കേരളത്തില്‍ ഇന്ന് ഏറ്റവും സജീവ ചര്‍ച്ചാ വിഷയം മുസ്ലീംലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനമാണ്. 20 അംഗങ്ങളുള്ള മുസ്ലീംലീഗ് നിയമസഭയില്‍ രണ്ടാം കക്ഷിയാണ്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ജനായത്ത ഭരണമല്ല മതായത്ത ഭരണമാണ് നടക്കുന്നതെന്ന ധാരണ ശക്തിപ്പെടുകയാണ്. ഞാന്‍ മുസ്ലീം വിരോധിയല്ല. പക്ഷെ ജനാധിപത്യത്തില്‍ ചില നിയമങ്ങളും മര്യാദകളുമുണ്ട്. ഭരണഘടനാ വ്യവസ്ഥയനുസരിച്ച് മുഖ്യമന്ത്രിയാണ് മന്ത്രിമാരുടെ പേരും വകുപ്പുകളും മറ്റും നിര്‍ദ്ദേശിക്കേണ്ടത്. ഒരു പ്രാദേശിക കക്ഷി സ്വന്തം മസില്പവറില് തങ്ങള്‍ക്ക് വേണ്ട മന്ത്രിസ്ഥാനങ്ങള്‍ നിര്‍ബന്ധപൂര്‍വം വാങ്ങുക മാത്രമല്ല, മന്ത്രിയുടെ വകുപ്പു പ്രഖ്യാപിക്കുകപോലും ചെയ്യുന്നു, അതും ഒരു മതനേതാവ്! ലീഗിന്റെ മന്ത്രി എന്നാണ് വിശേഷണം. അതായത് കേരളത്തിന്റെ മന്ത്രിമാരല്ല ആരും. മുസ്ലീം സമുദായത്തിന്റെ, ക്രിസ്ത്യന്‍ സമുദായത്തിന്റെ, നായര്‍-ഈഴവ സമുദായങ്ങളുടെ മന്ത്രിമാര്‍! ഇങ്ങനെയൊരു വിഭാഗീയതയാണ് കേരളത്തില്‍ എന്നോര്‍ക്കുമ്പോള്‍ മനുഷ്യത്വം എന്ന മതം എന്ന് ജനിയ്ക്കുമെന്ന് ഞാന്‍ വിചാരിക്കാറുണ്ട്.
നായര്‍ പ്രാതിനിധ്യത്തെപ്പറ്റി പറഞ്ഞപ്പോള്‍ നായന്മാര് വെറും 11 ശതമാനമാണെന്നും ക്രിസ്ത്യാനികള്‍ 12 ശതമാനമാണെന്നും ഈഴവര്‍ 36 ശതമാനമാണെന്നും മുസ്ലീങ്ങള്‍ 27 ശതമാനമാണെന്നുമുള്ള കണക്കുകള്‍ നിരന്നു. രാജ്യം ഭരിക്കേണ്ടത് അതിനുള്ള കഴിവും അറിവും യോഗ്യതയും ജനസമ്മതിയും ഉള്ളവരല്ലേ? ഒരു സമുദായത്തില്‍ ജനിച്ചു എന്നതുകൊണ്ട് മാത്രം ഭരിക്കാനുള്ള യോഗ്യതയുണ്ടാകുമോ? പക്ഷെ ഇന്ന് സാക്ഷരരായ മലയാളികളും ജാതി-മത അടിസ്ഥാനത്തില്‍ത്തന്നെ വോട്ട് നല്കുന്നു. പാര്‍ട്ടി ജാതി-മത അടിസ്ഥാനത്തില്‍ രൂപപ്പെടുന്നു. ഗണേഷ് കുമാര്‍ ബാലകൃഷ്ണപിള്ളയുടെ കണ്ണില്‍ അയോഗ്യനാകുന്നത് പാര്‍ട്ടിയ്ക്ക് ഭരിക്കാന്‍ തന്റെ വകുപ്പുകള്‍ വിട്ടുകൊടുക്കാത്തതുകൊണ്ടാണല്ലോ.
ഇപ്പോള്‍ 20 അംഗ മന്ത്രിസഭയും മന്ത്രി പദവിയുടെ ശമ്പളത്തോടുകൂടിയ ചീഫ് വിപ്പുമാണ് കേരളത്തിലുള്ളത്. യഥാര്‍ത്ഥത്തില്‍ ഭരണഘടനയനുസരിച്ച് നിയസഭാംഗങ്ങളുടെ 15 ശതമാനത്തില്‍ കൂടുതല്‍ മന്ത്രിമാര്‍ പാടില്ല. നാഗാലാന്റില്‍ സഭാംഗങ്ങളുടെ പകുതിയും മന്ത്രിമാരായപ്പോള്‍ കൊണ്ടുവന്ന ഈ ഭേദഗതി പുസ്തകത്തില്‍ വിശ്രമിക്കുമ്പോള്‍ മുന്നണി കീഴ്വഴക്കപ്രകാരം എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രി എന്ന സ്ഥിതിയിലേക്ക് ജനായത്ത ഭരണരീതി മാറി. ഭരണം നിലനിര്‍ത്താന്‍ എന്ത് ഒത്തുതീര്‍പ്പുകള്‍ക്കും തയ്യാറാകുന്ന കേന്ദ്രവും സംസ്ഥാനങ്ങളുമാണ് ഇന്ത്യയില്‍ എന്ന് പശ്ചിമബംഗാളിലെ മമതാ ബാനര്‍ജി പലകുറി തെളിയിച്ചതാണ്. ഇപ്പോള്‍ ന്യൂനപക്ഷത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം ചോദിക്കുന്നതു തന്നെ തെറ്റായ നടപടിയല്ല, മറിച്ച് ശാക്തീകരണത്തിന്റെ പ്രകടനമാണല്ലൊ. കേരളത്തിലിന്ന് ന്യൂനപക്ഷങ്ങളാണ് സമ്പന്ന വിഭാഗം. ദളിത് വിഭാഗം മാത്രമാണ് ദുര്‍ബലര്‍ എന്നു പറയാവുന്നവര്‍. മുസ്ലീം സമുദായത്തിന് ഇത്ര മന്ത്രിമാര്‍ എന്ന് വാശിപിടിക്കുമ്പോള്‍ മുസ്ലീം താല്‍പ്പര്യ സംരക്ഷണം മാത്രമാണോ അജണ്ട? എല്ലാ ജനവിഭാഗങ്ങളുടെയും താല്‍പ്പര്യം ഏത് സമുദായത്തില്‍പ്പെട്ട മന്ത്രിമാരായാലും സംരക്ഷിക്കേണ്ടതല്ലെ? സത്യപ്രതിജ്ഞയില്‍ ചൊല്ലുന്ന വാചകം ഭരണഘടനയോടുള്ള വിശ്വസ്തതയും ഇന്ത്യയുടെ ഐക്യത്തോടുള്ള പ്രതിബദ്ധതയും ആണ്. ഒപ്പം മന്ത്രി എന്ന നിലയില്‍ തന്റെ കടമകള്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടി പ്രത്യേകം പരിഗണനയോ പക്ഷപാതമോ വിദ്വേഷമോ ഇല്ലാതെ നിര്‍വഹിക്കും എന്നാണ് പ്രതിജ്ഞയെടുക്കുന്നത്. മുസ്ലീം മന്ത്രി എന്ന് ഊന്നിപ്പറയുന്ന മന്ത്രി മുസ്ലീം ജനവിഭാഗ താല്‍പ്പര്യ സംരക്ഷണത്തിന് മാത്രമാണോ? മുസ്ലീം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് മറ്റ് മന്ത്രിമാരുടെയും കടമയില്പ്പെടുകയില്ലേ?
മന്ത്രിസഭാ രൂപീകരണം, സത്യപ്രതിജ്ഞ മുതലായ വിഷയങ്ങള്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. നെയ്യാറ്റിന്‍കരയില്‍ നാടാര്‍ സമുദായം ശെല്‍വരാജിനോട് കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കരുതെന്നും കോണ്‍ഗ്രസ് ചതിയന്മാരാണെന്നും പറഞ്ഞിരിക്കുകയാണ്. നാടാര്‍ സമുദായത്തിന് മന്ത്രിസഭാംഗത്വം ലഭിക്കാത്തതിന്റെ അമര്‍ഷമാണിത്. എത്ര അനുകരണീയമല്ലാത്ത ഒരു കീഴ്വഴക്കമാണ് മതത്തിന്റെ പേരില്‍ മന്ത്രിസഭാംഗത്വത്തിന് വാശിപിടിച്ച് കേരളം സൃഷ്ടിച്ചിരിക്കുന്നത്? മലയാളികള്‍ മലയാളികളാകുന്നത് മറുനാട്ടില്‍ മാത്രമാണ്. കേരളത്തില്‍ നമ്മള് നായരും ഈഴവനും ക്രിസ്ത്യാനിയും മുസ്ലീമും ദളിതും അതിലെ വിഭിന്ന വിഭാഗങ്ങളില്‍പ്പെടുന്നവരുമാണ്. മതത്തിന്റെയോ സമുദായത്തിന്റെയോ പിന്‍ബലമില്ലാതെ ഇവിടെ മത്സരിച്ച് ജയിക്കാം എന്നാരും കരുതേണ്ടതില്ല! മതത്തിന്റെ പേരുപറഞ്ഞ് വോട്ട് പിടിക്കരുതെന്ന് ഭരണഘടന അനുശാസിക്കുമ്പോഴും സാമുദായിക പ്രാതിനിധ്യം നോക്കി മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം. എറണാകുളം എക്കാലത്തും ലത്തീന്‍ കത്തോലിക്കാ മണ്ഡലമായിരിക്കുന്നതുപോലെ.
മലപ്പുറത്തുനിന്നാണ് എം.കെ. മുനീറൊഴികെ ലീഗിലെ മന്ത്രിമാര്‍ എല്ലാം. അതിന് കാരണം അവിടെ ജനസംഖ്യ വര്‍ധിച്ചതിനാലാണ്. രണ്ട് കുട്ടി തത്വം അംഗീകരിക്കപ്പെടാത്ത ഏക സമുദായം മുസ്ലീം സമുദായമായതിനാല്‍ അവരുടെ ജനസംഖ്യ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് കത്തോലിക്കാ സഭ വിശ്വാസികളോട് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്കാന് നിര്‍ദ്ദേശിച്ചതും മൂന്ന് കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സമ്മാനവും മറ്റും വാഗ്ദാനം ചെയ്തതും. ജനസംഖ്യ പൊതുവെ താഴുന്ന സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭ പറയുന്നത് 2.2 എന്ന നിരക്കില്‍ കുട്ടികള്‍ ജനിക്കണമെന്നാണ്. മക്കളില്ലാത്ത ദമ്പതികള്‍ വര്‍ധിക്കുന്നതും കേരളത്തിലാണ്. 2001 ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തെ ജനസംഖ്യാ വര്‍ധന 9.4 ശതമാനമായിരുന്നെങ്കില്‍ 2011 ല്‍ അത് 4.9 ശതമാനമായി കുറഞ്ഞു. എന്നാല്‍ ഈ കുറവ് മതന്യൂനപക്ഷങ്ങള്‍ക്ക് ബാധകമല്ലെന്നതാണ് വസ്തുത. കേരളത്തില്‍ 1998-2008 കാലഘട്ടത്തില്‍ 55770 കുട്ടികളുടെ കുറവുണ്ടായത്രേ. ഇന്ത്യയില്‍ത്തന്നെ ജനസംഖ്യാ നിരക്ക് 21.54 ല്‍നിന്ന് 17.64 ശതമാനം ആയി കുറഞ്ഞു. ഇതിനെല്ലാം പുറമെ ആയുര്‍ദൈര്‍ഘ്യം കൂടിയ കേരളത്തില്‍ വൃദ്ധരും വര്‍ധിക്കുകയാണ്. കേരളത്തിലെ ജനനനിരക്ക് ഇപ്പോള്‍ 1.7 ശതമാനമാണ്.
മതാടിസ്ഥാനത്തില്‍ മാനസികമായി വിഭജിച്ചുനില്‍ക്കുന്ന കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്കാണ് നടക്കുന്നത്. നാഷണല്‍ സാമ്പിള്‍ സര്‍വേ കണക്ക് പ്രകാരം കേരളത്തില്‍ 13 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ നിര്‍മാണ മേഖലയില്‍ മാത്രമല്ല മറ്റ് മേഖലകളിലും വ്യാപിച്ചുകഴിഞ്ഞു. പുറമ്പോക്കിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവര്‍. വെള്ളക്കോളര്‍ സംസ്കാരം നിലനില്‍ക്കുന്ന കേരളത്തില്‍ യുവാക്കള്‍ ജോലി തേടി മറുനാട്ടിലേക്ക് പ്രവഹിക്കുമ്പോള്‍ ഇവര്‍ കേരളത്തിലേക്കൊഴുകുന്നു.
ഇവരുടെ ജനസംഖ്യ ഇനിയും വര്‍ധിക്കും. ഇവര്‍ ഇവിടെനിന്നും വിവാഹം കഴിച്ച് കുടിയേറിപ്പാര്ക്കുമ്പോള് കേരളത്തില്‍ മറ്റൊരു സങ്കരവര്ഗംകൂടി രൂപപ്പെടുകയാണ്. തെരഞ്ഞെടുപ്പുകളില്‍ പ്രാതിനിധ്യമില്ലാത്ത ഈ മറുനാട്ടുകാര്‍ കാലക്രമേണ കേരളത്തിന്റെ ജനസംഖ്യയുടെ ഭാഗമാകും. മാര്‍ത്താണ്ഡവര്‍മ്മ രാജ്യം ഭരിച്ചിരുന്ന കാലത്ത് ദളവയായിരുന്ന രാമയ്യന് കുടിയേറ്റിപ്പാര്പ്പിച്ചവരാണത്രെ കേരളത്തിലെ പട്ടര്‍മാര്‍ അല്ലെങ്കില്‍ അയ്യര്‍ വിഭാഗക്കാര്‍. അന്യസംസ്ഥാനക്കാര്‍ക്ക് കേരളത്തിലെ ഇപ്പോഴത്തെ സാമുദായിക-രാഷ്ട്രീയ സാഹചര്യത്തില്‍ എവിടെ ഇടം ലഭിക്കും?
നോട്ടിന് വോട്ട് എന്ന പാരമ്പര്യം ഉടലെടുത്തതും കേരളത്തിലാണെന്ന് 1964 ല്‍ ആനി തയ്യില്‍ രാജിവെക്കേണ്ട സാഹചര്യം വിവരിച്ച് ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്ന് സാലേ മുഹമ്മദ് ഇബ്രാഹിം സേട്ടിന് വേണ്ടിയായിരുന്നു നോട്ടൊഴുക്ക്. രാഷ്ട്രീയപ്രവേശനവും മന്ത്രിസഭാംഗത്വവും മോഹിച്ച് പ്രവാസിയായ മഞ്ഞളാംകുഴി അലി ലക്ഷങ്ങള്‍ ആദ്യം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും അത് ഫലപ്രദമാകാതെ വന്നപ്പോള്‍ കക്ഷിമാറി ഇപ്പോള്‍ മുസ്ലീം ലീഗിനും നല്കി എന്നാണ് പിന്നാമ്പുറ കഥ. നോട്ടിന് വോട്ട്, പദവിക്ക് കോഴ. ഒന്നും കേരളത്തിന് പുതുമയല്ല.
ഇങ്ങനെ സാംസ്കാരിക-രാഷ്ട്രീയ അപച്യുതി നേരിടുന്ന കേരളത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ കാറ്റില്‍പറന്ന് അപ്രത്യക്ഷമാകുമ്പോള്‍ ‘ജാതി വേണ്ട മതം വേണ്ട’ എന്ന ഏകസ്വരം ഉയരുന്നത് ഗാനഗന്ധര്വന് യേശുദാസ് ജനങ്ങളോട് സംവദിക്കുന്ന അവസരങ്ങളില്‍ മാത്രമല്ലേ?
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: