആരെങ്കിലും കുറ്റവാളികളാകുന്നത്. ഇന്ദിരാഗാന്ധി വധക്കേസ് കഴിഞ്ഞുണ്ടായ കലാപത്തില്‍ ഒരാളെപ്പോലും കുറ്റക്കാരായി കണ്ടില്ല എന്ന പശ്ചാത്തലത്തില്‍ ഇത് ശ്രദ്ധേയമാണ്. എസ്ഐടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നരേന്ദ്ര മോഡിക്ക് ലഭിച്ച ക്ലീന്‍ ചിറ്റ്, ഭാവി വികസന അജണ്ടക്ക് രൂപം നല്കാന് പ്രചോദനമാകും. നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായി ഒതുങ്ങരുതെന്നും ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകണമെന്നുമുള്ള ബിജെപി പ്രവര്‍ത്തകരുടെ ആഗ്രഹ സാഫല്യത്തിനും ഈ വിധി വഴിയൊരുക്കിയേക്കാം. 2008 ലാണ് ആര്.കെ. രാഘവന് അധ്യക്ഷനായ അഞ്ചംഗ അന്വേഷണസംഘത്തെ സുപ്രീംകോടതി നിയോഗിച്ചത്. ഫെബ്രുവരി 28 നാണ് സംഘം അന്തിമറിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: