ഭുവനേശ്വര്‍: തട്ടികൊണ്ട്പോയ ഇറ്റാലിയന്‍ സഞ്ചാരിയെ വിട്ടയക്കാന്‍ തയ്യാറാണെന്ന് മാവോയിസ്റ്റുകള്‍ അറിയിച്ചു. മാവോ നേതാവ് സഭ്യസാചി പാണ്ഡെ പുറത്ത് വിട്ട ടേപ്പിലാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത്വിട്ടത്.
പാണ്ഡയുടെ ഭാര്യ ശുഭശ്രീ പാണ്ഡയെ കഴിഞ്ഞ ദിവസം ഏറ്റുമുട്ടല്‍ കേസില്‍ കോടതി വെറുതെ വിട്ടിരുന്നു. റായഗഡ ജില്ലയിലെ കലിംഗ വനത്തില്‍ സുരക്ഷാഭടന്മാരും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസിലാണ് ശുഭശ്രീയെ ജയിലിലടച്ചത്. തെളിവുകളില്ലെന്ന കാരണം പറഞ്ഞാണ് ഗുണുപുര്‍ അതിവേഗകോടതി അവരെ വിട്ടയച്ചത്.
ശുഭശ്രീയെ വിട്ടയച്ചാല്‍ ഇറ്റാലിയന്‍ വിനോദ സഞ്ചാരി പൗലോ ബോസ്കോയെ വെറുതെ വിടാമെന്നായിരുന്നു ഒഡീഷ സര്‍ക്കാരും മാവോ നേതാക്കളും തമ്മിലുണ്ടാക്കിയ കരാര്‍. ഒഡിഷ സര്‍ക്കാരും മധ്യസ്ഥരും നടത്തിയ സംയുക്ത പ്രസ്താവനയുടെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചുവെന്നും മാവോയിസ്റ്റുകള്‍ പുറത്തുവിട്ട പുതിയ വീഡിയോ ടേപ്പില്‍ പറയുന്നു.
ഇറ്റാലിയന്‍ സഞ്ചാരി പൗലോ ബോസ്കോ തന്നെ തന്റെ മോചനത്തിന് മുമ്പ് ഒരു ദളിത് യുവതിയെ വിട്ടയക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി പാണ്ഡെ അറിയിച്ചു. ബന്ദിയുടെ മോചനവുമായി ബന്ധപ്പെട്ട് തടവുകാരെ എത്രയും പെട്ടെന്ന് വിട്ടയക്കാന്‍ മാവോ നേതാവ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: