സിപിഎമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ സമാപ്തിയോടെ ഒരു അധ്യായത്തിന് തിരശ്ശീല വീണ സംതൃപ്തി ആ പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം പേര്‍ക്കും ഉണ്ടാവും. കാരണം കാലങ്ങളായി പാര്‍ട്ടിക്കകത്ത് പുകഞ്ഞു കത്തിക്കൊണ്ടിരുന്ന ഒരു കൊള്ളിയുടെ മേല്‍ നന്നായി വെള്ളമൊഴിക്കാന്‍ കഴിഞ്ഞു എന്നതുതന്നെ കാര്യം. ഇതിനെക്കുറിച്ച് ഒരു വിദൂര സൂചനപോലും നല്‍കാതെ സ്ഥിതിഗതികള്‍ തനി പാര്‍ട്ടി അച്ചടക്കത്തോടെ നടത്തിയിരിക്കുകയാണ്. മറ്റാര്‍ക്കും ലഭിക്കാത്ത സംതൃപ്തിയാണ് നേതൃനിരയിലെ മുക്കാല്‍ പങ്കിനുമുള്ളത്.
സിപിഎം ജനറല്‍ സെക്രട്ടറിയായി പ്രകാശ് കാരാട്ട് തന്നെ തെരഞ്ഞെടുക്കപ്പെടുകയും പിബിയുടെ പടിവാതില്ക്കല് കാത്തുകെട്ടിക്കിടന്ന വി.എസ്. അച്യുതാനന്ദന് തൊഴിച്ചെറിയപ്പെടുകയും ചെയ്തു എന്ന ആഹ്ലാദത്തോടെയാണ് കോഴിക്കോട്ടുനിന്ന് നേതൃനിരയും അണികളും തിരിച്ചുപോയിരിക്കുന്നത്.
ഔദ്യോഗിപക്ഷമെന്നും അല്ലാത്തതെന്നുമുള്ള ചേരിതിരിവൊന്നും പാര്ട്ടിക്കുള്ളിലില്ലെന്ന് നെഞ്ചത്ത് കൈവെച്ച് പറയുമ്പോഴും ഉള്ളില്‍ വിവിധ പക്ഷങ്ങളുടെ തിളച്ചുമറിയല്‍ തന്നെയാണ് നേതാക്കള്‍ക്കുണ്ടായിരുന്നത്. അണികളില്‍ ബഹുഭൂരിപക്ഷത്തിനും ഇതിനെക്കുറിച്ചറിയാമായിരുന്നു. പക്ഷേ, പ്രകടമായി അതൊക്കെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അവര്‍ക്കാവുമായിരുന്നില്ല. അഥവാ അങ്ങനെ കൊണ്ടുവരികയാണെങ്കില്ത്തന്നെ അത്തരക്കാരെ പാര്‍ട്ടി വെച്ചുപൊറുപ്പിക്കുകയുമില്ല.
അച്യുതാനന്ദന് എന്ന സഖാവിന്റെ നിലപാടുകളും ഇടപാടുകളും എന്തായിരുന്നു എന്നതിനെക്കുറിച്ചാവും ഇനിയുള്ള കാലത്ത് ചര്‍ച്ചകളും വിശകലനങ്ങളും. ഒരു കേഡര്‍പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അവരുടെ ആത്യന്തികമായ നിലപാടുകള്ക്കരുനില്ക്കാത്ത ആരും ആ പാര്‍ട്ടിയില്‍ നിലനില്‍ക്കില്ല.
അതുകൊണ്ടുതന്നെയാണല്ലോ കേഡര്‍പാര്‍ട്ടി എന്നു പറയുന്നതും. കേഡര്‍ പാര്‍ട്ടിയുടെ ജനാധിപത്യവും യഥാര്‍ത്ഥ ജനാധിപത്യവും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്ന തിരിച്ചറിവാണുണ്ടാവേണ്ടത്. ആ തിരിച്ചറിവ് വന്നുവെങ്കില്‍ അച്യുതാനന്ദന്റെ പിബി പ്രവേശ നിഷേധം അത്രവലിയ വൈകാരിക ഇളക്കമൊന്നും ഉണ്ടാക്കില്ല.
പാര്‍ട്ടിയെ പലപ്പോഴും കുഴപ്പത്തില്‍ ചാടിക്കാനും അനാവശ്യ ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കാനും അച്യുതാനന്ദന് ശ്രമിച്ചിട്ടുണ്ട് എന്നത് വസ്തുത തന്നെയാണ്. അതൊക്കെ വകവെച്ചു കൊടുക്കണം എന്ന ന്യായമാണ് പറയാനുള്ളതെങ്കില്‍ ഇത്തരമൊരു പാര്‍ട്ടിയുടെ അസ്തിത്വം തന്നെയാണ് തകരുന്നത്. ജനാഭിമുഖ്യമുള്ള ഒട്ടേറെ നീക്കങ്ങളും നിലപാടുകളും അച്യുതാനന്ദന് കൈക്കൊണ്ടിട്ടുണ്ട് എന്നത് ശരിയാണ്. അത് പക്ഷേ, പാര്‍ട്ടിയെ ജനാഭിമുഖ്യമുള്ളതാക്കാനായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. പാര്‍ട്ടിയെക്കാള്‍ മുകളിലാണ് താനെന്ന് ആക്ഷേപിക്കപ്പെടാന്‍ അദ്ദേഹം അവസരം നല്‍കുകയായിരുന്നു എന്നുപറഞ്ഞാല്‍ അത് തെറ്റാവില്ല.
നേരത്തെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഏറ്റെടുത്ത വിഎസ് ഉയര്‍ത്തിവിട്ട രാഷ്ട്രീയ അന്തരീക്ഷത്തിലേക്ക് ജനങ്ങള്‍ ഉണര്‍ന്നെങ്കിലും എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് അടുപ്പമുള്ളവര്‍ പോലും പറയില്ല. വാര്‍ത്താകേന്ദ്രങ്ങളുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കാന്‍പോന്ന മെയ്വഴക്കമായിരുന്നു അദ്ദേഹത്തിന്റേത്. ഒരുവിധപ്പെട്ടവരൊക്കെ അത് ആത്മാര്‍ത്ഥമാണെന്ന് ധരിച്ചുവശായി എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു വശത്ത് പാര്‍ട്ടിയുടെ ധാര്‍ഷ്ട്യ സമീപനത്തെ എതിര്‍ക്കുന്നു എന്ന് വരുത്തുകയും അതുവഴി സ്വന്തം അജണ്ടകള്‍ നടപ്പാക്കാന്‍ കുറുക്കുവഴികള്‍ തേടുകയുമായിരുന്നു അദ്ദേഹം.
വലിയവായില്‍ വിളിച്ചു പറയുന്നതൊക്കെ സൗകര്യപൂര്‍വ്വം വിഴുങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം. ഒരുതരത്തില്‍ വിഎസ് കെട്ടിപ്പൊക്കിക്കൊണ്ടുവന്ന വികാരസൗധം തെരഞ്ഞെടുപ്പുവേളയില്‍ പാര്‍ട്ടിക്ക് സൗകര്യമായി എന്നുവേണം പറയാന്‍. ആ സൗകര്യം ഉപയോഗപ്പെടുത്തി പാര്‍ട്ടിക്ക് ഭരണത്തിലേറാനുമായി. തന്റെ നിലപാടുകളുടെ ബലത്തില്‍ കൈവന്ന അധികാരം സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള അവസരമായി അദ്ദേഹം മാറ്റുകയായിരുന്നു. സാമാന്യബോധമുള്ള ആര്‍ക്കും അറിയാവുന്ന വസ്തുതയാണിത്. ഒടുവില്‍ അനിവാര്യമായ പതനത്തിന്റെ വക്കത്ത് അദ്ദേഹം എത്തിനില്ക്കുമ്പോള് സമാശ്വാസമായി ആരും എത്താത്തതിന്റെ കാരണവും മറ്റൊന്നല്ല.
പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ അവസാനം പൊതുസമ്മേളനത്തിലും മറ്റും പങ്കെടുക്കാതെ അദ്ദേഹം പെട്ടെന്നുതന്നെ തിരുവനന്തപുരത്തേക്ക് തിരിക്കാന്‍ കാരണം മനോവിഷമം കൊണ്ടുതന്നെ. അറംപറ്റുക എന്ന് പറയാറുള്ളതുപോലെ അച്യുതാനന്ദനും സംഭവിച്ചു. താന്‍ ആര്‍ക്കെതിരെ കറിവേപ്പില പ്രയോഗം നടത്തിയോ അത് തനിക്കുതന്നെ വിനയായി വന്നുഭവിച്ചുവെന്ന് സമാധാനിക്കുകയേ നിവൃത്തിയുള്ളൂ. ക്യാപ്പിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന യുവസമൂഹത്തിന്റെ ഇച്ഛക്കൊത്ത് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം പെരുമാറുകയായിരുന്നോ എന്ന സംശയമാണ് ഉള്ളത്.
ഏഴ് പതിറ്റാണ്ടുകാലം പാര്‍ട്ടിയെ സ്വന്തം ജീവനായി കരുതി സ്നേഹിച്ച സഖാവിനെ ഒരു തുള്ളി ചോര പൊടിയാതെ പാര്‍ട്ടിയുടെ ശരീരത്തില്‍നിന്ന് അടര്‍ത്തി മാറ്റി പാര്ട്ടിക്കളത്തില്ത്തന്നെ കളിക്കാന്‍ വിട്ട നേതൃത്വം അണികള്‍ക്കും നല്കുന്ന സന്ദേശം അത്ര സുഖമുള്ളതല്ല. എത്രകാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു എന്നതല്ല കാര്യം, പാര്‍ട്ടിയുടെ നയപരിപാടികളും അച്ചടക്കവും എത്രമാത്രം ഉള്‍ക്കൊണ്ട് ജനസമക്ഷം പെരുമാറി എന്നതാണ്. സ്റ്റാലിനിസത്തിന്റെ ചൂര് പോകാത്ത ചോരയോടുന്ന പാര്‍ട്ടിയില്‍ നിന്ന് ഇതല്ലാതെ മേറ്റ്ന്ത് പ്രതീക്ഷിക്കാനാണ്. 2007 മെയ് മാസത്തില്‍ വിഎസ്സിനെയും പിണറായിയേയും പിബിയില്‍നിന്ന് സസ്പെന്റ് ചെയ്തപ്പോള്‍ വിഎസ് പ്രതികരിച്ചത് ശ്രദ്ധേയമായിരുന്നു. “ഞങ്ങള്‍ രണ്ടുപേരെയും ശിക്ഷിച്ചപ്പോള്‍ പാര്‍ട്ടിയുടെ അന്തസ്സ് വര്‍ധിച്ചു” എന്നായിരുന്നു അത്. അതില്‍ ഒരാള്‍ പിബിയില്‍ കയറുകയും പ്രതികരിച്ചയാള്‍ ചവിട്ടിപ്പുറത്താക്കപ്പെടുകയും ചെയ്തിരിക്കുന്ന അവസ്ഥയില്‍ വിഎസ്സിന് തോന്നുന്നതെന്താവാം? പാര്‍ട്ടിയുടെ അന്തസ്സ് നിലനിര്‍ത്തിയെന്നോ? പ്രവൃത്തിക്ക് കിട്ടിയ ഫലം എന്നോ? പാര്‍ട്ടിയെ സ്നേഹിക്കുന്നുണ്ടെന്ന് പാര്‍ട്ടിക്കു തോന്നുന്ന തരത്തില്‍ പെരുമാറാത്തതിന്റെ ശിക്ഷയെന്നോ? സ്യൂഡോ കമ്മ്യൂണിസ്റ്റുകാരനായി ചിത്രീകരിക്കപ്പെട്ടുവെന്നോ? ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങളുമായി നാടുമുഴുവന്‍ അലയുമ്പോള്‍ ത്യാഗത്തിന്റെ കനല്‍പഥങ്ങളിലൂടെ നടന്നവന്റെ കമ്മ്യൂണിസ്റ്റ് വ്യാമോഹങ്ങളില്‍ ജനകീയാഭിമുഖ്യം ഉണ്ടായിരുന്നോ എന്ന് ചരിത്രാന്വേഷികള്‍ തിരക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: